കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ മുഴുവന്‍സമയ വാര്‍ത്താചാനല്‍ ആയിരുന്ന ഇന്ത്യവിഷന്‍ ഇന്നും മാധ്യമരംഗത്തുളളവര്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. 2015 മാര്‍ച്ച് 31 മുതലാണ് ചാനല്‍ സംപ്രേഷണം നിലച്ചത്. സാമ്പത്തിക പ്രയാസങ്ങളില്‍ ഉലഞ്ഞാണ് ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

പരമ്പരാഗത വാര്‍ത്ത സമ്പ്രദായത്തെ പാടെ മാറ്റിയെഴുതി പുതിയ വാര്‍ത്താനുഭവം മലയാളിക്ക് സമ്മാനിച്ച ചാനല്‍ ആയിരുന്നു ഇന്ത്യവിഷന്‍. വാര്‍ത്തകളെ കുഴിച്ചുമൂടാന്‍ കഴിയില്ലെന്ന് മലയാളിക്ക് മനസ്സിലായ സോഷ്യല്‍ മീഡിയ പൂര്‍വകാലം. ഇന്നിപ്പോള്‍, 'ഇന്ത്യാവിഷന്‍' എന്ന പേരും സമാനമായ ലോഗോയും ഉപയോഗിച്ച് പുതിയ മാധ്യമസ്ഥാപനം തുടങ്ങിയതായി സോഷ്യല്‍ മീഡിയിയില്‍ പലരും പോസ്റ്റുകള്‍ ഇട്ടുപ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ ഇന്ത്യവിഷന്‍ സ്ഥാപകനും എം.എല്‍.എ.യുമായ എം.കെ. മുനീര്‍ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. യഥാര്‍ത്ഥ 'ഇന്ത്യാവിഷന്‍' എന്ന സ്ഥാപനത്തിന് ഈ പുതിയ സംരംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

'ഇന്ത്യാവിഷന്‍ വീണ്ടെടുക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ക്കിടെയാണ് ഇത്തരം ഒരു വ്യാജ നീക്കം ശ്രദ്ധയില്‍പ്പെട്ടത്. ഇന്ത്യാവിഷന്റെ പേരും ലോഗോയും ഉപയോഗിച്ച് ആരംഭിച്ച പുതിയ മാധ്യമ സ്ഥാപനത്തിന് യഥാര്‍ത്ഥ ഇന്ത്യാവിഷനുമായി യാതൊരു ബന്ധവുമില്ല,' എം.കെ. മുനീര്‍ കുറിച്ചു.

ഈ നിയമലംഘനങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമൂഹ മാധ്യമങ്ങളിലെ കള്ള പ്രചാരണങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരെ,

കേരളത്തില്‍ ദൃശ്യമാധ്യമരംഗത്ത് പുതിയ വഴിയും ചരിത്രവും തെളിച്ച ഇന്ത്യാവിഷന്‍ വീണ്ടെടുക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ക്കിടെ ഒരു വ്യാജനീക്കം ശ്രദ്ധയില്‍പ്പെട്ടു. ഇന്ത്യാവിഷന്റെ പേരും സമാനമായ ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനവുമായി ഇന്ത്യാവിഷന് യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. ഈ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. സമൂഹമാധ്യമങ്ങളിലെ കള്ളപ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യാവിഷന്‍ അധികൃതര്‍


ഒരു കാലഘട്ടത്തിന് സാക്ഷിയായിരുന്ന ഇന്ത്യാവിഷന്‍ ചാനല്‍ അടച്ചുപൂട്ടിയത് നികത്താനാവാത്ത നഷ്ടമാണെന്ന് അഭിപ്രായപ്പെടുന്നുവരുണ്ട്. സമൂഹത്തില്‍ നന്മയുടെയും സത്യസന്ധതയുടെയും വെളിച്ചമായിരുന്ന ഒരു ശബ്ദം നിലച്ചുവെന്നാണ് പലരും പറയുന്നത്. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയ വലിയൊരു കാവലാളായി രംഗത്തുണ്ടെങ്കിലും, വാര്‍ത്തയിലെ വാസ്തവം തിരിച്ചറിയാനാകാത്തത് പോരായ്മയാണ്.

ഐസ്‌ക്രീം കേസ് ലൈവായി നിര്‍ത്തിയ പ്രധാന മാധ്യമം ഇന്ത്യവിഷന്‍ ആയിരുന്നു. വി എം ദീപ എന്ന ധീരയായ പത്രപര്വര്‍ത്തകയുടെ റിപ്പോര്‍ട്ടിങ്ങിന്റെ കരുത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഐസ്‌ക്രീം പാര്‍ലര്‍ കേസ് മുസ്ലീം ലീഗും, ചാനലും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്കും, പി കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയിലേക്കും വരെ നയിച്ചു.

മൈസൂര്‍ കല്യാണത്തിന് എതിരെയുള്ള പ്രചാരണം, എന്‍ഡോസള്‍ഫാന്‍ വിഷയം, മുത്തങ്ങയിലെ ആദിവാസികള്‍ക്ക് എതിരെയുള്ള പോലിസ് നായാട്ട്, കരിമണല്‍ ഖനനം, പ്ലാച്ചിമട സമരം, മൂലമ്പിള്ളി സമരം, ടൈറ്റാനിയം അഴിമതി, വിളപ്പില്‍ ശാല സമരം എന്നിങ്ങനെ ഇന്ത്യവിഷന്‍ നിറഞ്ഞുനിന്ന ഒരുകാലമായിരുന്നു.

ചാനല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതോടെ ജീവനക്കാര്‍ മറ്റിടങ്ങളിലേക്ക് ചേക്കേറി. സംപ്രേഷണം അവസാനിക്കുന്ന സമയത്ത് തന്നെ ജീവനക്കാര്‍ക്ക് ഏറെ മാസങ്ങളിലെ ശമ്പള കുടിശ്ശിക ലഭിയ്ക്കാനുണ്ടായിരുന്നു. ഇന്ത്യവിഷന്‍ ചാനല്‍ തുടങ്ങിയപ്പോള്‍ അതിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു എം വി നികേഷ് കുമാര്‍. വെടിക്കെട്ട് റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടായിരുന്നതാണ് ഇന്ത്യവിഷനെ മുന്നോട്ട് കുതിപ്പിച്ചതെന്ന് ഒരിക്കല്‍ നികേഷ് കുമാര്‍ പറഞ്ഞിരുന്നു. പിന്നീട് നികേഷ് റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങി. 28 വര്‍ഷത്തിന് ശേഷം മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റോറിയല്‍ ചുമതല ഒഴിഞ്ഞ് സിപിഎം രാഷ്ട്രീയത്തിലേക്ക് കടന്നു. എന്തായാലും ഇന്ത്യാവിഷന്‍ വീണ്ടെടുക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ക്കിടെയാണ് വ്യാജനീക്കമെന്നാണ് എം കെ മുനീര്‍ പറയുന്നത്.