- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റുപറ്റിയെന്ന് നവീന്‍ ബാബു ഏറ്റുപറഞ്ഞെന്ന വാദം കെട്ടിച്ചമച്ചതെന്ന് കുടുംബം ആരോപിക്കുന്നതിനിടെ കണ്ണൂര്‍ കളക്ടറെ അവധിക്ക് അയയ്ക്കാന്‍ സര്‍ക്കാര്‍; കേന്ദ്ര സര്‍ക്കാര്‍ പരിശീലനത്തിന് അനുമതി നല്‍കിയത് കേസ് അന്വേഷണം നീട്ടാനോ? വിവാദം തണുക്കുന്നത് വരെ അരുണ്‍ കെ വിജയനെ മാറ്റി നിര്‍ത്തും?
വിവാദം തണുക്കുന്നത് വരെ അരുണ്‍ കെ വിജയനെ മാറ്റി നിര്‍ത്തും?
കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കെ, കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രസര്‍ക്കാര്‍ പരിശീലനത്തിന് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി.
ഡിസംബര്‍ 2 മുതല്‍ 27 വരെയാണ് പരിശീലനം. സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടര്‍മാര്‍ക്കാണ് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പരിശീലനം നല്‍കുന്നത്. പരിശീലനം കഴിഞ്ഞാല്‍ അരുണ്‍ കെ വിജയന്‍ വീണ്ടും കണ്ണൂര്‍ കളക്ടറുടെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം.
വിവാദം തണുക്കുന്നതു വരെ അരുണ്‍ കെ.വിജയനെ മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പരിശീലനത്തിനുള്ള അനുമതി എന്നും സൂചനയുണ്ട്. വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും അരുണിനെ കളക്ടര്‍ സ്ഥാനത്തുനിന്നു മാറ്റാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല.
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായി കേന്ദ്ര പഴ്സനല്‍ മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടിയിലാണ് അരുണ്‍ കെ.വിജയന്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തുനിന്ന് ആറ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. സെക്രട്ടറി തലത്തിലേക്കു പ്രൊമോഷന്‍ ലഭിക്കാന്‍ വേണ്ടുന്ന മൂന്നാംഘട്ട പരിശീലന പരിപാടിയാണിത്. കലക്ടര്‍ തിരികെയെത്തും വരെ എഡിഎമ്മിന് താല്‍ക്കാലിക ചുമതല നല്‍കും.
അതേസമയം, നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴി വീണ്ടും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 'ഒരു തെറ്റുപറ്റി' എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തേ പുറത്തു വന്നിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത തേടിയാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ പോയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി.
തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ രക്ഷിക്കാന്‍ കളക്ടര്‍ കൂട്ട് നില്‍ക്കുകയാണെന്നായിരുന്നു ആരോപണം. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൊഴി എടുത്തത്.
ആദ്യ മൊഴിയിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നതോടെയാണ് വീണ്ടും കളക്ടറുടെ മൊഴി രേഖപ്പെടുത്തിയത്.നവീന്‍ ബാബു യാത്രയയപ്പിനുശേഷം ചേമ്പറില്‍ എത്തി തെറ്റുപറ്റി എന്നു പറഞ്ഞിരുന്നതായി ആദ്യ മൊഴിയില്‍ ഉണ്ട്. എന്നാല്‍ എന്താണ് പറ്റിയ തെറ്റ്? ഏത് സാഹചര്യത്തിലാണ് കലക്ടറെ കണ്ടത്? തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് കലക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.
ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കളക്ടര്‍ സമാന മൊഴി നല്‍കിയിരുന്നു. അതേസമയം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കളക്ടര്‍ തന്നെ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഇല്ലായിരുന്നു. ഒക്ടോബര്‍ 22 നാണ് പോലീസ് കളക്ടറുടെ മൊഴി ആദ്യം രേഖപ്പെടുത്തിയത്. അന്ന് നല്‍കിയ വിവരങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചത്.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാന്‍ സംസ്ഥാന പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എഡിഎമ്മിന്റേത് ആത്മഹത്യയല്ല, കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം പി പി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസിന് വ്യഗ്രതയെന്നും നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിംഗിള്‍ ബെഞ്ച്, മറുപടി പറയാന്‍ സംസ്ഥാന സര്‍ക്കാരിനോടും സിബിഐയോടും ആവശ്യപ്പെട്ടിരിക്കുകയാണ്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളിയിരുന്നു. സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാര്‍ട്ടിക്ക് ഉണ്ടെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഈ നിലപാടില്‍ മാറ്റമില്ല. സിബിഐ കൂട്ടില്‍ അടച്ച തത്തയാണെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. അതേസമയം പാര്‍ട്ടി നവീന്റെ കുടുംബത്തിന് ഒപ്പമാണെന്നും എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു.
മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെ സിപിഎമ്മും സര്‍ക്കാരും പ്രതിരോധത്തിലായിരുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് സിപിഎമ്മും സര്‍ക്കാരും ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നവീന്‍ ബാബുവിന്റെ മരണശേഷം അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചകള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കുടുംബം അക്കമിട്ട് വ്യക്തമാക്കിയിരുന്നു.
കുടുംബത്തിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറി ഹാജരാക്കാന്‍ എസ്‌ഐടിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്ത് ദിവസമാണ് ഇതിന് കോടതി അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ ആറിന് ഹൈക്കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.