- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദീപക്കിന് നീതി കിട്ടണം; വീഡിയോ പുറത്തുവന്നതോടെ മകന്‍ ആകെ തകര്‍ന്നിരുന്നുവെന്ന് പിതാവ്; ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിയമ നടപടിക്ക് ബന്ധുക്കള്‍; കണ്ടന്റിനായി ഒരു ജീവന് ഇല്ലാതാക്കിയില്ലേ; അച്ഛനും അമ്മയ്ക്കും തുണയായി ആരുമില്ല; സോഷ്യല്‍ മീഡിയയില്‍ വിവാദം കത്തുന്നു
ദീപക്കിന് നീതി കിട്ടണം; വീഡിയോ പുറത്തുവന്നതോടെ മകന്‍ ആകെ തകര്‍ന്നിരുന്നുവെന്ന് പിതാവ്

കോഴിക്കോട്: ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതിക്കെതിരെ ബന്ധുക്കള്‍ രംഗത്ത്. തിരക്കുള്ള ബസില്‍ വെച്ച് യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയത്. സംഭവത്തില്‍ യുവതിക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ബന്ധുക്കള്‍. ദീപക്കിന് നീതി കിട്ടണം എന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. വീഡിയോ പ്രചരിച്ചപ്പോള്‍ തന്നെ ദീപക് നിയമ നടപടിയെ കുറിച്ച് ആലോചിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
വീഡിയോ പുറത്തുവന്നതോടെ മകന്‍ ആകെ തകര്‍ന്നിരുന്നുവെന്നാണ് ദീപക്കിന്റെ പിതാവ് ചൂണ്ടിക്കാട്ടുന്ന കാര്യം. മദ്യപാന ശീലം പോലുമില്ലാത്ത യുവാവാണ് ദീപകെന്നും ബന്ധുക്കളും സുഹൃത്തുക്കളുെ പറയുന്നു. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചതെന്നും ഇതിനെത്തുടര്‍ന്ന് ദീപക് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ദീപക് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതുപ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാവിലെ ഏഴു മണിയോടെ കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടില്‍.
സാമൂഹിക മാധ്യമങ്ങളിലെ യുവതിയുടെ ആരോപണം ദീപകിനെ മാനസികമായി തകര്‍ത്തെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ദീപക് നിരപരാധിയാണെന്നും ഇക്കാര്യത്തിലുള്ള വിഷമം ഇന്നലെ രാത്രിയിലും പങ്കുവെച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഒരു പ്രശ്‌നത്തിനും പോകാത്തയാളാണ് ദീപക്. യുവതി വീഡിയോ എയര്‍ ചെയ്തതോടെ പോയത് ഒരു ജീവനാണ്. അച്ഛനും അമ്മയ്ക്കും ഇനി ആരുമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. അവരുട് മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് കണ്ടറിയണം എന്ന് നാട്ടുകാര്‍ പറഞ്ഞു.
സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവായ ദീപക്, ഔദ്യോഗിക ആവശ്യത്തിനായി പയ്യന്നൂരില്‍ പോയപ്പോഴാണ് സംഭവം. അതേസമയം മോശമായ രീതില്‍ സ്പര്‍ശിച്ചു എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് യുവതി. ഇക്കാര്യം അന്നുതന്നെ വടകര പൊലീസിനെ അറിയിച്ചതാണെന്നും യുവതി പറഞ്ഞു. അതേസമയം അത്തരത്തില്‍ ഒരു പരാതി ലഭിച്ചിട്ടില്ല എന്നാണ് വടകര പൊലീസ് പറയുന്നത്.
ബസില്‍ തനിക്കെതിരെയുണ്ടായ പെരുമാറ്റം ഗുരുതരമായ മാനസിക സാമൂഹിക പ്രശ്നത്തിന്റെ വിശദീകരണമെന്നാണ് ഷിംജിത വീഡിയോയില്‍ പറയുന്നത്. അറിയാതെ സ്പര്‍ശിക്കുന്നതല്ലെന്നും തെറ്റിദ്ധാരണ അല്ലെന്നുമാണ് ഷിംജിതയുടെ വാദം. ഗുരുതരമായ മാനസിക വൈകല്യവും ലൈംഗിക കുറ്റകൃത്യവുമാണ് ബസില്‍ വച്ചുണ്ടായതെന്ന് ഷിംജിത വീഡിയോയില്‍ പറഞ്ഞു.
കണ്‍സെന്റില്ലാതെ ഒരു മനുഷ്യന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നും കുറ്റാരോപിതന് വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലെന്നും ഷിംജിത പറഞ്ഞു. സമൂഹവും കുടുംബും ഇത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങളെ മനസിലാക്കി തിരുത്തണമെന്നും ഷിംജിത വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.
യുവതിക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസ് എടുക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. നാളെ ബസില്‍ യാത്ര ചെയ്യുന്ന പുരുഷന്മാര്‍ക്ക് നേരെ ഏതെങ്കിലുമൊരു പെണ്‍കുട്ടി വൈറലാകാനായി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കാനാണ് പരാതി നല്‍കിയതെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ദീപകെന്നും കുടുംബത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മിഷന്‍ മെന്‍സ് കമ്മിഷന്റെ ഭാഗത്തു നിന്ന് അടക്കം ദീപകിന്റെ വീട്ടിലേക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ലൈംഗിക അതിക്രമമെന്ന ആരോപണത്തില്‍ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവതിയ്‌ക്കെതിരെ നിരവധി പേര്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് യുവതിക്കെതിരെ ചിലര്‍ പ്രതിഷേധം അറിയിക്കുന്നത്. 'ഒരു മനുഷ്യന്റെ അഭിമാനത്തെ പിച്ചിച്ചീന്തി വൈറലായപ്പോള്‍ സമാധാനമായോ? നിങ്ങളുടെ വ്‌ളോഗിനും റീലിനും വേണ്ടി ബലി നല്‍കാനുള്ളതല്ല മറ്റുള്ളവരുടെ അഭിമാനം. ദീപക്കിന്റെ മരണത്തിന് ഉത്തരവാദി ആ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത കൈകള്‍ തന്നെയാണ്' എന്നാണ് ചിലരുടെ കമന്റ്. ആര്‍ട്ടിഫിഷ്യല്‍ ഇരവാദ ട്രെന്റ് സെറ്ററുടെ ഇരയാണ് ദീപക്. അതിക്രമം എന്നത് അസ്വാദകരമാണെന്ന് തോന്നും വിധം അവതരിപ്പിച്ച്, അത് മില്യന്‍ വീവേഴ്സ് കണ്ടതിന്റെ സുഖവും അനുഭവിച്ച് ഒരു മനുഷ്യനെ മരണത്തിന് നിര്‍ബ്ബന്ധിതനാക്കിയിരിക്കുന്നുവെന്നും മറ്റു ചിലര്‍ അഭിപ്രായം രേഖപ്പെടുത്തി.


