ന്യൂഡല്‍ഹി: ഡോക്ലാമില്‍ 2017-ല്‍ രണ്ടുമാസത്തിലധികം ഇന്ത്യാ, ചൈനാ സൈനികര്‍ യുദ്ധസജ്ജരായി മുഖാമുഖം നിന്ന സാഹചര്യത്തില്‍ നിന്നും യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഒത്തുതീര്‍പ്പിന് ചൈന തയ്യാറാകുന്നു എന്നത് അടുത്തകാലത്ത് ഇന്ത്യ നേടിയ വമ്പന്‍ നയതന്ത്ര വിജയങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. നാലര വര്‍ഷത്തോളമായി നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവിലാണ് ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ് നിര്‍ണായക പ്രഖ്യാപനമുണ്ടായത്. ഒരേസമയം അമേരിക്കയുമായും റഷ്യയുമായും നല്ല ബന്ധത്തില്‍ മുന്നോട്ടു പോകാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞതാവും ചൈനയെ ഒരുപക്ഷേ ഒരു ചുവട് പിറകോട്ടു വയ്ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. പാകിസ്ഥാനും ചൈനയുമായുള്ള ഇന്ത്യയുടെ സംഘര്‍ഷങ്ങളില്‍ അയവ് വന്നതിനു പിന്നില്‍ റഷ്യയ്ക്കും നിര്‍ണായക പങ്കുണ്ടെന്ന് വിദേശകാര്യ വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു.

സമാധാന ശ്രമങ്ങള്‍ തുടരുമ്പോഴും ധാര്‍ഷ്ട്യത്തോടെ മാത്രം പെരുമാറുന്ന ചൈനയെ ചര്‍ച്ചയിലേക്ക് കൊണ്ടുവരാനും ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായ 3488 കിലോമീറ്റര്‍ നീളമുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ പട്രോളിംഗിനുള്ള കരാറിലേക്ക് കൊണ്ടുവരാനുമായത് ഇന്ത്യയുടെ വിജയമാണ്. പ്രത്യേകിച്ച് അതിര്‍ത്തിയില്‍ തര്‍ക്കം ബാക്കി നിന്ന ഡെംചോക്ക്, ഡെപ്സാങ് സമതലം എന്നിവിടങ്ങളില്‍ നിന്നും പിന്‍മാറി പട്രോളിങ് പുനരാരംഭിക്കാനുള്ള തീരുമാനം നടപ്പായാല്‍ ഇന്ത്യയുടെ നയതന്ത്രരംഗത്തെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാവും. 2020ല്‍ സംഘര്‍ഷമുണ്ടായ ശേഷം ഇതാദ്യമായാണ് റഷ്യയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും തമ്മില്‍ വിഷയത്തില്‍ ചര്‍ച്ച നടന്നത്.

ഗാല്‍വന്‍ താഴ്വരയില്‍ 2020-ലാണ് ഇരുരാജ്യങ്ങളിലെയും പട്ടാളക്കാര്‍ ഏറ്റുമുട്ടിയത്. നമ്മുടെ 20 ജവാന്‍മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ ചൈനീസ് പക്ഷത്ത് നാല്‍പ്പതോളം പേര്‍ മരിച്ചെന്നാണ് കണക്കാക്കുന്നത്, ചൈന സമ്മതിക്കുന്നില്ലെങ്കിലും. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വഷളായി. രക്തം മരവിക്കുന്ന തണുപ്പില്‍ ഇരു ഭാഗത്തും 50,000 വരുന്ന സൈന്യങ്ങള്‍ പൂര്‍ണ്ണസജ്ജരായി മുഖാമുഖം നില്‍ക്കുകയാണ്. ചൈന ചില സ്ഥാനങ്ങളില്‍ നിന്നും ഇന്ത്യന്‍ സൈനികരെ പുറത്താക്കിയപ്പോള്‍ ഇന്ത്യ ചൈനീസ് സൈനികരെ ചിലയിടങ്ങളില്‍ നിന്നും പുറത്താക്കി. വ്യാപാരബന്ധങ്ങള്‍ തളര്‍ത്തി ഇന്ത്യ, ചൈനയ്ക്കുമേല്‍ സമ്മര്‍ദ്ദം കൂട്ടി. അതിര്‍ത്തി പ്രശ്നം പരിഹരിച്ചാല്‍ മാത്രമേ ചര്‍ച്ച പുനരാരംഭിക്കുവാന്‍ ആകുവെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കി. നിലപാടിന് ഇളക്കമുണ്ടാവില്ലെന്ന് ഒടുവില്‍ ചൈന മനസ്സിലാക്കി എന്നുവേണം കരുതാന്‍.

നയതന്ത്ര വിജയം

ഇരുരാജ്യങ്ങളും തമ്മില്‍ 21 വട്ടം സൈനിക തല ചര്‍ച്ചകളും 17 വട്ടം നയതന്ത്ര ചര്‍ച്ചകളും നടത്തിയ ശേഷമാണ് ഇപ്പോഴത്തെ കരാറിലെത്തിയത്. ഇത് അതിര്‍ത്തികളില്‍ നിന്നും പരസ്പരം സൈന്യം പിന്‍വലിക്കുന്നതിനും പിന്നീട് പൂര്‍ണമായ അതിര്‍ത്തിത്തര്‍ക്ക പരിഹാരത്തിനും വഴിവെക്കുമെന്നാണ് പ്രതീക്ഷ. പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ ഇരുരാജ്യങ്ങളും രാഷ്ട്രീയമായ ഇച്ഛാശക്തിയും കാട്ടി. ഇരുവര്‍ക്കും ലാഭകരമായ കാര്യങ്ങളിലേക്ക് നീങ്ങുക എന്ന നിലപാടിലേക്ക് അവരെത്തി. അതിന്റെ ഒരു സൂചന ഈ വര്‍ഷം ആദ്യം വന്നു. ചൈനയില്‍ നിന്നുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പിന്തുണച്ചു. കഴിഞ്ഞ ജൂലൈയില്‍ ജയശങ്കര്‍, ചൈനയുടെ വിദേശമന്ത്രി വാങ് യീയെ എസ്.സി.ഒ സമ്മേളനത്തിനിടയ്ക്കു വെച്ചും പിന്നീട് ലാവോസില്‍ വച്ചും കണ്ടു. കൂടാതെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജീത് ഡോവല്‍ കഴിഞ്ഞ മാസം റഷ്യയില്‍ വെച്ച് വാങ് യീയെ കണ്ടു സംസാരിച്ചിരുന്നു. അതായത്, ഒറ്റരാത്രി കൊണ്ട് സംഭവിച്ച അത്ഭുതമല്ല ഈ കരാര്‍.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇന്ത്യാ-ചൈനാ അതിര്‍ത്തിത്തര്‍ക്കത്തിലെ 75 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചതായി വിദേശമന്ത്രി അറിയിച്ചിരുന്നു. അതിന്റെ ഭാഗമായി ചിലയിടങ്ങളില്‍ സൈനികരെ പിന്‍വലിച്ചു, മറ്റ് ചിലയിടങ്ങളില്‍ ഇരുകൂട്ടരും കടന്ന് ചെല്ലാന്‍ പാടില്ലാത്ത ബഫര്‍ സോണുകള്‍ ഉണ്ടാക്കി. ഈ വര്‍ഷം രണ്ട് തര്‍ക്ക പ്രദേശങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ- ഡെംചോക്കും ഡെപ്സാങ് സമതലവും. 2020-നു മുമ്പുള്ള സ്ഥാനങ്ങളിലേക്ക് രാജ്യങ്ങളിലെയും സൈനികര്‍ മടങ്ങിപ്പോകും എന്ന് വിദേശമന്ത്രി ജയശങ്കര്‍ പറയുന്നു.

'ചര്‍ച്ചയില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത പട്രോളിംഗ് പ്രദേശങ്ങള്‍ അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ 2020ല്‍ നിലനിന്ന സ്ഥിതിയിലേക്ക് പോകും.' വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. നിലവില്‍ 2020ല്‍ സംഘര്‍ഷമുണ്ടായ രണ്ട് ഭാഗങ്ങളില്‍ മാത്രമാണ് ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനം ഉണ്ടാകാത്തത്. ഡെപ്സാംഗ്, ഡെംചോക്ക് എന്നീ പ്രദേശങ്ങളാണിവ. ഗോഗ്ര ഹോട്ട്സ്പ്രിംഗ്സ്, പാംഗോംഗ് ലേക്ക്, ഗാല്‍വാന്‍ താഴ്വര എന്നിങ്ങനെ ഇരു സേനാവിഭാഗവും നേരിട്ട് ഏറ്റുമുട്ടിയ പ്രദേശങ്ങളില്‍ പ്രശ്നപരിഹാരം ഉണ്ടായിക്കഴിഞ്ഞു. വടക്കന്‍ ലഡാക്കിലെ ഡെപ്സാംഗ് സമതല പ്രദേശവും തെക്കുള്ള ഡെംചോക്കുമാണ് ഇരു രാജ്യങ്ങളും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന ഭാഗം.

ഒരുവര്‍ഷം മുന്‍പുവരെ ഈ പ്രദേശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും ചൈന തയ്യാറായിരുന്നില്ല. മലനിരകള്‍ക്കിടയിലെ നിരപ്പായ പ്രദേശമാണ് ഡെപ്സാംഗ്. കാരക്കോറം ചുരത്തിലെ ഇന്ത്യന്‍ പ്രദേശമായ ദൗലത് ബെഗ് ഓള്‍ഡിയില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം ദൂരത്താണ് ഈ പ്രദേശം. ഇവിടെ ഇന്ത്യന്‍ സൈന്യം സ്ഥിരമായി സഞ്ചരിക്കുന്ന 15 കിലോമീറ്ററോളം പ്രദേശം കൈയേറാന്‍ ചൈന ശ്രമിച്ചു. ഇന്ത്യയിലെ 90,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തങ്ങളുടെതാണെന്നാണ് ചൈന അവകാശപ്പെട്ടിരുന്നത്. തര്‍ക്കം ബാധിച്ച അക്സായ് ചിന്‍ മേഖലയിലെ 38,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യയുടെ ലഡാക്ക് മേഖലയാണ്. അരുണാചല്‍ പ്രദേശ് സംസ്ഥാനവും തങ്ങളുടേതെന്നാണ് ചൈന പറഞ്ഞിരുന്നത്. എന്നാല്‍ അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണ് എന്ന് ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു.


റഷ്യയുടെ അദൃശ്യ ഇടപെടല്‍

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന് അയവുണ്ടാക്കാന്‍ റഷ്യയും പ്രയത്നിച്ചതായാണ് വിലയിരുത്തല്‍. മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങുമായുള്ള വ്യക്തിപരമായി സൗഹൃദമുള്ള റഷ്യന്‍ പ്രസിഡന്റ് വ്ലാദിമീര്‍ പുടിനെ തര്‍ക്ക പരിഹാരത്തിനു മുന്‍കൈയെടുക്കാന്‍ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളും താല്‍പ്പര്യങ്ങളും പ്രേരിപ്പിച്ചിരിക്കാം.

പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം കാരണം ഇരുരാജ്യങ്ങളുടെയും സഹകരണം റഷ്യക്ക് അത്യാവശ്യമാണ്. ഇതിനു പുറമേയാണ് ആര്‍ട്ടിക് സമുദ്രം വഴിയുള്ള ഉത്തര സമുദ്രപാത (എന്‍.എസ്.ആര്‍) വികസിപ്പിക്കാന്‍ വേണ്ടുന്ന വന്‍നിക്ഷേപവും സാങ്കേതിക സഹകരണവും. കഴിഞ്ഞ ജൂലായില്‍ റഷ്യ സന്ദര്‍ശിച്ച മോദി പുടിനുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.

പാശ്ചാത്യ ഉപരോധം കാരണം ചരക്കു വിനിമയത്തിന് കൂടുതല്‍ സുരക്ഷിതമായ പാത എന്ന നിലയ്ക്കാണ് റഷ്യ ഉത്തര സമുദ്രപാത വികസിപ്പിക്കാനൊരുങ്ങുന്നത്. മാത്രമല്ല, ഇന്ധനങ്ങളുടെയും ധാതുസമ്പത്തിന്റെയും വലിയ കലവറയുമാണ് പ്രദേശം. പാതയില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യയെയും ക്ഷണിച്ചിട്ടുണ്ട്. 2030-ഓടെ 100 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വ്യാപാരം ലക്ഷ്യം വെക്കുന്നതാണ് ഇന്ത്യയുടെ മാരിടൈം വിഷന്‍. ആ ലക്ഷ്യമെത്തുന്നതില്‍ എന്‍.എസ്.ആര്‍ പ്രധാന പങ്കുവയ്ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പാത യാത്രാസമയവും ചെലവും ഗണ്യമായി കുറയ്ക്കും. ചെന്നൈ തൊട്ട് വ്ലാഡിവാസ്റ്റോക്ക് വരെയുള്ള കിഴക്കന്‍ സമുദ്ര ഇടനാഴി ഇന്ത്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള യാത്രാസമയം രണ്ടാഴ്ച കുറയ്ക്കും. ആര്‍ട്ടിക്ക് സമുദ്രത്തിലെ മഞ്ഞു നീക്കി മുന്നോട്ടു പോകാന്‍ കഴിയുന്ന കപ്പലുകള്‍ ഇന്ത്യയില്‍ സംയുക്തമായി നിര്‍മിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

ആഗോളതാപനം മൂലം ഉത്തരധ്രുവ പ്രദേശത്ത് മഞ്ഞുരുകുമ്പോള്‍ അവിടെയുള്ള ധാതുസമ്പത്ത് ഖനനം ചെയ്യാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഇവിടത്തെ സാധ്യതകള്‍ ചൈന വളരെ നേരത്തെ മനസ്സിലാക്കിയിരുന്നു. 2014-ല്‍ അവര്‍ ആര്‍ട്ടിക് നയമുണ്ടാക്കി. 2018-ല്‍ ധ്രുവ പട്ടുപാത (പോളാര്‍ സില്‍ക്ക് റോഡ്) എന്ന പദ്ധതി ആരംഭിച്ചു. ചൈന, റഷ്യ, മറ്റ് ആര്‍ട്ടിക് രാഷ്ട്രങ്ങള്‍ എന്നിവ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനും ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായി പാതയെ വികസിപ്പിക്കാനും പോളാര്‍ സില്‍ക്ക് റോഡ് ലക്ഷ്യമിട്ടു. റഷ്യന്‍ ആര്‍ട്ടിക്കില്‍ ഇപ്പോള്‍ ചൈനയുടെ നിക്ഷേപങ്ങള്‍ ഏതാണ്ട് 10 ബില്യണ്‍ യുഎസ് ഡോളര്‍ വരും. ചൈനയെക്കുറിച്ചുള്ള ആശങ്കകളും അമേരിക്കന്‍ സ്വാധീനവും കാരണം നോര്‍വേയും ഡെന്‍മാര്‍ക്കും പോലുള്ള ആര്‍ട്ടിക് രാജ്യങ്ങള്‍ പദ്ധതിയുമായി സഹകരിക്കുന്നില്ല.

ഏറ്റവും വലിയ വ്യാപാരപങ്കാളി

ഈ വര്‍ഷത്തെ കണക്കനുസരിച്ച് ചൈനയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി ഇന്ത്യയാണ്. 118.4 ബില്യണ്‍ ഡോളര്‍. ഏതാണ്ട് 10 ലക്ഷം കോടി രൂപ. അമേരിക്ക രണ്ടാമതാണ് 118.3 ബില്ല്യന്‍. വ്യാപാരമാന്ദ്യവും കടുത്ത തൊഴിലില്ലായ്മയും നേരിടുന്ന ചൈനയ്ക്ക് ഇന്ത്യയുമായുള്ള അതിര്‍ത്തി സമാധാനം പലതരത്തില്‍ ഗുണകരമാണ്. ഇന്ത്യയുടെ വലിയ കമ്പോളമാണ് എന്നതും അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് ജയിച്ചാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത നികുതി ചുമത്താനുള്ള സാധ്യതയുണ്ട് എന്നതും ചൈന കണക്കിലെടുത്തു. തെക്കന്‍ ചൈനാകടലില്‍ ചൈന നേരിടുന്ന അപ്രതീക്ഷിത വെല്ലുവിളിയും മനംമാറ്റത്തിന് പിന്നിലുണ്ട്. ഹിമാലയന്‍ അതിര്‍ത്തിയില്‍ ശാന്തി ഉറപ്പാക്കാനായാല്‍ അവരെ നേരിടുന്നത് കൂടുതല്‍ എളുപ്പമാവും.

അതിവേഗം കുതിക്കുന്ന ഇന്ത്യ

നിയന്ത്രണ രേഖയ്ക്കടുത്ത് ഇന്ത്യ അതിവേഗത്തിലാണ് റോഡും പാലവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചെടുത്തത്. 2013-ല്‍ അന്നത്തെ ആഭ്യന്തരമന്ത്രി എ.കെ.ആന്റണി അതിര്‍ത്തിയില്‍ ചൈനയുമായി തട്ടിച്ചു നോക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വളരെ പിന്നിലാണെന്ന് പ്രസ്താവിച്ച കാലം മാറിപ്പോയിരിക്കുന്നു. മോദി-ഡോവല്‍- ജയശങ്കര്‍ ത്രയമാവട്ടെ, ചൈനീസ് നിലപാടുകളെ തുറന്നു കാട്ടാനും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനും മടിക്കുന്നുമില്ല. ഇന്ത്യയുമായുള്ള സൗഹാര്‍ദ്ദമാണ് കൂടുതല്‍ ലാഭകരം എന്ന ബോധ്യത്തില്‍ അവരെത്തിക്കാണണം. ഒരേ സമയം രണ്ടു യുദ്ധങ്ങള്‍ അനന്തമായി നീളുന്ന ലോകത്താണ് നാമിപ്പോള്‍. കടുത്ത സാമ്പത്തിക ആശങ്കകള്‍ നിലനില്‍ക്കുമ്പോള്‍ മറ്റൊരു സംഘര്‍ഷത്തിനു പുറപ്പെടുന്നത് ഒട്ടും ബുദ്ധിയല്ലല്ലോ.

അന്താരാഷ്ട്ര രംഗത്ത് അമേരിക്കയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി സ്വയം ലോകത്തെ ഏറ്റവും വലിയ ശക്തിയാകാനുള്ള ശ്രമത്തിലാണ് ചൈന. ഇറാനെപ്പോലെയുള്ള അമേരിക്കന്‍ വിരുദ്ധ ചേരിയിലെ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നതും ലോകമെമ്പാടും തന്ത്രപ്രധാന മേഖലകളില്‍ നങ്കൂരമിടുന്നതും ആ ലക്ഷ്യം വെച്ചാണ്. ചൈന ഇന്ത്യയുമായി കൈകോര്‍ക്കുന്നത് അമേരിക്കയ്ക്ക് ഒട്ടും ഇഷ്ടമാവില്ലെന്നുറപ്പാണ്. ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിട്ട് അമേരിക്കയാണ് ബംഗ്ലാദേശിലെ ഭരണകൂട അട്ടിമറി സംഘടിപ്പിച്ചത് എന്ന് കരുതുന്ന വിദേശകാര്യ നിരീക്ഷകര്‍ ഏറെയുണ്ട്. അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ പാവയാണ് മുഹമ്മദ് യൂനുസ് എന്നും അവര്‍ പറയുന്നു.

ഇരു രാജ്യങ്ങളെയും ഒരുമിപ്പിച്ചതിനു പിന്നില്‍ അമേരിക്കയുടെ സമീപനങ്ങളാണെന്ന് കരുതുന്നവരുണ്ട്. സമീപകാലത്ത് അമേരിക്ക ഇന്ത്യന്‍ സര്‍ക്കാരിന് അഹിതമായ പല കാര്യങ്ങളും ചെയ്തിരുന്നു. ഖാലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്കെതിരായി ഒരു തെളിവുമില്ലെങ്കിലും അമേരിക്ക കാനഡയ്ക്കനുകൂലമായി സംസാരിച്ചത് ഉദാഹരണം.