ഒറ്റപ്പാലം: പി കെ ശശിയുടെ കഞ്ചാവ് പരാമര്‍ശം ചൂണ്ടിക്കാട്ടി സിപിഎമ്മിനെയും സൈബര്‍ സഖാക്കളെയും പരിഹസിച്ചു നടനും സംവിധായകനുമായ ജോയ് മാത്യു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളുടെ കഞ്ചാവ് ഉപയോഗത്തെ കുറിച്ചു ശശി പ്രസംഗിച്ചപ്പോഴാണ് പരിഹാസവുമായി ജോയ് മാത്യു രംഗത്തുവന്നത്. 'ഞാന്‍ എന്ത് പോസ്റ്റിട്ടാലും അതിനടിയില്‍ സിപിഎം പ്രാഫൈല്‍ ഉള്ളവര്‍ വന്ന് കഞ്ചാവ്... കഞ്ചാവ് ....എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇത് കേട്ടിട്ട് ഇതുവരെ ഒന്നും മനസ്സിലായിരുന്നില്ല; ഇപ്പോള്‍ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത്' - എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.

'ഞങ്ങള്‍ക്ക് കഞ്ചാവ് തരൂ ഞങ്ങള്‍ ഒന്ന് വിപ്ലവം നടത്തട്ടെ 'എന്ന് നിലവിളിക്കുകയായിരുന്നു കമന്റോളികളായ ആ സൈബര്‍ അടിമകള്‍....എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഞാന്‍ ഇക്കാര്യം മനസ്സിലാക്കാന്‍ വൈകിയതില്‍ സഖാക്കള്‍ സദയം ക്ഷമിക്കുക.

ഞാന്‍ എന്ത് പോസ്റ്റിട്ടാലും

അതിനടിയില്‍ സിപിഎം പ്രാഫൈല്‍ ഉള്ളവര്‍ വന്ന് കഞ്ചാവ്... കഞ്ചാവ് ....എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇത് കേട്ടിട്ട് ഇതുവരെ ഒന്നും മനസ്സിലായിരുന്നില്ല..

ഇപ്പോള്‍ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ്

കാര്യം പിടികിട്ടിയത്

'ഞങ്ങള്‍ക്ക് കഞ്ചാവ് തരൂ ഞങ്ങള്‍ ഒന്ന് വിപ്ലവം നടത്തട്ടെ 'എന്ന് നിലവിളിക്കുകയായിരുന്നു

കമന്റോളികളായ ആ സൈബര്‍ അടിമകള്‍....എന്ന്

ഇപ്പോഴാണ് മനസ്സിലായത്.

സഖാവിന് നന്ദി.

ശശിയുടെ വാക്കുകള്‍ ഇങ്ങനെ:

''തൊള്ള പറയുന്ന ഒരുത്തനുണ്ട്. ഇവരൊക്കെ കൂടി സിപിഎമ്മിന്റെ വിവിധ കമ്മിറ്റികളില്‍ കയറിപ്പറ്റി. കഞ്ചാവ് വലിക്കാരന്‍ ഉയര്‍ന്ന നേതാവായി. പിന്നെ എറണാകുളത്ത് നിന്ന് ഒരു സത്വം വന്നിട്ടുണ്ട്. ഓന്‍ എങ്ങനെയാണെന്ന് വച്ചാല്‍ ഫുള്ളായി കഞ്ചാവടിക്കും. ഇങ്ങനെ നിവര്‍ന്ന് നില്‍ക്കില്ല, അടുത്ത് നില്‍ക്കുന്ന ആളുടെ മേലില്‍ ചാരിയാ നില്‍ക്കുന്നത്.കാരണം എപ്പഴാ വീഴുകയെന്ന് പറയാന്‍ പറ്റില്ല. കണ്ടില്ലേ ഫോട്ടോ കണ്ടില്ലേ. ചാരിനിന്നിട്ട അവന്റെ പ്രസംഗം.

ഈ ധിക്കാരവും, തണ്ടും, കൊലവിളിയും ഒക്കെ നടത്തുന്ന ആളുകള്‍ ഒരു കാര്യം മനസിലാക്കണം ഞങ്ങള്‍ക്കെതിരായി പറയുമ്പോള്‍ ഞങ്ങളൊക്കെ ജീവിക്കുന്നത് ഞങ്ങളുടെ തടിമിടുക്കിന്റെ പവര്‍ കൊണ്ടല്ല. ഞങ്ങളൊക്കെ ജീവനെ പൊലെ സ്നേഹിക്കുന്ന ഞങ്ങള്‍ക്കൊക്കെ രക്ഷാകവചമൊരുക്കാന്‍ ശേഷിയുള്ള നൂറുകണക്കിന് വരുന്ന സഖാക്കളുണ്ടെന്ന് മനസിലാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാ.

ആരോഗ്യം മെച്ചപ്പെടാന്‍ ബലാരിഷ്ടം കഴിക്കേണ്ട. ഇത് മനസിലാക്കിയാല്‍ മതി. മനസിലാക്കിയില്ലെങ്കിലോ ബലാഗുളിച്യാതി എണ്ണയിട്ടിട്ട് ആഴ്ചകളോളം കിടക്കേണ്ടി വരു, കെട്ടോ. ഭീഷണിയൊന്നും ഇങ്ങോട്ട് എടുക്കല്ലേ. എത്ര കാലായെടോ ഈ പണിയുമായിട്ട് നടക്കാന്‍ തുടങ്ങിയിട്ട്. വര്‍ഷങ്ങളെത്രയായി ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചെങ്കൊടിയുമായി നടക്കാന്‍ തുടങ്ങിയിട്ട്. ശത്രുക്കളുമായി ഏറ്റുമുട്ടിയിട്ടാ നിന്നത്. ആത്മാഭിമാനം പണയപ്പെടുത്തിയിട്ടില്ല. ഞങ്ങളെല്ലാം അങ്ങനെയാ. എന്നിട്ട് ഇപ്പോള്‍ വന്നിട്ട് കാണിച്ച് തരാം....ശരിപ്പെടുത്തി കളയും.... !

ശരിപ്പെടുത്തി തരാന്‍ ഞങ്ങള്‍ എന്താ നിങ്ങള്‍ക്ക് നിന്ന് തര്യാ. ആ തോന്നലൊക്കെ മനസില്‍ വെച്ചാല്‍ മതി. ഇവര് ഈ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങളുണ്ടല്ലോ,ഈ തെമ്മാടിത്തരങ്ങളൊക്കെ അനുസരിക്കുന്നവര്‍ക്ക് മാത്രമേ പാലക്കാട് ജില്ലയിലെ സിപിഎമ്മില്‍ നില്‍ക്കാന്‍ പറ്റു എന്നുണ്ടെങ്കില്‍. ഞാനൊരു കാര്യം പറയുന്നു നിങ്ങളുടെ ധിക്കാരത്തിന്റെ മുന്നില്‍ വായ് പൊത്തി നില്‍ക്കാന്‍ നായക്കളെ കിട്ടും. ഉശിരുള്ള ഒറ്റ കമ്മ്യൂണിസ്റ്റുകാരനെ കിട്ടില്ല. നായ്ക്കളെ കിട്ടും, വാലാട്ടി നടക്കാന്‍ നായ്ക്കളെ കിട്ടും നിങ്ങള്‍ക്ക് ഈ വികാരം മുഴുവന്‍ നേതൃത്വം മനസിലാക്കണം. മനസിലാക്കുന്നില്ല എന്ന പരാതിയാണ് ഞങ്ങള്‍ക്കുള്ളത്''