- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധി നിന്ദാ പോസ്റ്റ് വിവാദം: കൊമ്പുകോര്‍ത്ത് കെ ആര്‍ മീരയും ബെന്യാമിനും; ഹിന്ദുമഹാസഭയെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്തത് വിവരമില്ലായ്മ എന്ന് ബെന്യാമിന്‍; ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് ധാരാളം പറയാനുണ്ടെന്ന് മീര; പത്മഭൂഷണ്‍ വേണ്ടി സംഘികള്‍ ആഗ്രഹിക്കുന്ന പോസ്റ്റെന്ന് പൊങ്കാലയിട്ട് കോണ്‍ഗ്രസ് നേതാക്കള്‍
കൊമ്പുകോര്‍ത്ത് ബെന്യാമിനും, കെ ആര്‍ മീരയും
തിരുവനന്തപുരം: രക്തസാക്ഷി ദിനത്തില്‍, കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് എഴുത്തുകാരി കെ എര്‍ മീര ഇട്ട പോസ്റ്റ് വിവാദമായെന്ന് മാത്രമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പൊങ്കാലയിടുകയാണ്. ഗോഡ്്സെയെ ആദരിച്ച് ഹിന്ദുമഹാസഭ എന്ന വാര്‍ത്ത പങ്കുവച്ച് കൊണ്ട് കെ ആര്‍ മീര ഇട്ട പോസ്റ്റാണ് വിവാദമായത്. എഴുത്തുകാരി സുധ മേനോനും, ടി സിദ്ധിക്ക് എം എല്‍ എയും അടക്കമുളളവര്‍ മീരയുടെ പോസ്റ്റിനെ വിമര്‍ശിച്ചതിന് പിന്നാലെ എഴുത്തുകാരന്‍ ബെന്യാമിനും എതിര്‍പ്പുമായി രംഗത്തെത്തി. ഇതോടെ ബെന്യാമിനും മീരയും തമ്മിലായി കൊമ്പുകോര്‍ക്കല്‍.
മീററ്റില്‍ ഗോഡ്‌സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് കെ ആര്‍ മീര ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. മീററ്റിലാണ് നാഥുറാം ഗോഡ്സെയ്ക്ക് ആദരം അര്‍പ്പിച്ചത്. ഗാന്ധിയുടെ ആത്മാവിനെയും ഗാന്ധിസത്തെയും ഇന്ത്യയുടെ മണ്ണില്‍ നിന്ന് തുടച്ചുനീക്കുമെന്ന് യോഗം തീരുമാനമെടുത്തിരുന്നു. ഗാന്ധിയെ രാഷ്ട്രപിതാവാക്കിയ നടപടി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു.ഈ വാര്‍ത്തയുടെ ചുവട് പിടിച്ചാണ് 'ഗാന്ധിജിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല, പിന്നെയാണു ഹിന്ദുസഭ' എന്ന് മീര കുറിച്ചത്.
ബെന്യാമിന്റെ പോസ്റ്റ്:
'കെ.ആര്‍. മീര പറഞ്ഞത് ശുദ്ധ അസംബന്ധം. ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞു കൊണ്ട് എഴുതുന്നതാണ് അപകടം'- ബെന്യാമിന്‍ കുറിച്ചു.
മീരയുടെ മറുപടി ഇങ്ങനെ:
'ബെന്യാമിന്‍ ഉപയോഗിച്ച ഭാഷയില്‍ത്തന്നെ ഞാന്‍ മറുപടി പറയുന്നു: ഗാന്ധിനിന്ദയ്ക്ക് എതിരേ ശക്തമായി പ്രതിഷേധിക്കാന്‍ പോലും ചങ്കുറപ്പില്ലാതെ എന്റെ പോസ്റ്റിനെ ശുദ്ധ അസംബന്ധം എന്നു പറയുന്ന ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് എനിക്കും ധാരാളം പറയാനുണ്ട്. എന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണ്. അന്നും ഇന്നും എന്റെ നിലപാടുകളില്‍നിന്നു ഞാന്‍ അണുവിട മാറിയിട്ടില്ല. ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അപ്പക്കഷ്ണങ്ങള്‍ മോഹിച്ചു പ്രസ്താവന നടത്തിയിട്ടുമില്ല. എന്നെ വിമര്‍ശിക്കുന്നതുവഴി കോണ്‍ഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരില്‍നിന്നു കിട്ടാനുള്ള അപ്പക്കഷ്ണങ്ങള്‍കൂടി പോരട്ടെ എന്നാണു ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നു. ഞാനാണു മഹാ പണ്ഡിതന്‍, ഞാനാണു മഹാമാന്യന്‍, ഞാനാണു സദാചാരത്തിന്റെ കാവലാള്‍ എന്നൊക്കെ മേനി നടിക്കുന്നതുകൊള്ളാം. കൂടുതല്‍ എഴുതുന്നില്ല' എന്ന് മീര ഫേസ്ബുക്കില്‍ കുറിച്ചു.
എഴുത്തുകാര്‍ക്ക് പുറമേ കോണ്‍ഗ്രസിന്റേതടക്കം രാഷ്ട്രീയ നേതാക്കളും മീരയുടെ പോസ്റ്റിനെ വിമര്‍ശിച്ചു.
പ്രമുഖ മലയാള നോവലിസ്റ്റുകള്‍ ഇതെന്ത് ഭാവിച്ചാണ് എന്ന പരിഹാസവുമായി വി.ടി. ബല്‍റാം രംഗത്തെത്തി. 'എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തില്‍ സംഭവിക്കുന്നത്! ഈ പ്രമുഖ മലയാള നോവലിസ്റ്റുകള്‍ ഇതെന്ത് ഭാവിച്ചാണ് ഒന്നുമില്ലെങ്കിലും സംഘ് പരിവാറിന് വിദൂരമായിപ്പോലും വിജയ സാധ്യതയില്ലാത്ത തൃത്താല പോലുള്ള ഏതെങ്കിലും മണ്ഡലങ്ങളില്‍ ഒരുമിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്താനുള്ളവരാണ് നിങ്ങള്‍ എന്ന് മറന്നുപോവരുത്. 2026 ഇങ്ങ് അടുത്തെത്താനായി' എന്ന് വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. അടിയന്തരമായി ഇടപെടല്‍ വേണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
അടുത്ത പത്മഭൂഷനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് സംഘികള്‍ ആഗ്രഹിക്കുന്ന പോസ്റ്റ് മുഖപുസ്തകത്തില്‍ മീര പോസ്റ്റ് ചെയ്തതെന്ന് കെപിസിസി അംഗം റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.
വളരെ ക്രൂരവും വസ്തുതാവിരുദ്ധവുമായ പോസ്റ്റ് ആയിപ്പോയി. 75 വര്‍ഷമായി ഗാന്ധിജിയുടെ ആത്മാവിനെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുമ്പോള്‍ നെഹ്‌റുവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതില്‍ ഉള്‍പ്പെടുമല്ലോ? എന്താണ് ഗാന്ധിജിയെ തുടച്ചു നീക്കാന്‍ കോണ്‍ഗ്രസ് ചെയ്തത് എന്ന് വസ്തുതകളുടെ പിന്‍ബലത്തോടെ പറയു. സംഘപരിവാര്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ്സ് മുക്തഭാരതത്തിനു ലെജിറ്റിമസി നല്‍കുന്ന ഈ പോസ്റ്റ് ഏറ്റവും സഹായിക്കുന്നത് സംഘികളെയാണ്. ഞാന്‍ അടക്കമുള്ള ഗാന്ധിയന്‍ കോണ്‍ഗ്രസുകാര്‍ക്ക് അങ്ങേയറ്റം അപമാനകരമായ പോസ്റ്റിനോട് പ്രതിഷേധം അറിയിക്കുന്നു ചേച്ചീ'- സുധ മേനോന്റെ കമന്റ് ഇങ്ങനെ.
കെ ആര്‍ മീരയുടെ മറുപടി:
സുധയുടെ രോഷം എനിക്കു മനസ്സിലാകും. അതേ രോഷം കൊണ്ടുതന്നെയാണു ഞാനും എഴുതിയത്. ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നാല്‍ കഞ്ഞികുടിക്കാന്‍ പറ്റില്ലെന്നും ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നിട്ടു കാര്യമില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പറഞ്ഞതിന്റെ റിപ്പോര്‍ട്ടുകള്‍ എത്ര വേണമെങ്കിലും കിട്ടും. ഗാന്ധിജിയെ അധിക്ഷേപിച്ചാല്‍ കോണ്‍ഗ്രസുകാര്‍ പ്രതികരിക്കില്ലെന്ന ഉറപ്പിന്‍മേല്‍
ഗാന്ധിജിയുടെ ഓര്‍മയും പ്രസക്തിയും നിലനിര്‍ത്താന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ എന്തൊക്കെയാണ് എന്നു സുധ പറഞ്ഞു തരൂ.കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരെ പ്രകോപിപ്പിക്കാന്‍ തന്നെയാണ് ഈ പോസ്റ്റ്. ഗാന്ധിജിയും ഗാന്ധിജി മുന്നോട്ടു വച്ച ഗ്രാമസ്വരാജും അക്രമരാഹിത്യവും ഇല്ലെങ്കില്‍ ഇന്ത്യ ഇല്ല. ഈ രണ്ട് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് അലംഭാവം കാട്ടി, കാട്ടിക്കൊണ്ടിരിക്കുന്നു.
എന്തു കാരണം കൊണ്ടായാലും കെ ആര്‍ മീരയെ പ്പോലൊരു നോവലിസ്റ്റിന്റെ ഈ പ്രസ്താവന ക്രൂരമാണെന്നാണ് സി പി ജോണ്‍ കുറിച്ചത്. ഗോഡ്‌സെയിസ്റ്റുകള്‍ക്ക് പാല്‍പ്പായസമാണ്:
അതില്‍ എന്തെങ്കിലും രാഷ്ട്രീയം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല എന്നും ജോണ്‍ കുറിച്ചു. സ്വാഭാവികം എന്നാണ് മീരയുടെ മറുപടി.
ഫിക്ഷന്‍ എഴുതാന്‍ നിങ്ങള്‍ക്ക് നല്ല കഴിവുണ്ട്, ഈ പോസ്റ്റിലും അത് കാണാന്‍ കഴിയുന്നു എന്നാണ് ടി സിദ്ധിഖ് എം എല്‍ എയുടെ കമന്റ്
ഫിക്ഷന്‍ മാത്രമല്ല, നോണ്‍ഫിക്ഷനും എഴുതാന്‍ എനിക്ക് അറിയാമെന്നാണ് മീരയുടെ മറുപടി. 'കോണ്‍ഗ്രസുകാര്‍ താഴേത്തട്ടില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരകര്‍ ആകണമെന്നു താങ്കള്‍ ജനുവരി പന്ത്രണ്ടിനു പ്രസംഗിച്ചതായി മാധ്യമം ഓണ്‍ലൈനില്‍ കണ്ടു. അതു മാത്രമാണ് ഈ അടുത്ത കാലത്ത് ഒരു കോണ്‍ഗ്രസ് നേതാവില്‍നിന്നു കേട്ട സെന്‍സിബിള്‍ പ്രസ്താവന. താങ്കളോടു കോണ്‍ഗ്രസ് കടപ്പെട്ടിരിക്കുന്നു.'
'പിണറായിസ്റ്റ് ആവാന്‍ നടത്തുന്ന അശ്രാന്ത പരിശ്രമം ഇത്തരം അപകടങ്ങളില്‍ എത്തിക്കുമെന്നും ഗാന്ധിയെ കൊന്ന ആര്‍ എസ് എസിനെ എന്നും ചേര്‍ത്ത് നിര്‍ത്തിയ പാരമ്പര്യമാണെങ്കിലും അവസാന കാലഘട്ടത്തില്‍ കമ്മ്യുണിസ്റ്റ് ആയിരുന്ന സീതാറാം യച്ചൂരിക്ക് കാര്യങ്ങള്‍ മനസ്സിലായിരുന്നു എന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് രാജു പി നായരുടെ വിമര്‍ശനം.
ശ്രീമതി മീര കോണ്‍ഗ്രസ് ആവണം എന്ന് പറയില്ല, പക്ഷെ കമ്മ്യൂണിസ്റ്റ് ആയി നിലനില്‍ക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. പിണറായിസ്റ്റ് ആവാന്‍ നടത്തുന്ന അശ്രാന്ത പരിശ്രമം ഇത്തരം അപകടങ്ങളില്‍ എത്തിക്കും. ഗാന്ധിയെ കൊന്ന ആര്‍. എസ്.എസിനെ എന്നും ചേര്‍ത്ത് നിര്‍ത്തിയ പറമ്പര്യമാണെങ്കിലും അവസാന കാലഘട്ടത്തില്‍ കമ്മ്യുണിസ്റ്റ് ആയിരുന്ന സീതാറാം യച്ചൂരിക്ക് കര്യങ്ങള്‍ മനസ്സിലായിരുന്നു. പിണറായിസ്റ്റ് ആവൂമ്പോഴാണ് ആര്‍എസ്എസിനെ കാണുന്ന എ.ഡി.ജി.പി മാരോക്കെ ഡി.ജി.പി. മാരായി മാറുമ്പോള്‍ നഷ്ടപ്പെടുന്ന ശബ്ദം ഇങ്ങനൊക്കെ പുറത്ത് വരുന്നത്. നിങ്ങളൊക്കെ ആണ് കമ്മ്യൂണിസത്തിന്റെ ആരാച്ചാര്‍ ആവുന്നത്
മാള ഹോളി ഗ്രേസ് കോളജില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ കെ എസ് യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. കേരളാ വര്‍മ്മ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകനെ കെഎസ് യു പ്രവര്‍ത്തകര്‍ മാരകമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. നിലത്ത് വീണ വിദ്യാര്‍ത്ഥിയെ കസേരകള്‍ കൊണ്ടും വടികൊണ്ടും വളഞ്ഞിട്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളടക്കമാണ് പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെടുത്തി കൂടിയാണ് കെ ആര്‍ മീരയുടെ പോ്സ്റ്റെന്ന് ചിലര്‍ കമന്റുകളില്‍ സൂചിപ്പിക്കുന്നുണ്ട്.
Sfi പിള്ളേര്‍ക്ക് തിരിച്ചു രക്ഷപ്രവര്‍ത്തനം കിട്ടുന്നതൊക്കെ വിഷമം ഈ പോസ്റ്റ് രൂപത്തില്‍ പുറത്തു ചാടി
എസ്എഫ്ഐ കുഞ്ഞുങ്ങള്‍ ഓടി നടന്ന് അടി വാങ്ങുന്നതിന്റെ വിഷമം മീരേച്ചി പോസ്റ്റിലൂടെ കാണിക്കുന്നതാണ്.??
ഗാന്ധി മാത്രമല്ല സുഭാഷ് ചന്ദ്രബോസും കോണ്‍ഗ്രസ് ആയിരുന്നു മീരേച്ചി