ടെഹ്‌റാന്‍: യുദ്ധത്തിനിടെ, ഇസ്രയേലിനായി ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് കൗറൂഷ് കീവാനി എന്നയാളെ ഇറാന്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട മിസാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സുപ്രീം കോടതി വധശിക്ഷ ശരിവെച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് കീവാനിയുടെ ശിക്ഷ നടപ്പാക്കിയത്. ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ഉദ്യോഗസ്ഥര്‍ക്ക് 'തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും' കൈമാറിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.

പിടിയിലായത് ജൂണില്‍

ഇസ്രയേലും അമേരിക്കയുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വധശിക്ഷയാണിത്. കഴിഞ്ഞ ജൂണില്‍ ഇസ്രയേലുമായുണ്ടായ 12 ദിവസത്തെ യുദ്ധത്തിനിടെയാണ് കീവാനി പിടിയിലായത്. ആറ് യൂറോപ്യന്‍ രാജ്യങ്ങളിലും ടെല്‍ അവീവിലുമായി ഇയാള്‍ മൊസാദ് ഏജന്റുമാരില്‍ നിന്ന് പരിശീലനം നേടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തങ്ങളുടെ ആണവ-സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്ന ഇസ്രയേല്‍ ചാരന്മാരെ ഇറാന്‍ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്. 2024 ജനുവരിയിലും സമാനമായ രീതിയില്‍ മൊസാദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നാലു പേരെ ഇറാന്‍ തൂക്കിലേറ്റിയിരുന്നു.

ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തിന്റെ നാലാം ദിവസം സാവോജ്ബൊലാഗില്‍ വെച്ചാണ് കീവാനി അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചെങ്കിലും, ആരോപണങ്ങളെ പിന്തുണയ്ക്കുന്ന സ്വതന്ത്രമായ തെളിവുകളൊന്നും പരസ്യമാക്കിയിട്ടില്ല.

മൊസാദില്‍ ചേര്‍ന്നത് ഓണ്‍ലൈന്‍ വഴി

റെവല്യൂഷണറി ഗാര്‍ഡിന്റെ ഇന്റലിജന്‍സ് വിഭാഗമാണ് കീവാനിയെ കസ്റ്റഡിയിലെടുത്തതെന്ന് അര്‍ദ്ധ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് പണം, വാഹനങ്ങള്‍, അത്യാധുനിക വാര്‍ത്താവിനിമയ-നിരീക്ഷണ ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്.

ഓണ്‍ലൈന്‍ മുഖേനയാണ് കീവാനി മൊസാദില്‍ ചേര്‍ന്നതെന്നും വിദേശത്ത് പരിശീലനം ലഭിച്ച ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ അവകാശവാദങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഏറ്റവും കൂടുതല്‍ വധശിക്ഷ ഇറാനില്‍

ജൂണിലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രായേലിനായി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഇറാന്‍ വധശിക്ഷ നടപ്പിലാക്കുന്ന വ്യക്തികളില്‍ ഏറ്റവും ഒടുവിലത്തെയാളാണ് കീവാനി. ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നായ ഇറാന്‍, ചാരവൃത്തി ഉള്‍പ്പെടെയുള്ള ദേശീയ സുരക്ഷാ കേസുകളില്‍ ദീര്‍ഘകാലമായി ഈ ശിക്ഷാരീതി ഉപയോഗിക്കുന്നുണ്ട്. യുദ്ധത്തിന് പിന്നാലെ ഇത്തരം കുറ്റങ്ങള്‍ ചുമത്തിയുള്ള അറസ്റ്റുകളിലും വധശിക്ഷകളിലും വന്‍ വര്‍ദ്ധനവുണ്ടായതായി മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ യുദ്ധത്തിന് ശേഷം ഇറാനില്‍ വധശിക്ഷകള്‍ കുത്തനെ ഉയര്‍ന്നതായി 'ദി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യാവകാശ സംഘടനയായ 'HRANA'യില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച്, ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ വധശിക്ഷാ നിരക്ക് ഗണ്യമായി വര്‍ദ്ധിച്ചതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. സമാനമായ കുറ്റങ്ങള്‍ ചുമത്തി ഡസന്‍ കണക്കിന് ആളുകള്‍ കൂടി വധശിക്ഷ നേരിടേണ്ടി വന്നേക്കാമെന്ന് 'ദി സണ്‍ഡേ ടൈംസും' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.