തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് സസ്‌പെന്റ് ചെയ്ത രജിസ്ട്രാര്‍ ഡോ:കെ. എസ്. അനില്‍കുമാര്‍ വിസിയുടെ വിലക്ക് ലംഘിച്ച് സര്‍വ്വകലാശാലയില്‍ ഹാജരാകുന്നതും അദ്ദേഹം ഒപ്പിട്ട ഫയലുകള്‍ വിസി നിരാകരിക്കുന്നതിനുമിടെ അനില്‍കുമാറിന്റെ നിയമനം ചോദ്യം ചെയ്തുള്ള പരാതി.

കേരള സര്‍വകലാശാല സ്റ്റാറ്റിയൂട്ട് 12 (4)പ്രകാരം സര്‍വ്വകലാശാലയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സര്‍വ്വകലാശാലകളിലേയോ കോളേജുകളിലെയോ അധ്യാപകരില്‍ നിന്ന് മാത്രമേ പാടുള്ളുവെന്നാണ് വ്യവസ്ഥ.അനില്‍കുമാര്‍ കേരള സര്‍വ്വകലാശാലയുടെ കീഴിലുള്ള ഒരു പ്രൈവറ്റ് കോളേജിലെ അധ്യാപകനാണ്. (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളേജ്)

സര്‍ക്കാറിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് അദ്ദേഹം രജിസ്ട്രാറായി തുടരുന്നത്. ഇത് യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

സമാന രീതിയില്‍ പ്രൈവറ്റ് കോളേജ് ആയ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ ഒരു അധ്യാപകന് കാലിക്കറ്റ് സര്‍വകലാശാലയില്‍ രജിസ്ട്രാറായി ഡെപ്യൂട്ടഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ക്വാവാറണ്ടോ ഹര്‍ജിയെ തുടര്‍ന്ന്അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിക്കുകയായിരുന്നു..

ഈ സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ക്ക് വിരുദ്ധമായി നടത്തിയ അനില്‍കുമാറിന്റെ ഡെപ്യൂറ്റേഷന്‍ വ്യവസ്ഥയിലുള്ള നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനംനല്‍കി.

കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന സിണ്ടി ക്കേറ്റാണ് അദ്ദേഹത്തിന്റെ നിയമനം നാലുവര്‍ഷത്തേയ്ക്ക് നീട്ടിനല്‍കിയത്. ചട്ട വിരുദ്ധമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നുവെങ്കിലും യോഗത്തില്‍ സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം നിയമനം നീട്ടി നല്‍കുന്നതിനു വേണ്ടി എല്ലാ ഔദ്യോഗിക അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു.