പാലക്കാട്: സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തപ്പെടുകയും, കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്ത പി.കെ. ശശിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് രംഗത്തെത്തിയതോടെ പാലക്കാടന്‍ രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്നു. ശശി നിലപാട് വ്യക്തമാക്കിയാല്‍ യുഡിഎഫ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് എന്‍. ഷംസുദീന്‍ എംഎല്‍എ പ്രസ്താവിച്ചു. ശശിയെ സിപിഎം ബോധപൂര്‍വ്വം ഒറ്റപ്പെടുത്തിയതാണെന്ന് ഷംസുദീന്‍ ആരോപിച്ചു.

ജനപിന്തുണയുള്ള നേതാക്കള്‍ എത്തുമ്പോള്‍ മുന്നണി അവരെ സ്വാഗതം ചെയ്യും. സിപിഎമ്മില്‍ നിരവധി അസംതൃപ്തരുണ്ടെന്നും കേരള രാഷ്ട്രീയത്തില്‍ ഇനിയും പല വിസ്മയങ്ങളും സംഭവിക്കാനിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെടിഡിസി സ്ഥാനം ശശി രാജിവച്ചത് പാര്‍ട്ടിയോടുള്ള കടുത്ത വിയോജിപ്പ് മൂലമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.

ഒറ്റപ്പെടുത്തലിന് തിരിച്ചടിയോ?

പാര്‍ട്ടിയിലെ വിഭാഗീയതയും സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും ശശിയുടെ രാഷ്ട്രീയ കരുത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ താന്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടുവെന്ന തിരിച്ചറിവാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ ശശിയെ പ്രേരിപ്പിച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ തന്റെ രാജി വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന് ശശി ആവര്‍ത്തിക്കുമ്പോഴും, സിപിഎമ്മിലെ നിരവധി പ്രമുഖര്‍ അതൃപ്തരാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ശശി പറയാതെ പറഞ്ഞത്...

മാധ്യമങ്ങളോട് സംസാരിക്കവെ പി.കെ. ശശി നടത്തിയ പ്രതികരണമാണ് ഏറ്റവും ശ്രദ്ധേയം. 'ഞാന്‍ ഇപ്പോഴും സിപിഎം അംഗമാണ്, മാര്‍ക്്‌സിസ്റ്റ് ആദര്‍ശം മുറുകെ പിടിക്കുന്നയാളാണ്' എന്ന് പറയുമ്പോഴും, യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് 'നാളെ എന്താകുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല' എന്ന മറുപടി അദ്ദേഹം നല്‍കി. ഈ 'നാളെ' എന്ന വാക്കിന് പിന്നില്‍ വലിയൊരു രാഷ്ട്രീയ മാറ്റത്തിന്റെ വിത്തുണ്ടെന്നാണ് ലീഗ് നേതൃത്വം വിശ്വസിക്കുന്നത്. ആരുടെയും നിര്‍ബന്ധത്താലല്ല, സ്വമനസാലെയാണ് രാജിവച്ചതെന്ന് പറയുന്നതിലൂടെ പാര്‍ട്ടി നേതൃത്വത്തിന് താന്‍ വഴങ്ങുന്നില്ലെന്ന സൂചനയും അദ്ദേഹം നല്‍കുന്നു.

പാലക്കാട്ടെ രാഷ്ട്രീയ മാറ്റങ്ങള്‍

പാലക്കാട് നഗരസഭയിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിലും കണ്ട രാഷ്ട്രീയ അട്ടിമറികളുടെ തുടര്‍ച്ചയായി ശശിയുടെ നീക്കത്തെ കാണുന്നവരുണ്ട്. ജനപിന്തുണയുള്ള നേതാക്കളെ ഒപ്പം നിര്‍ത്തി സിപിഎമ്മിന്റെ കോട്ടകള്‍ തകര്‍ക്കുക എന്ന തന്ത്രമാണ് യുഡിഎഫ് പയറ്റുന്നത്. സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരമാവധി മുതലെടുത്ത് മുന്നണി വിപുലീകരിക്കാനാണ് ലീഗും കോണ്‍ഗ്രസ്സും ലക്ഷ്യമിടുന്നത്. പി.കെ. ശശി മറുകണ്ടം ചാടിയാല്‍ അത് പാലക്കാട്ടെ സിപിഎം അടിത്തറയ്ക്ക് കനത്ത ആഘാതമാകുമെന്ന് ഉറപ്പാണ്. പി. സരിനും എ.പി. അബ്ദുള്ളക്കുട്ടിയും ഉള്‍പ്പെടെയുള്ളവര്‍ മുന്നണി മാറിയ ചരിത്രമുള്ള പാലക്കാട്ട്, പി.കെ. ശശിയുടെ അടുത്ത നീക്കം സിപിഎമ്മിന് നിര്‍ണ്ണായകമാകും.