- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഞാന്‍ മരിച്ചു... പക്ഷേ..; നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? ദാ നോക്കൂ... എല്ലാം കൃത്യമാണ്'; ഇരു കൈകളും ഉയര്‍ത്തിക്കാട്ടി, കൂളായി കോഫി നുകര്‍ന്ന് ബെഞ്ചമിന്‍ നെതന്യാഹു; മരിച്ചുവെന്ന സോഷ്യല്‍ മീഡിയാ പ്രചരണവും തിരഞ്ഞു പിടിച്ചു കൊല്ലുമെന്ന ഇറാന്റെ ഭീഷണിക്കുമിടെ കോഫീഷോപ്പില്‍ പ്രത്യക്ഷപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി; നിങ്ങളുടെ ആത്മവിശ്വാസം ഐഡിഎഫിനും മൊസാദിനും കരുത്ത് നല്‍കുന്നെന്നും നെതന്യാഹു
'ഞാന്‍ മരിച്ചത്... എന്നും കോഫിക്ക് വേണ്ടി; നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? ദാ നോക്കൂ

ടെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടു എന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ഏതാനും ദിവസങ്ങളിലായി വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം പ്രചരണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി നെതന്യാഹു രംഗത്തുവന്നു. മരിച്ചെന്ന പ്രചരണം ശക്തമാകവേ ഒരു കോഫീഷോപ്പിലാണ് നെതന്യാഹു പ്രത്യക്ഷപ്പെട്ടത്.
ഒരു കഫേയില്‍ കോഫി ഓര്‍ഡര്‍ ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് താന്‍ സുരക്ഷിതനാണെന്ന് അദ്ദേഹം ലോകത്തെ അറിയിച്ചത്. ഞാന്‍ മരിച്ചത്... എന്നും കോഫിക്ക് വേണ്ടിയാണ് എന്ന് ഹീബ്രു ഭാഷയിലെ ഒരു ശൈലി ഉപയോഗിച്ച് അദ്ദേഹം തമാശയായി പറഞ്ഞു. നെതന്യാഹുവിന്റെ മുന്‍പത്തെ വീഡിയോയില്‍ ഒരു കൈയ്യില്‍ ആറ് വിരലുകള്‍ കണ്ടെന്നും അത് എഐ നിര്‍മ്മിതമാണെന്നുമുള്ള പ്രചാരണത്തിന് അദ്ദേഹം മറുപടി നല്‍കി.
ക്യാമറയ്ക്ക് മുന്നില്‍ രണ്ട് കൈകളും ഉയര്‍ത്തിക്കാട്ടി 'നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? ദാ നോക്കൂ... എല്ലാം കൃത്യമാണ്,' എന്ന് അദ്ദേഹം പരിഹസിച്ചു. നിങ്ങളുടെ ആത്മവിശ്വാസം എനിക്കും ഐഡിഎഫിനും മൊസാദിനും കരുത്ത് നല്‍കുന്നു. ഇറാനെതിരെ ഞങ്ങള്‍ ഇന്നും ശക്തമായ ആക്രമണങ്ങള്‍ തുടരുകയാണ്. ചില കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല, എന്ന് അദ്ദേഹം പറഞ്ഞു. ശത്രുക്കളുടെ ആക്രമണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഹോം ഫ്രണ്ട് കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങള്‍ക്ക് സമീപം തുടരണമെന്നും അദ്ദേഹം ഇസ്രായേല്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
നേരത്തെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സൈനികര്‍ ചേര്‍ന്ന് പുറത്തെടുക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇറാനിയന്‍ മിസൈല്‍ ആക്രമണത്തില്‍ നെതന്യാഹുവും മൊസാദ് മേധാവിയും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന പ്രചരണം വ്യാജമായിരുന്നു.
പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിതമാകാമെന്നാണ് വിവരം. എഐ ഡിറ്റക്ഷന്‍ ടൂളുകളില്‍ നടത്തിയ പരിശോധനയില്‍ 39.2 ശതമാനം ഡീപ്ഫേക് നിര്‍മിതമാണെന്ന ഫലങ്ങളാണ് ലഭിച്ചത്. അതേ സമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇസ്രയേല്‍ രംഗത്തുവന്നിരുന്നു. ബെന്യാമിന്‍ നെതന്യാഹു മരിച്ചെന്നും ഇസ്രയേല്‍ വിവരം ഒളിപ്പിക്കുന്നുവെന്നുമാണ് പ്രധാനമായും ആരോപണം ഉയര്‍ന്നത്.
അതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍ തിരഞ്ഞുപിടിച്ച് വധിക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ഭീഷണി മുഴക്കിയിരുന്നു. നെതന്യാഹുവിനെ ക്രിമിനല്‍ സയണിസ്റ്റ് പ്രധാനമന്ത്രി എന്നും ഐആര്‍ജിസി വിശേഷിപ്പിക്കുകയും ചെയ്തു കൊണ്ടാണ് ഐആര്‍ജിസി രംഗത്തെത്തിയത്.
'കൊടുംകുറ്റവാളിയും കുട്ടികളെ കൊന്നൊടുക്കുന്നവനുമായ നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍, ഞങ്ങള്‍ അദ്ദേഹത്തെ തിരയുന്നത് തുടരും,'ഐആര്‍ജിസി പറഞ്ഞു. ഈ പ്രസ്താവനകള്‍ ഐആര്‍ജിസിയുടെ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4 ന്റെ 52-ാമത് ഘട്ടത്തിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് വന്നത്. മേഖലയിലെ ഇസ്രയേല്‍ താവളങ്ങളെയും യുഎസ് സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടതായും ഐആര്‍ജിസി പറഞ്ഞു. പ്രസ്താവന അനുസരിച്ച്, ഇറാന്‍ സൈന്യം ടെല്‍ അവീവിലെ വ്യാവസായിക മേഖലകളില്‍ കനത്ത മിസൈല്‍ ആക്രമണം നടത്തി ഈ ആക്രമണങ്ങളില്‍ ആളപായം സംഭവിച്ചതായും നഗരത്തിലുടനീളം ആംബുലന്‍സ് സൈറണ്‍ മുഴങ്ങിയതായും അവര്‍ അവകാശപ്പെട്ടു.
എര്‍ബിലിലെ അല്‍-ഹാരിര്‍ എയര്‍ ബേസ്, കുവൈത്തിലെ അലി അല്‍ സാലം എയര്‍ ബേസ്, ക്യാമ്പ് അര്‍ഫിജാന്‍ എന്നിവയുള്‍പ്പെടെ യുഎസ് സേനയുമായി ബന്ധമുള്ള സ്ഥലങ്ങളെയും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഐആര്‍ജിസി ലക്ഷ്യമിട്ടതായി പറഞ്ഞു. നെതന്യാഹുവിന്റെ ഗതി അവ്യക്തമാണെന്നും അദ്ദേഹം കൊല്ലപ്പെട്ടതാകാം അല്ലെങ്കില്‍ കുടുംബത്തോടൊപ്പം ഇസ്രയേലില്‍ നിന്ന് പലായനം ചെയ്തതാകാം എന്നും ഇറാന്‍ സേന അവകാശപ്പെട്ടു.
അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. ഇതിനകം ഇറാന്റെ 15,000 ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തിയതായി പെന്റഗണ്‍ അറിയിച്ചു. 2,000-ത്തിലധികം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇതിനിടയിലാണ് നെതന്യാഹുവിനെ പിന്തുടര്‍ന്ന് വധിക്കുമെന്ന് ഇറാന്‍ വിപ്ലവ ഗാര്‍ഡ് ഭീഷണി മുഴക്കിയത്.


