- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം തടസ്സപ്പെട്ടാലും തല്ക്കാലം ആശങ്ക വേണ്ട; ഇന്ത്യയുടെ പക്കല്‍ 45 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരം; പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ; രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ ട്രംപിന്റെ ഭീഷണിയും വകവെക്കില്ല; അടിയന്തര ക്രൂഡ് സപ്ലൈ പ്ലാന്‍ സജ്ജമാക്കി കേന്ദ്രസര്‍ക്കാര്‍
ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം തടസ്സപ്പെട്ടാലും തല്ക്കാലം ആശങ്ക വേണ്ട

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കം തടസ്സപ്പെട്ട നിലയിലാണ്. ഇതോടെ രാജ്യങ്ങള്‍ ആശങ്കയിലാണ്. ഇന്ധന ആവശ്യം അടക്കം പരിഹരിക്കാന്‍ മാര്‍ഗ്ഗമെന്താണ് എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനിടെ രാജ്യത്തിന്റെ പക്കല്‍ ഏകദേശം 45 ദിവസത്തേക്ക് ആവശ്യമായ 10 കോടി ബാരല്‍ അസംസ്‌കൃത എണ്ണയുടെ ശഖരം ഉണ്ടെന്നാണ പുറത്തുവരുന്ന വിവരങ്ഹള്‍. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആശ്വാസവാര്‍ത്ത. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 88 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നാണ്. ഇതില്‍ പകുതിയോളം വരുന്നത് പശ്ചിമേഷ്യയില്‍ നിന്നാണ്.
ആഗോള എണ്ണവിതരണത്തിന്റെ മൂന്നിലൊന്നും നടക്കുന്ന പ്രധാനപ്പെട്ട ഇടനാഴിയാണ് തടസപ്പെട്ടിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യയിലേക്കുള്ള സാധാരണ അസംസ്‌കൃത എണ്ണ ഒഴുക്കിന്റെ ഏകദേശം 86% തടയപ്പെട്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളെ കനത്ത പ്രതിസന്ധികളിലേക്കാണ് ഈ സാഹചര്യം എത്തിച്ചിരിക്കുന്നത്. എഴുനൂറിലധികം എണ്ണക്കപ്പലുകളാണ് ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്കിന്റെ ഇരുവശത്തും നിര്‍ത്തിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് ഒന്നിന്, 28 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി മൂന്ന് ടാങ്കറുകള്‍ മാത്രമാണ് ഹോര്‍മുസ് കടന്നുപോയത്. മാര്‍ച്ച് 2 ആയപ്പോഴേക്കും, ഒരു ചെറിയ ടാങ്കറും ഒരു ചെറിയ ചരക്ക് കപ്പലും മാത്രമാണ് ഇതിലൂടെ പോയത്. ഹോര്‍മുസ് അടച്ചതോടെ ഇന്ത്യയിലേക്കുള്ള എണ്ണവരവ് സംബന്ധിച്ച് പ്രതിസന്ധി ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍, ഇന്ത്യയുടെ കൈവശം ഏകദേശം 100 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണശേഖരം ഉണ്ടെന്നാണ് പ്രമുഖ അനലിറ്റിക്സ് സ്ഥാപനമായ കെപ്ലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭരണ ടാങ്കുകളിലും തന്ത്രപരമായ ഭൂഗര്‍ഭ കരുതല്‍ ശേഖരങ്ങളിലും രാജ്യത്തേക്ക് യാത്ര ചെയ്യുന്ന കപ്പലുകളിലുമായിട്ടാണ് എണ്ണശേഖരം ഉള്ളത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണവരവ് തടസ്സപ്പെട്ടാല്‍ ഏകദേശം 40-45 ദിവസത്തെ ആവശ്യകത നിറവേറ്റാന്‍ ഇത് പര്യാപ്തമാണെന്നും കെപ്ലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അസംസ്‌കൃത എണ്ണയുടെ ആവശ്യകതയുടെ ഏകദേശം 88 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതിന്റെ 50 ശതമാനത്തിലധികവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ഇന്ത്യയിലേക്കെത്തുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം കൂടുതല്‍ കാലം തടസ്സപ്പെട്ടാല്‍ വലിയ പ്രതിസന്ധികളിലേക്ക് പോകുകയും പെട്രോള്‍- ഡീസല്‍ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാനും ഇടയുണ്ടെന്ന് കെപ്ലറിലെ ലീഡ് റിസര്‍ച്ച് അനലിസ്റ്റ് സുമിത് റിറ്റോളിയ പറഞ്ഞു. കരുതല്‍ ശേഖരങ്ങള്‍ ഹ്രസ്വകാലത്തേക്ക് മാത്രമുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ളതാണെന്നും ദീര്‍ഘകാലത്തെ വിതരണ തടസ്സം ഇത് പരിഹരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മംഗലാപുരം, പാഡൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് രാജ്യത്തെ പെട്രോളിയം റിസര്‍വ് സൗകര്യങ്ങളുള്ളതെന്നും സുമിത് റിറ്റോളിയ പറഞ്ഞു. ഇറാന്‍-യുഎസ് യുദ്ധത്തിന് പിന്നാലെ ക്രൂഡ് ഓയിലിന്റെ വില ഏകദേശം പത്ത് ശതമാനം ഉയര്‍ന്നിരുന്നു. കടല്‍ വഴിയുള്ള അസംസ്‌കൃത എണ്ണയുടെ കയറ്റുമതിയുടെ ഏകദേശം മൂന്നിലൊന്നും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഏകദേശം 20 ശതമാനവും ഹോര്‍മുസ് എന്ന ഈ ഇടുങ്ങിയ കടലിടുക്ക് വഴിയാണ് എത്തുന്നത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ രാജ്യമാണ് ഇന്ത്യ.
റഷ്യന്‍ എണ്ണ വീണ്ടുമെത്തും
ഹോര്‍മുസ് അടച്ചിടല്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് കടക്കുകയാണെങ്കില്‍ പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണയ്ക്ക് ബദലായി ഇന്ത്യക്ക് മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. പശ്ചിമാഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, അമേരിക്ക എന്നീ വിതരണക്കാരെ കൂടാതെ റഷ്യന്‍ എണ്ണയേയും ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരും. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ എത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
യുഎസുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണയുടെ വാങ്ങല്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ സമ്മതിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, യുഎസ് സുപ്രീം കോടതി ട്രംപിന്റെ ഉയര്‍ന്ന തീരുവകള്‍ റദ്ദാക്കിയതോടെ ഈ കരാറില്‍ അവ്യക്ത നിലനില്‍ക്കുകയാണ്. റഷ്യന്‍ എണ്ണ വാങ്ങുകയാണെങ്കില്‍ ട്രംപിന്റെ പുതിയ ഉപരോധങ്ങളും നേരിടേണ്ടി വന്നേക്കാം. എന്നാല്‍, പുതിയ സാഹചര്യങ്ങള്‍ മൂലം ഉപരോധത്തില്‍നിന്ന് ഇന്ത്യയ്ക്ക് ഇളവ് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ഇതോടെ റഷ്യന്‍ എണ്ണ വാങ്ങാനാണ് ഒരുങ്ങുന്നത്.
ട്രംപിന്റെതന്നെ വാക്കുകള്‍ പരിഗണിച്ചാല്‍ ഇറാനിലെ സൈനിക നടപടിക്ക് നാലാഴ്ചയില്‍ കൂടുതല്‍ വേണ്ടിവരില്ല. അത്രയും ദിവസം പിടിച്ചുനില്‍ക്കാനുള്ള കരുതല്‍ ശേഖരം നിലവില്‍ ഇന്ത്യയ്ക്കുണ്ടെന്നാണ് കരുതുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആവശ്യമെങ്കില്‍ എല്‍പിജി വിതരണത്തില്‍ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വാണിജ്യ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി എണ്ണ വിതരണ ശൃംഖല സുരക്ഷിതമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരും എണ്ണ കമ്പനികളും.
ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ ഒരു അടിയന്തര ക്രൂഡ് സപ്ലൈ പ്ലാന്‍ സജ്ജമാക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നെങ്കിലും നിലവിലെ സാഹചര്യം പരിഗണിച്ച് കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ അസ്ഥിരത ഊര്‍ജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ റഷ്യയില്‍ നിന്നുള്ള വിതരണം വര്‍ദ്ധിപ്പിക്കുക എന്നതാകും ഇന്ത്യയ്ക്ക് മുന്നിലുള്ള വഴി.
ലഭ്യതയില്‍ പെട്ടെന്ന് കുറവുണ്ടാകില്ലെങ്കിലും ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. നിലവില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 80 ഡോളര്‍ കടന്നിട്ടുണ്ട്. യുദ്ധഭീതി തുടര്‍ന്നാല്‍ ഇറക്കുമതിച്ചെലവ് വന്‍തോതില്‍ വര്‍ധിക്കാനും ഇത് ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില ഉയരാനും കാരണമായേക്കാം.


