തിരുവനന്തപുരം: കേന്ദ്ര പദ്ധതിയായ പിഎം ശ്രീയില്‍ ഒപ്പിട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടഞ്ഞ് സിപിഐ. സിപിഐ മന്ത്രിമാര്‍ മന്തരിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. പിഎം ശ്രീയില്‍ ഒപ്പിട്ട തീരുമാനം തിരുത്തുന്നതുവരെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം.

അന്തിമ തീരുമാനം സംസ്ഥാന എക്‌സിക്യൂട്ടീവില്‍ എടുക്കും. അതേസമയം, പദ്ധതിയില്‍ നിന്ന് കേരളം പിന്മാറില്ലെന്ന നിലപാടില്‍ സിപിഎം ഉറച്ചുനില്‍ക്കുന്നു. സിപിഐയുടെ എതിര്‍പ്പുകള്‍ക്കിടയിലും ഈ വിഷയത്തില്‍ ഒരു നയമാറ്റം ഉണ്ടാകില്ലെന്നും, സിപിഐയുമായി ചര്‍ച്ച നടത്തി ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷമാണ് പാര്‍ട്ടി ഈ നിലപാട് കൂടുതല്‍ കടുപ്പിച്ചത്.

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മില്‍ വരും ദിവസങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പദ്ധതിയില്‍ ഇതിനകം ഒപ്പിട്ട സാഹചര്യത്തില്‍ സര്‍ക്കാരിന് പിന്മാറാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു. ഇതിനെ ഒരു നയം മാറ്റമായി കാണേണ്ടതില്ലെന്നും, മറിച്ച് നയപരമായ ഒരു സര്‍ക്കാര്‍ തീരുമാനമായി മാത്രമേ ഇതിനെ വിലയിരുത്തേണ്ടതുള്ളൂ എന്നും അവര്‍ വിശദീകരിക്കുന്നു. പദ്ധതി സംബന്ധിച്ച എല്ലാ ആശയക്കുഴപ്പങ്ങളും പരിഹരിക്കാന്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകാനാണ് സിപിഎമ്മിന്റെ തീരുമാനം.

സിപിഐയുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നിട്ടും, പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എം വി ഗോവിന്ദന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പദ്ധതിയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനായി സിപിഐയുമായി ചര്‍ച്ച നടത്താനാണ് യോഗത്തില്‍ തീരുമാനമായത്. എന്‍ഡിഎഫ് കണ്‍വീനര്‍, സിപിഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി ഈ മാസം 29-ന് ശേഷം ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മുന്നണി മര്യാദ ലംഘിച്ചുവെന്ന് സിപിഐ കുറ്റപ്പെടുത്തുന്നു. എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത് അംഗീകരിക്കാനാവില്ലെന്നാണ് സിപിഐയിലെ പൊതുവികാരം. ഇത് ഇടത് പാര്‍ട്ടികളുടെ കെട്ടുറപ്പിനെ തകര്‍ക്കുന്ന നടപടിയാണെന്നും അവര്‍ ആരോപിക്കുന്നു. സിപിഎം ദേശീയ നേതൃത്വത്തിനും ഇതുസംബന്ധിച്ച അതൃപ്തി അറിയിക്കാന്‍ സിപിഐ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ സിപിഐയുടെ കടുത്ത നിലപാട് എന്തുതന്നെയായാലും, പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം ലക്ഷ്യമിടുന്നത്.