കൊച്ചി: സിപിഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിനായി വഞ്ചിയൂര്‍ ജംക്ഷനില്‍ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചുകെട്ടിയത് കോടതിലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി. മുന്‍ ഉത്തരവുകളുടെ ലംഘനമാണിത്. ആരൊക്കെയാണ് ഈ യോഗത്തില്‍ പങ്കെടുത്തതെന്നെന്നും ഇങ്ങനെ ചെയ്യാന്‍ സംഘാടകര്‍ക്ക് ആരാണ് അനുമതി കൊടുക്കുന്നതെന്നും കോടതി ചോദിച്ചു. ഇത്തരം യോഗങ്ങള്‍ക്ക് എവിടെ നിന്നാണ് വൈദ്യുതി കിട്ടുന്നത്. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

വഞ്ചിയൂര്‍ ജംക്ഷനില്‍ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് സിപിഎം പാളയം ഏരിയ സമ്മേളനത്തിനായി സ്റ്റേജ് കെട്ടിയത്. ഈ സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) നേരിട്ട് ഹാജരായി വസ്തുതകള്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ബന്ധപ്പെട്ട രേഖകളുമായി വ്യാഴാഴ്ച ഹാജരാകാനാണ് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചിന്റെ നിര്‍ദേശം.

പൊതുവഴികള്‍ തടസ്സപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന് മുന്‍ ഉത്തരവുകള്‍ ഒട്ടേറെയുണ്ടായിട്ടും ഇതെല്ലാം നഗ്‌നമായി ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിപാടി നടന്നത് പൊതുറോഡിലാണെന്നും കോടതിയലക്ഷ്യ കേസാണെന്നും വ്യക്തമാക്കിയ കോടതി, ആരാണ് യോഗത്തില്‍ പങ്കെടുത്തത് എന്നും ആരാഞ്ഞു. സ്വമേധയാ കേസെടുക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നു വ്യക്തമാക്കിയാണ് എസ്എച്ച്ഒയോട് നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ചത്.

ഡിസംബര്‍ അഞ്ചിന് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വഞ്ചിയൂര്‍ കോടതി, പൊലീസ് സ്റ്റേഷനു മുന്നിലൂടെ പോകുന്ന റോഡ് അടച്ചുകെട്ടിയതിനെതിരെ അഭിഭാഷകനായ എന്‍.പ്രകാശാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി, ഈ വിഷയത്തില്‍ സുപ്രീം കോടതിയും 2021 ജനുവരി എട്ടിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് നടന്നിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. സര്‍ക്കുലര്‍ ഒക്കെ കോള്‍ഡ് സ്റ്റോറേജില്‍ വച്ചിരിക്കുകയാണ്. സാഹചര്യങ്ങള്‍ മുന്‍പുണ്ടായിരുന്നതിലും മോശമായെന്നും കോടതി പറഞ്ഞു.

എറണാകുളത്ത് കോര്‍പറേഷന്‍ ഓഫിസിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതയില്‍ കസേര നിരത്തി വച്ചിരിക്കുന്നത് കണ്ടു. എറണാകുളം ജില്ലാ ആശുപത്രിയുടെ മുന്നിലൂടെ ഒട്ടേറെ കാല്‍നടക്കാര്‍ പോകുന്നതാണ്. ഇതുപോലെ വഞ്ചിയൂരില്‍ നടന്നതും ഗൗരവമായി കാണുന്നു. ആരാണു യോഗം നടത്തിയത്, ആരൊക്കെ പങ്കെടുത്തു, ഏതൊക്കെ വാഹനങ്ങളാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം അറിയിക്കണം. നടപ്പാത അടച്ചുകെട്ടുന്നത് ജനങ്ങളുടെ സഞ്ചരിക്കാനുള്ള അവകാശത്തെ തടയലാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ കൃത്യമായ സര്‍ക്കുലറുകളുണ്ട്. നടപ്പാത അടച്ചു കെട്ടുന്നതു വഴി കാല്‍നടക്കാര്‍ നടക്കാന്‍ മറ്റു ഭാഗങ്ങള്‍ തേടേണ്ടി വരുന്നു, ഇത് അപകടത്തിന് ഇടയാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ കോടതിയലക്ഷ്യ നടപടിയാണ് സ്വീകരിക്കേണ്ടത്. കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായാണ് നടപടിയാണ് ഉണ്ടായതെന്നെന്നും കോടതി നിരീക്ഷിച്ചു. വഞ്ചിയൂരില്‍ റോഡ് അടച്ച് യോഗം നടത്തിയതില്‍ കേസ് എടുത്തോയെന്ന് കോടതി ചോദിച്ചു. എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. റോഡുകളില്‍ പൊതുയോഗം നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കാല്‍നടക്കാര്‍ റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണം. റോഡുകളില്‍ പൊതുയോഗം നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സര്‍ക്കാരും അറിയിക്കണമെന്ന് ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റീസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

പാതയോരങ്ങളില്‍പ്പോലും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് വിലക്കുള്ളപ്പോഴാണ് വഞ്ചിയൂരില്‍ പ്രധാനവഴി പൂര്‍ണമായും അടച്ചുകൊണ്ട് സി.പി.എമ്മിന്റെ സമ്മേളനം നടന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ഡി.ജി.പി എന്നിവരെ എതിര്‍ കക്ഷികളാക്കിക്കൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇത് പരിഗണിക്കുമ്പോഴാണ് ഇത്തരത്തില്‍ സമ്മേളനം നടത്തിയതിനെയും സര്‍ക്കാരിനേയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. പൊതുനിരത്ത് കയ്യേറി സമ്മേളനങ്ങളും യോഗങ്ങളും നടത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെന്തൊക്കെയാണെന്ന് ഇനി കേസ് പരിഗണിക്കുമ്പോള്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വഞ്ചിയൂരെ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു.

കോടതിയലക്ഷ്യത്തിനുള്ള നടപടിയെടുക്കേണ്ട സംഭവമാണിതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അടുത്തദിവസം കേസ് വീണ്ടും പരിഗണിക്കും. വഴി തടഞ്ഞ് കെട്ടിയ പന്തലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത് എം.വി ഗോവിന്ദനായിരുന്നു. തുടര്‍ന്ന് കെ.പി.എ.സി.യുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകവും സമ്മേളനവേദിയില്‍ അരങ്ങേറിയിരുന്നു. 50-ഓളം പോലീസുകാരെയാണ് രാവിലെ മുതല്‍ വൈകീട്ടുവരെ ഗതാഗതം നിയന്ത്രിക്കാനായി നിയോഗിച്ചിരുന്നത്. വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് വേദിയൊരുക്കിയത്.

റോഡടച്ചുള്ള സമ്മേളനത്തിനെതിരെ വഞ്ചിയൂര്‍ സി.പി.എം ഏരിയാ കമ്മിറ്റിക്കെതിരേ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ അനധികൃത സംഘം ചേരല്‍, ഗതാഗത തടസ്സം, പോലീസിനോട് അപമര്യാദയായി പെരുമാറല്‍ എന്നിവയ്ക്കാണ് കേസ്. സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സി.പി.എം അനുമതി വാങ്ങിയിരുന്നത്. നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. വഞ്ചിയൂര്‍ കോടതിയുടെ സമീപത്തുള്ള റോഡിലാണ് സമ്മേളനവേദിയൊരുക്കിയത്. സമ്മേളനദിനത്തില്‍ ആംബുലന്‍സുകളും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ ഗതാഗതക്കുരുക്കില്‍പെട്ടിരുന്നു.