- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അടിച്ചുകയറി ഇന്ത്യ, തകർന്നു തരിപ്പണമായി ഇംഗ്ലണ്ട്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് വൈഭവ്; റൺമല കയറി 'ത്രീ ലയൺസ്' വീണു; ലോകകിരീടത്തിൽ ഇന്ത്യയുടെ ആറാം മുത്തം; ഹരാരെയിൽ ചരിത്രമെഴുതിയത് 100 റൺസിന്റെ കൂറ്റൻ ജയത്തോടെ; കൗമാര ക്രിക്കറ്റിൽ 'നീലപ്പട' തന്നെ രാജാക്കന്മാർ

ഹരാരെ: സിംബാബ്വെയിലെ ഹരാരെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യക്ക് കിരീടം. കൗമാര സൂപ്പർ താരം വൈഭവ് സൂര്യവംശിയുടെ വിസ്ഫോടനാത്മക ബാറ്റിങ്ങും ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനവുമാണ് ടീമിന് ആറാം അണ്ടർ 19 ലോകകപ്പ് കിരീടം നേടിക്കൊടുത്തത്. 2022-ൽ കിരീടം നേടിയതിന് ശേഷം ഇന്ത്യ നേടുന്ന അടുത്ത അണ്ടർ 19 ലോകകപ്പ് വിജയമാണിത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലേ ഓപ്പണർ ആരോൺ ജോർജിനെ (9) നഷ്ടമായെങ്കിലും, പിന്നീട് കണ്ടത് വൈഭവ് സൂര്യവംശിയുടെ താണ്ഡവമായിരുന്നു. വെറും 80 പന്തിൽ 175 റൺസാണ് ഈ ബിഹാറുകാരൻ അടിച്ചുകൂട്ടിയത്. 15 സിക്‌സറുകളും 15 ഫോറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്‌സ്. ഏകദിന ഫോർമാറ്റിലും ട്വന്റി-20യേക്കാൾ വേഗത്തിൽ റൺസ് കണ്ടെത്തിയ വൈഭവ്, 55 പന്തിൽ സെഞ്ച്വറി തികച്ചു. ടീം സ്കോർ 50ലെത്താൻ 48 പന്തുകളെടുത്തപ്പോൾ 13.2 ഓവറിൽ സ്കോർ 100ലെത്തി.
ക്യാപ്റ്റൻ ആയുഷ് മാത്രെയെ (53) കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിൽ 142 റൺസാണ് വൈഭവ് കൂട്ടിച്ചേർത്തത്. ഒരു ഘട്ടത്തിൽ 25 ഓവറിൽ ഇന്ത്യ 250 റൺസിലെത്തിയിരുന്നു. എന്നാൽ വൈഭവ് പുറത്തായതോടെ ഇന്ത്യയുടെ റൺറേറ്റ് കുറഞ്ഞു. അവസാന ഓവറുകളിൽ കനിഷ്ക് ചൗഹാന്റെ (37) പോരാട്ടമാണ് ഇന്ത്യൻ സ്കോർ 400 കടത്തിയത്. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസെന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്.
412 റൺസെന്ന പടുകൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് മികച്ച രീതിയിലാണ് തുടങ്ങിയത്. ബെൻ ഡോക്കിൻസ് (66) അർധസെഞ്ച്വറിയുമായി ടീമിനെ നയിച്ചു. എന്നാൽ 21-ാം ഓവറിൽ ഇംഗ്ലണ്ട് അപ്രതീക്ഷിതമായി തകർന്നു. മൂന്ന് വിക്കറ്റിന് 170 റൺസെന്ന നിലയിൽ നിന്ന് വെറും മൂന്ന് റൺസിനിടെ നാല് വിക്കറ്റുകൾ അവർക്ക് നഷ്ടമായി. സ്കോർ 7ന് 177 എന്ന നിലയിൽ നിൽക്കെ ഇന്ത്യ അനായാസ വിജയം പ്രതീക്ഷിച്ചതാണ്. എന്നാൽ എട്ടാം വിക്കറ്റിൽ കാലിബ് ഫാക്നറും ജെയിംസ് മിന്റോയും ചേർന്ന് ഇന്ത്യയെ വിറപ്പിച്ചു. വെറും 67 പന്തിൽ 115 റൺസ് അടിച്ചുകൂട്ടിയ ഫാക്നർ ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷ നൽകി.
ഒടുവിൽ 40.2 ഓവറിൽ 311 റൺസിന് ഇംഗ്ലണ്ടിനെ ഓൾഔട്ടാക്കി ഇന്ത്യ വിജയം ആഘോഷിച്ചു. ഇന്ത്യക്ക് വേണ്ടി ആർ.എസ്. അംബരീഷ് മൂന്ന് വിക്കറ്റും കനിഷ്ക് ചൗഹാൻ, ദീപേഷ് ദേവേന്ദ്രൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഈ വിജയത്തോടെ ഇന്ത്യ തങ്ങളുടെ ആറാം അണ്ടർ-19 ലോകകപ്പ് കിരീടമാണ് സ്വന്തമാക്കിയത് (2000, 2008, 2012, 2018, 2022, 2026). ഫൈനലിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ (175) എന്ന റെക്കോർഡ് ഇനി വൈഭവ് സൂര്യവംശിയുടെ പേരിൽ കുറിക്കപ്പെടും.
ഫൈനലിൽ വൈഭവ് സൂര്യവംശി തകർത്ത റെക്കോർഡുകൾ:
അണ്ടർ 19 ഫൈനലിലെ ഉയർന്ന സ്കോർ: 2012-ൽ ഉന്മുക്ത് ചന്ദ് നേടിയ 111* റൺസ് മറികടന്ന് 175 റൺസുമായി ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ വൈഭവ് സ്വന്തമാക്കി.
ഏറ്റവും കൂടുതൽ സിക്സറുകൾ: ഒരു അണ്ടർ 19 ഇന്നിങ്സിലോ ഫൈനലിലോ ഏറ്റവും കൂടുതൽ സിക്സറുകൾ (15 സിക്സുകൾ) നേടുന്ന താരമായി.
രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി: അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി വൈഭവ് സ്വന്തമാക്കി (55 പന്തിൽ).
വേഗമേറിയ 150 റൺസ്: യൂത്ത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 150 റൺസ് വൈഭവ് കുറിച്ചു. വെറും 71 പന്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്.
ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി താരം: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം പതിനാലാം വയസ്സിൽ വൈഭവ് സ്വന്തമാക്കി.
ടൂർണമെന്റിലെ സിക്സർ രാജാവ്: ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ താരമെന്ന റെക്കോർഡുമായാണ് വൈഭവ് ടൂർണമെന്റ് അവസാനിപ്പിച്ചത്.


