- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയില്‍ ഹമാസിനെതിരെ യുദ്ധം തുടരുന്നു; വടക്കന്‍ അതിര്‍ത്തിയില്‍ കാലാള്‍പ്പട; ലെബനനില്‍ കടന്നു കയറി വ്യോമാക്രമണം; ഇറാഖ് - സിറിയന്‍ നീക്കത്തിനെതിരെ നാലാം കവാടം; ഇറാന്റെ ആക്രമണം പ്രതീക്ഷിച്ചും ജാഗ്രത; ഒരേസമയം അഞ്ച് യുദ്ധമുഖങ്ങള്‍ തുറന്ന് ഇസ്രായേല്‍
ഒരേസമയം അഞ്ച് യുദ്ധമുഖങ്ങള്‍ തുറന്ന് ഇസ്രായേല്‍
ബെയ്‌റൂത്ത്: ഇസ്രായേല്‍ എന്ന കൊച്ചുരാജ്യം പിറന്നുവീഴുമ്പോള്‍ നേരിട്ട പ്രതിസന്ധികള്‍ സമാനതകള്‍ ഇല്ലാത്തതായിരുന്നു. 1948ലാണ് ഇസ്രയേല്‍ എന്ന രാജ്യം രൂപം കൊണ്ടത്. എന്നാല്‍ ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് എതിരെ അന്ന് അറബ് രാജ്യങ്ങള്‍ കൂട്ടത്തോടെ എതിര്‍പ്പുമായി രംഗത്തുവന്നു. ഈ എതിര്‍പ്പ് ഒന്നാം അറബ് യുദ്ധത്തിലേക്ക് നീങ്ങിയെങ്കിലും ഇസ്രേയല്‍ തന്നെ യുദ്ധം വിജയിച്ചു കയറി. അന്ന് ബാലാരിഷ്ടതകള്‍ ഒന്നമില്ലാതെയാണ് ഇസ്രായേല്‍ വിജയം കൊയ്തത്.
അതിന് ശേഷം ഏഴ് പതിറ്റാണ്ട് കാലത്തും പല യുദ്ധങ്ങള്‍ ചെയ്തു പ്രതിരോധം തീര്‍ത്തുമാണ് ഇസ്രായേല്‍ എന്ന കുഞ്ഞന്‍ രാജ്യം നിലനില്‍ക്കുന്നത്. ഹമാസിനെ വര്‍ഷങ്ങളായി നേരിടുന്ന ഇസ്രായേല്‍ അവരുടെ ഭീഷണി ഏതാണ്ട് തീര്‍ത്ത ശേഷമാണ് ഇപ്പോള്‍ ഹിസ്ബുള്ളക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അതേസമയം തന്നെ ഇറാന്റെ നീക്കങ്ങളെല്ലാം കരുതലോടെ വീക്ഷിക്കുകയും ചെയ്യുന്നു ഇസ്രായേല്‍. ഇസ്മായില്‍ ഹനിയ്യയെ വധിച്ചതില്‍ അടക്കം തിരിച്ചടി ഇസ്രായേല്‍ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മൊസാദും ജാഗ്രതയോടെ കാര്യങ്ങള്‍ വിശദീകരിക്കുന്നു. സിറിയയില്‍ നടക്കുന്ന ഇസ്രായേല്‍ വിരുദ്ധ നീക്കങ്ങളും അവര്‍ സൂക്ഷ്മമമായി വിലയിരുത്തുന്നു. ചുരുക്കത്തില്‍ ഒരേ സമയം അഞ്ച് യുദ്ധമുഖങ്ങളാണ് ഇസ്രായേല്‍ തുറന്നിരിക്കുന്നത്.
ചരിത്രമായി ഇത്തരം ചെറുത്തുനില്‍പ്പുകള്‍ ഇസ്രായേലിന് പുത്തരിയല്ല. ആ ചരിത്രത്തിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ഇസ്രയേല്‍ കരുത്തരാകുമ്പോള്‍, ജോര്‍ദാന്‍ നദിക്കരയിലെ വെസ്റ്റ് ബാങ്കിലും, മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്ന് മാറിക്കിടക്കുന്ന ഗാസ സ്ട്രിപ്പിലുമൊക്കെയായി വിഭജിച്ചു കിടന്ന പലസ്തീനികള്‍ ദുര്‍ബലരായി. ഇസ്രയേല്‍ എന്ന രാജ്യം രൂപീകരിച്ചതിനോട് യോജിപ്പില്ലാത്ത അവരുടെ ഇടയില്‍ തീവ്രവാദ ഗ്രൂപ്പുകളുണ്ടായി. സംഘര്‍ഷം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്നു. ലോകശക്തികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഇസ്രയേല്‍ സായുധരായി, രഹസ്യാന്വേഷണ രംഗത്തുള്‍പ്പെടെ മുന്‍നിരക്കാരുമാണ്.
ഒന്നാം അറബ്-ഇസ്രയേലി യുദ്ധം 1949-ലാണ് നടന്നത്. ഇസ്രയേലിന്റെ വിജയത്തോടെയാണ് യുദ്ധം അവസാനിച്ചത്. യുദ്ധത്തിന് പിന്നാലെ 750,000-ലധികം പലസ്തീനികള്‍ക്ക് സ്വന്തം വീടും നാടും വിട്ട് പലായനം ചെയ്യേണ്ടി വന്നു. തുടര്‍ന്ന് ഇസ്രയേല്‍, വെസ്റ്റ് ബാങ്ക്, ഗാസ സ്ട്രിപ്പ് എന്നിങ്ങനെ പ്രദേശം മൂന്നു ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ആ പ്രദേശത്ത്, ഇസ്രയേല്‍, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ എന്നീ രാഷ്ട്രങ്ങള്‍ക്കിടയില്‍ ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായിയിരുന്നു. ഹമാസിന്റെ നേതാക്കളെ ഇല്ലാതാക്കിയതിന് ശേഷമാണ് ഇപ്പോള്‍ ലെബനനെതിരെ ഇസ്രായേല്‍ നീങ്ങിയിരിക്കുന്നത്.
ഒരേ സമയം അഞ്ച് യുദ്ധമുഖങ്ങള്‍ തുറന്നാണ് ഇസ്രയേല്‍ ഇപ്പോള്‍ ആക്രമണം നടത്തുന്നത്. വടക്കന്‍ അതിര്‍ത്തിയില്‍ കാലാള്‍പ്പട, ലെബണനില്‍ കടന്നു കയറി വ്യോമാക്രമണം; ഇറാക്ക്- സിറിയന്‍ നീക്കത്തിനെതിരെ നാലാം കവാടം, ഇറാന്റെ ആക്രമണം പ്രതീക്ഷിച്ച് അതീവ ജാഗ്രത ഇതാണ് ഇപ്പോള്‍ ഇസ്രയേലിന്റെ അവസ്ഥ. ഹിസ്ബുള്ളക്കെതിരെ പുതിയൊരു യുദ്ധമുഖം തങ്ങള്‍ തുറക്കുകയാണ് എന്നാണ് കഴിഞ്ഞയാഴ്ച ഇസ്രയേല്‍ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് അതിന്റെ ഏറ്റവും തന്ത്രപരമായ നീക്കത്തിലൂടെ ലബനനില്‍ പേജറുകള്‍ വഴി സ്ഫോടനത്തിലൂടെ ഹിസ്ബുള്ളയെ പിടിച്ചു കുലുക്കി.
തുടര്‍ന്ന് വോക്കിടോക്കികളിലൂടെയും സ്ഫോടനം നടന്നപ്പോള്‍ ഹിസ്ബുള്ള ഭീകരര്‍ ആകെ വലഞ്ഞു. പിന്നീട് ഹിസ്ബുള്ളയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളെ കൂടി വധിച്ചതോടെ ഇസ്രയേല്‍ സൈന്യം ഏത് നിമിഷവും ലബനനില്‍ കടന്ന് കയറി ആക്രമണം നടത്താനുളള സാധ്യത തെളിയുകയായിരുന്നു. ഇന്നലെ നടത്തിയ മാരകമായ ആക്രമണത്തിലൂടെ ഹിസ്ബുള്ളക്ക് കനത്ത തിരിച്ചടി നല്‍കാനും ഇസ്രയേല്‍ സൈന്യത്തിന് കഴിഞ്ഞു. ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായി തകര്‍ക്കാനും വടക്കന്‍ അതിര്‍ത്തിയിലെ സ്വന്തം ജനങ്ങളെ രക്ഷിക്കാനും ഏതറ്റം വരെയും പോകും എന്നാണ് ഇസ്രയേല്‍ വിദേശകാര്യമന്ത്രി യവ് ഗാലന്റും സൈനിക വക്താവ് ഡാനിയല്‍ ഹഗാരിയും വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത് വരെ ഇസ്രയേലുമായി ഏറ്റുമുട്ടല്‍ തുടരുമെന്നാണ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയുടെ നിലപാട്.
ഇസ്രയേലുമായി തുറന്ന യുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്ന ഹിസ്ബുള്ള ഉപമേധാവി നയിം ക്വാസിയും പ്രഖ്യാപിച്ച് കഴിഞ്ഞു. 2006 ലാണ് ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ അവസാനമായി തുറന്ന യു്ധം നടന്നത്. ഏകദേശം ഒരു മാസത്തോളം പോരാട്ടം നീണ്ടു നിന്നു. ലബനനെ സംബന്ധിച്ച് വര്‍ഷമായി അവരുടെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം ദയനീയമാണ്. വൈദ്യുതി വിതരണ ശൃംഖലയും ബാങ്കിംഗ് മേഖലയും എല്ലാം തകര്‍ന്ന് തരിപ്പണമായ ഒരു രാജ്യത്തിന് ഇനിയൊരു യുദ്ധം കൂടി താങ്ങാനുള്ള സ്ഥിതിയില്ല എന്നതാണ് സത്യം. കൂടാതെ
രാജ്യസുരക്ഷക്ക് തന്നെ ഹിസ്ബുള്ള തീവ്രവാദികള്‍ ഭീഷണിയായി മാറുകയും ചെയ്തു. 2006 ല്‍ ഹിസ്ബുള്ളയുടെ കൈവശമുണ്ടായിരുന്നത് പതിനയ്യായിരത്തോളം റോക്കറ്റുകളാണ്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പത്തിരട്ടിയിലധികം റോക്കറ്റുകള്‍ ഭീകരരുടെ കൈവശം ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നൂറ് കണക്കിന് മിസൈലുകളും ഡ്രോണുകളും ഹിസ്ബുള്ളയുടെ കൈവശം ഉണ്ടെന്നും ടാങ്കുകളും കവചിത വാഹനങ്ങളും എല്ലാം അവര്‍ സ്വന്തമാക്കിയതായും പറയപ്പെടുന്നു. ഇരുപത്തയ്യായിരം മുതല്‍ അമ്പതിനായിരം വരെ പ്രവര്‍ത്തകരാണ് നിലവില്‍ ഹിസ്ബുള്ളയില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഹമാസിനെ പോലെ ഹിസ്ബുള്ളയും ഇസ്രയേല്‍-ലബനന്‍ അതിര്‍്ത്തിയില്‍ ഉടനീളം ഭൂഗര്‍ഭ തുരങ്കങ്ങള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. ആയുധങ്ങള്‍ സൂക്ഷിക്കാനും നേതാക്കള്‍ക്ക് ഒളിച്ചിരിക്കാനും എല്ലാം ഈ തുരങ്കങ്ങളാണ് ഭീകരര്‍ക്ക് സഹായകമാകുന്നത്. എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടാന്‍ പോരുന്ന സൈനിക ശേഷിയാണ് ഇസ്രയേലിന്റേത്. അമേരിക്കയുടെ പ്രതിരോധ പങ്കാളിത്തത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കോടി രൂപയുടെ ആയുധങ്ങളാണ് ഇസ്രയേലിന് ഓരോ വര്‍ഷവും ലഭിക്കുന്നത്.
ശത്രുക്കളുടെ ആക്രമണം നേരിടുന്നതിനായി ഒരുക്കിയിട്ടുളള അയണ്‍ഡോം സംവിധാനത്തിനും അമേരിക്കയുടെ സാങ്കേതിക സഹായം
ലഭിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നാല്‍ ലബനനിലെ 10 ലക്ഷം പേരെയെങ്കിലും അത് ദോഷകരമായി ബാധിക്കും. അതിനിടെ ഇറാന്‍ യുദ്ധരംഗത്ത് ഇറങ്ങുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഹിസ്ബുളളക്കും ഹമാസിനും എല്ലാവിധ സഹായങ്ങളും നല്‍കുന്നത് ഇറാനാണെന്നത് പരസ്യമായ രഹസ്യമാണ്. ഇറാനും കൂടി യുദ്ധരംഗത്ത് ഇറങ്ങിയാല്‍ യുദ്ധത്തിന്റെ ഗതി തന്നെ മാറാനാണ് സാധ്യത.
ദീര്‍ഘദൂര മിസൈലുകളുടെ വന്‍ ശേഖരം തന്നെ ഇറാന്റെ കൈവശമുണ്ട്. ഇത്തരത്തില്‍ ഒരാക്രമണം ഉണ്ടായാല്‍ അത് നേരിടുന്നതിന് വേണ്ടി അമേരിക്ക അവരുടെ ഏററവും വലിയ പടക്കപ്പലുകളായ യു.എസ്.എസ് ഏബ്രഹാം ലിങ്കനും യു.എസ്.എസ് തിയോഡര്‍ റൂസ്വെല്‍റ്റും ഗള്‍ഫ് മേഖലയില്‍ തമ്പടിച്ചിട്ടുണ്ട്. എന്നാല്‍ ഹമാസിനെ സംബന്ധിച്ച് അവര്‍ ഏറെക്കൂറെ തകര്‍ന്ന മട്ടാണ്. ഹമാസിനെ പിന്തുണക്കാനെത്തിയ ഹൂത്തി വിമതരും ഇപ്പോള്‍ ദുര്‍ബലരാണ്.
ഇപ്പോഴത്തെ നിലയില്‍ ലബനാന്‍-ഇസ്രായേല്‍ യുദ്ധാന്തരീക്ഷം കൂടുകല്‍ ശക്തമായാല്‍ അത് ഒരുപാട് തലങ്ങളിലേക്ക് വ്യാപിക്കും. ഇറാന്‍ വെറുതെ ഇരിക്കില്ലെന്ന് വ്യക്തമാണ്. ലെബനാന് നേരെ ഇസ്രായേല്‍ ആക്രമണം നടന്നാല്‍ വളരെ ശക്തമായി തന്നെ പ്രതിരോധിക്കാന്‍ തങ്ങള്‍ മുന്നിലുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികള്‍ വളരെ സമരോത്സുകരായിതന്നെ ചെങ്കടല്‍ തീരത്ത് ശക്തമാണ്. ഇറാഖിലാണെങ്കില്‍ റെസിസ്റ്റന്‍സ് ഗ്രൂപ്പ് വളരെ സജീവമായിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ ഹൈഫക്കെതിരെ ആക്രമണം നടത്തി അവര്‍ രംഗത്തുണ്ട്. വളരെ ബഹുതല സ്പര്‍ശിയായിട്ടുള്ള വ്യാപ്തിയിലേക്ക് യുദ്ധം പോകുമെന്ന ആശങ്ക ഏറ്റവും കൂടുതലുള്ളത് അമേരിക്കക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ അമേരിക്കയും കരുതലെടുക്കും. പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സാഹചര്യം തീര്‍ത്തും അപകടകരമായ അവസ്ഥയിലാണ് കാര്യങ്ങള്‍.IO