തിരുവനന്തപുരം: എഐസിസിയുടേതെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നിയമസഭാ സ്ഥാനാര്‍ഥിപ്പട്ടിക വ്യാജമാണെന്ന് കെപിസിസി. സ്‌ക്രീനിങ് കമ്മിറ്റിക്കു മുന്‍പാകെ എത്തിയ സാധ്യതപ്പട്ടിക എന്ന നിലയിലാണ് ഒന്‍പതു പേജുള്ള പിഡിഎഫ് രാവിലെ മുതല്‍ പ്രചരിക്കുന്നത്.

92 മണ്ഡലങ്ങളിലെ സാധ്യതയുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ പട്ടികയാണിത്. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളൂവെന്നും ഇത്തരമൊരു പട്ടിക നല്‍കിയിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി. പക്ഷേ അപ്പോഴും ആ പട്ടികയിലെ പലതു ശരിയാണെന്ന് സൂചനകളുണ്ട്. പട്ടിക ചോര്‍ന്നതോടെയാണ് നിഷേധ കുറിപ്പുമായി നേതൃത്വം രംഗത്തു വന്നതെന്നാണ് സൂചന.

മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിങ് കമ്മിറ്റി കേരളത്തിലെത്തി ജില്ലാ നേതൃത്വങ്ങളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. 92 മണ്ഡലങ്ങളില്‍ വിജയസാധ്യത പരിശോധിക്കാനായി പാനല്‍ തയാറാക്കിയിട്ടുണ്ട്. കുണ്ടറ, കരുനാഗപ്പള്ളി, ഹരിപ്പാട്, കോട്ടയം, പറവൂര്‍ എന്നീ അഞ്ചു മണ്ഡലങ്ങളില്‍ മാത്രമാണ് നിലവില്‍ ഒറ്റപ്പേരുള്ളത്. നേമത്ത് ശശി തരൂരിനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് സര്‍വേ നടക്കുന്നുണ്ട്. തരൂര്‍ ഉള്‍പ്പെടെ അഞ്ച് എംപിമാരുടെ മത്സരസാധ്യതയാണ് പാര്‍ട്ടി തേടുന്നത്.

നടന്‍ രമേഷ് പിഷാരടിയെ തൃപ്പൂണിത്തുറയിലും ഫുട്‌ബോള്‍ താരം ഐ.എം. വിജയനെ നാട്ടികയിലും പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മടത്ത് ഷാഫി പറമ്പില്‍, ഫര്‍സിന്‍ മജീദ് എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. പി.വി. അന്‍വറിനെ ബേപ്പൂരിലും സി.കെ. ജാനുവിനെ സുല്‍ത്താന്‍ ബത്തേരിയിലും പരിഗണിക്കുന്നതായി സൂചനയുണ്ട്. സന്ദീപ് വാരിയരുടെ പേര് ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പാലക്കാട്, ആറന്മുള മണ്ഡലങ്ങളിലെ പാനലിലുണ്ട്. കെ. മുരളീധരനെ തൃശൂര്‍, വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലൊന്നില്‍ പരിഗണിച്ചേക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്കിടയില്‍ത്തന്നെ തര്‍ക്കമില്ലാത്ത സീറ്റുകളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് കോണ്‍ഗ്രസ് നീക്കം. മണ്ഡലങ്ങളിലെ വിജയസാധ്യത സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും അന്തിമ തീരുമാനം.