മലപ്പുറം/ തൊടുപുഴ: കേരളത്തിലെ കാലാവസ്ഥയിൽ മാറ്റം. പറഞ്ഞതിലും നേരെത്തെ കേരളത്തിൽ കാലവർഷം എത്തിയിരിക്കുകയാണ്. നീണ്ട 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ കാലവർഷം നേരെത്തെ എത്തുന്നത്. സംസ്ഥാനം മുഴുവനും കനത്ത മഴയാണ് ലഭിക്കുന്നത്. അതിനിടെ, ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി.

ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴയും കാറ്റും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശം മുഴുവൻ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങളും സാഹസിക വിനോദ പരിപാടികളും ട്രക്കിങ്ങുമാണ് നിരോധിച്ചത്.

അതുപോലെ, മലപ്പുറം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (മേയ് 25 ന്) ജില്ലാ കലക്ടർ വി.ആർ. വിനോദ് അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മലപ്പുറം ജില്ലയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് നാളെ മുതല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിക്കുകയും ചെയ്തു.

അതിതീവ്ര മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാത്രി കാലങ്ങളില്‍ നിലമ്പൂര്‍-നാടുകാണി ചുരം വഴി അനാവശ്യ യാത്രകള്‍ ഒഴിവാക്കണം എന്നും കളക്ടര്‍ വ്യക്തമാക്കി. ജാഗ്രത നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്നും കളക്ടർ വ്യക്തമാക്കി.

ഇതിനിടെ, മലപ്പുറം ജില്ലയില്‍ ജാഗ്രത ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം. അതിതീവ്രമഴ മുന്നറിയിപ്പുള്ളതിനാല്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍ദേശം നല്‍കിയത്. മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല.

24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം വന്നാല്‍ മാത്രമേ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പാടുള്ളു. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍, കനാല്‍ പുറമ്പോക്കുകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. നിലമ്പൂര്‍-നാടുകാണി ചുരം വഴി അത്യാവശ്യയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളു.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പുഴയിലിറങ്ങി കുളിക്കുന്നതിനും മലയോരമേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കും വിലക്കുണ്ട്. ആഢ്യന്‍പാറ, കേരളാംകുണ്ട്, വനം വകുപ്പിന് കീഴിലെ കൊടികുത്തിമല എന്നീ ഡെസ്റ്റിനേഷനുകളുള്‍പ്പെടെ മലയോരമേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. ക്രെയിന്‍, മണ്ണിമാന്തിയന്ത്രങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താന്‍ ആര്‍ടിഒക്ക് നിര്‍ദേശം നൽകുകയും ചെയ്തു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജൂണ്‍ ഒന്നുമുതല്‍ എന്‍ഡിആര്‍എഫ് സംഘം ജില്ലയില്‍ ക്യാംപ് ചെയ്യും.