ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. കൂടിക്കാഴ്ച സാധിക്കാത്ത പശ്ചാത്തലത്തില്‍ ആശ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ റസിഡന്റ് കമ്മീഷണര്‍ വഴി നിവേദനം നല്‍കിയതായി മന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ഇനിയും സമയം തേടുമെന്നും വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി നല്‍കിയ കത്തില്‍ ഇന്‍സന്റീവ് വര്‍ദ്ധനയാണ് ആദ്യം പരാമര്‍ശിച്ചിരിക്കുന്നത്. 2023-24 വര്‍ഷത്തെ കുടിശിക അനുവദിക്കണമെന്നും കത്തിലുണ്ട്. എയിംസ് അനുവദിക്കണമെന്ന കാര്യവും കാസര്‍കോട്, വയനാട് ജില്ലകളില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന ആവശ്യവും മന്ത്രി കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇന്നലെയാണ് മന്ത്രി വീണാ ജോര്‍ജ് സമയം തേടിയത്. ആശ വര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഓഫീസ് വഴി കേന്ദ്രമന്ത്രിക്ക് വീണാ ജോര്‍ജ് കത്തയച്ചത്. പാര്‍ലമെന്റ് സമ്മേളനവും നടക്കുന്നതിനാല്‍ കൂടിക്കാഴ്ചയ്ക്ക് ഇതുവരെ അനുമതിയും ലഭിച്ചിട്ടില്ല. ആശമാരുടെ സമരത്തില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും മന്ത്രി ആവര്‍ത്തിച്ചു. ക്യൂബന്‍ ഉപപ്രധാനമന്ത്രിയെയും സംഘത്തെയും കാണലാണ് മന്ത്രി ഡല്‍ഹിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി.

അതിനിടെ, ആശാ വര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎപ് രംഗത്തെത്തി. നിയമസഭ ബഹിഷ്‌കരിച്ച് യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മന്ത്രിമാര്‍ തുടക്കം മുതല്‍ സമരത്തെ അധിക്ഷേപിക്കുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. സമരം തീര്‍ക്കണമെന്ന് മുഖ്യമന്ത്രിയോടെ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമം ഉണ്ടാകണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു. നിരാഹാര സമരം തുടങ്ങിയത് സമരത്തിലെ വഴിത്തിരിവാണ്. സമരത്തിന് ആശമാര്‍ക്ക് കൂടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ്, പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപിമാരും ആശമാര്‍ക്കായി പോരാട്ടം നടത്തുകയാണെന്നും വിഷയം രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ് എംപിമാരാണെന്നും ചൂണ്ടിക്കാട്ടി.