തിരുവനന്തപുരം: എന്‍.പ്രശാന്ത് ഐ.എ.എസിനെതിരെ മാതൃഭൂമി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പുനഃപ്രസിദ്ധീകരിക്കരുതെന്നും വെബ്‌സൈറ്റ്, ഇ-പേപ്പര്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവയില്‍ നിന്ന് അവ നീക്കണമെന്നും കോടതി ഉത്തരവിട്ടു. അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് തയ്യാറാക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയ വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രത്തിനെതിരെ എന്‍.പ്രശാന്ത് ഐ.എ.എസ് അന്‍പതു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് ഇടക്കാല വിധി. 'വ്യാജ ഹാജര്‍' രേഖപെടുത്തിയെന്നും 'ഉന്നതി' (കേരള എംപവര്‍മെന്റ് സൊസൈറ്റി) യുടെ ഫയലുകള്‍ കാണാനില്ലെന്നും അവ പുതിയ സി.ഇ.ഒ ഗോപാലകൃഷ്ണന് കൈമാറിയില്ലെന്നും മറ്റും ഡോ എ.ജയതിലക് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നായിരുന്നു വാര്‍ത്ത.

കേസ് ഫയലില്‍ സ്വീകരിച്ച കോടതി പ്രതികളായ മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ബിജു പരവത്ത്, പത്രാധിപര്‍ മനോജ് കെ.ദാസ്, പ്രസാധകന്‍ പി.വി.നിധീഷ്, മാതൃഭൂമി പ്രിന്റിംഗ് & പബ്ലിഷിംഗ് കമ്പനി, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍ എന്നിവര്‍ക്ക് കോടതിയില്‍ ഹാജരാകുന്നതിന് സമന്‍സ് അയക്കാന്‍ ഉത്തരവായി. കൂടാതെ പ്രതികള്‍ ഈ വാര്‍ത്തകള്‍ പുനഃപ്രസിദ്ധീകരിക്കരുതെന്നും അവരുടെ വെബ്‌സൈറ്റ്, ഇ-പേപ്പര്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവയില്‍ നിന്ന് നീക്കം ചെയ്യാനും കോടതി ഉത്തരവ് പുറപ്പെടുവിച്ചു. വാര്‍ത്തകള്‍ തികച്ചും കളവാണെന്നും, തനിക്കു മാനനഷ്ടം ഉണ്ടായെന്നും കാണിച്ചാണ് എന്‍.പ്രശാന്ത് ഐ.എ.എസ് കോടതി മുമ്പാകെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തത്.

അപകീര്‍ത്തികരമായ വാര്‍ത്തകളുടെ ഉള്ളടക്കം വിവരാവകാശ നിയമപ്രകാരം (RTI) സമര്‍പ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പത്രം അവകാശപ്പെട്ടിരുന്നു. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഹാജര്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക വിഷയങ്ങളെക്കുറിച്ചുള്ള ഏതൊരു റിപ്പോര്‍ട്ടും കാഡര്‍ നിയന്ത്രിക്കുന്ന അധികാരിയുടെ (cadre-controlling authority) അനുമതിയോടെ മാത്രമേ തയ്യാറാക്കാന്‍ പാടുള്ളൂ എന്നത് നിയമമമാണ്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സ്പെഷ്യല്‍) വഴി നല്‍കുന്ന, ചീഫ് സെക്രട്ടറിയുടെ വ്യക്തമായ ഉത്തരവുകള്‍ കൂടാതെ അത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് നിയമവിരുദ്ധവും അനധികൃതവുമാണ്.

കൂടാതെ, അച്ചടക്ക വിഷയങ്ങളിലുള്ള ഒരു അന്വേഷണ റിപ്പോര്‍ട്ടും അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് വിവരാവകാശ നിയമപ്രകാരം മൂന്നാം കക്ഷിക്ക് കൈമാറാന്‍ പാടില്ല എന്നതും നിയമമാണ്. വാര്‍ത്തയ്ക്ക് അടിസ്ഥാനമായ റിപ്പോര്‍ട്ട് വകുപ്പുതലത്തിലുള്ളതാണെങ്കില്‍ (departmental) അത് എസ്.സി./എസ്.ടി. വകുപ്പുമായി (SC ST Department) ബന്ധപ്പെട്ടതായിരുന്നെങ്കില്‍, അത് ബന്ധപ്പെട്ട മന്ത്രിക്ക് സമര്‍പ്പിക്കേണ്ടതായിരുന്നു. ഈ നടപടിക്രമം ഒന്നും പാലിക്കപ്പെടാതെ അനധികൃതമായി ഗൂഢാലോചന നടത്തി തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട് എന്നായിരുന്നു ആക്ഷേപം.

അത്തരം റിപ്പോര്‍ട്ടുകളുടെ സൃഷ്ടി ഡോ. എ. ജയതിലകിനും ഈ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു എന്ന് പറയപ്പെടുന്ന വ്യക്തിക്കും മാത്രമേ അറിയാമായിരുന്നുള്ളൂ. പ്രതികള്‍ സൃഷ്ടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത അപകീര്‍ത്തികരമായ റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് പറയപ്പെടുന്ന വ്യക്തിയുടെ വിവരങ്ങള്‍ വാര്‍ത്തയില്‍ രഹസ്യമാക്കി വെച്ചു. നിയമപരമായ യാതൊരു അധികാരമോ പിന്‍ബലമോ ഇല്ലാതെ ഡോ. എ. ജയതിലകിന്റെ മാത്രം അറിവില്‍ സൃഷ്ടിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടിനായി വിവരാവകാശ അപേക്ഷ നല്‍കിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചന വെളിപ്പെടുത്തുന്നതായി എന്‍.പ്രശാന്ത് ഐ.എ.എസ് കോടതിയില്‍ സമര്‍പ്പിച്ച അന്യായത്തില്‍ വ്യക്തമാക്കി.

ഈ വാര്‍ത്തക്ക് അടിസ്ഥാനമായ റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമായി തെറ്റും ദുരുദ്ദേശത്തോടെ കെട്ടിച്ചമച്ചതുമാണെന്ന് പ്രതികള്‍ക്ക് പൂര്‍ണ്ണമായി അറിയാമായിരുന്നിട്ടും അവര്‍ അത് പ്രസിദ്ധീകരിച്ചു എന്നത് അന്യായത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ, പ്രതികള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഉള്ളടക്കം പൂര്‍ണ്ണമായും തെറ്റാണെന്ന് ദിവസങ്ങള്‍ക്കുശേഷം മറ്റ് മാധ്യമങ്ങളിലൂടെ വ്യക്തമായിട്ടും, അപകീര്‍ത്തികരമായ വാര്‍ത്ത പിന്‍വലിക്കാന്‍ പ്രതികള്‍ തയ്യാറായില്ല. പ്രതികളുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടികള്‍ തന്നെ പരസ്യമായി അപകീര്‍ത്തിപ്പെടുത്താനുള്ള അവരുടെ ദുഷ്ടലാക്കിനെ കൂടുതല്‍ സ്ഥിരീകരിക്കുകയും പ്രതികളുടെ പ്രവൃത്തികള്‍ മനഃപൂര്‍വ്വമായിരുന്നു എന്ന് തെളിയിക്കുകയും ചെയ്യുന്നു എന്ന് അന്യായത്തില്‍ പറയുന്നുണ്ട്. പ്രശാന്ത് ഐ.എ.എസിനു വേണ്ടി അഡ്വ ബോറിസ് പോള്‍ , അഡ്വ.സാജന്‍ സേവ്യര്‍, അഡ്വ മനോജ് ശ്രീധര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.