- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉഭയസമ്മത വാദത്തേക്കാള്‍ ഉപരിയായി പുറത്തുവന്ന ചാറ്റുകളും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ക്രൂരതകളും മാങ്കൂട്ടത്തിലിന്റെ വാദങ്ങളെ ദുര്‍ബ്ബലമാക്കും; കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ എംഎല്‍എയും; പരാതിക്കാരി വിവാഹിതയാണെന്ന് അറിഞ്ഞില്ലേ? എല്ലാ ശ്രദ്ധയും കോടതിയിലേക്ക്
പത്തനംതിട്ട: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജിയില്‍ കോടതി എന്ത് നിലപാടെടുക്കുമെന്ന ആകാംക്ഷ സജീവം. പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റുകളും ഗര്‍ഭഛിദ്രം സംബന്ധിച്ച ആരോപണങ്ങളും മാങ്കൂട്ടത്തിലിന്റെ പ്രതിരോധം ദുര്‍ബലമാക്കുന്നു. തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച പരാതിയാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും രാഹുല്‍ ജാമ്യഹര്‍ജിയില്‍ വാദിക്കുന്നുണ്ടെങ്കിലും, സാമ്പത്തിക ചൂഷണവും ഭീഷണിയും വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നത് ജാമ്യം ലഭിക്കുന്നതിന് തടസ്സമായേക്കും.
പരാതിക്കാരി വിവാഹിതയാണെന്ന വിവരം മറച്ചുവെച്ചുവെന്നും ഇതറിഞ്ഞയുടന്‍ ബന്ധം അവസാനിപ്പിച്ചുവെന്നുമാണ് രാഹുലിന്റെ വാദം. മുതിര്‍ന്ന വ്യക്തിയായ പരാതിക്കാരി സ്വന്തം ഇഷ്ടപ്രകാരമാണ് മുറി ബുക്ക് ചെയ്തതെന്നും ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഈ വാദങ്ങളെ പൊളിക്കുന്ന തരത്തിലാണ് അന്വേഷണസംഘത്തിന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍. അതിനൊപ്പം രാഹുലിനെ കസ്റ്റഡിയില്‍ വാങ്ങാനും പോലീസ് ശ്രമിക്കുന്നുണ്ട്. കസ്റ്റഡി അനുവദിക്കാനാണ് സാധ്യത.
ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു എന്ന രാഹുലിന്റെ വാദത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റുകളിലെ വിവരങ്ങള്‍. ലൈംഗിക ചൂഷണത്തിനപ്പുറം കടുത്ത സാമ്പത്തിക ചൂഷണം നടന്നതായാണ് ചാറ്റുകള്‍ സൂചിപ്പിക്കുന്നത്. പാലക്കാട് 3 ബിഎച്ച്‌കെ ആഡംബര ഫ്‌ളാറ്റ് വാങ്ങിനല്‍കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും, യുകെ സന്ദര്‍ശനത്തിനും ആഡംബര വസ്ത്രങ്ങള്‍ക്കും ചെരിപ്പിനും വരെ യുവതിയില്‍ നിന്ന് പണം കൈപ്പറ്റിയെന്നും തെളിവുകള്‍ സഹിതം പരാതിക്കാരി ആരോപിക്കുന്നു.
പ്രണയബന്ധം എന്നതിലുപരി, സാമ്പത്തിക ലാഭത്തിനായി യുവതിയെ ഉപയോഗിച്ചു എന്ന തോന്നല്‍ കോടതിയിലുണ്ടാക്കാന്‍ ഈ ചാറ്റുകള്‍ കാരണമായേക്കാം. സാമ്പത്തിക ചൂഷണത്തിനുള്ള ഉപാധിയായി ലൈംഗികബന്ധത്തെ ഉപയോഗിച്ചു എന്ന നിഗമനത്തിലേക്ക് ഇത് വിരല്‍ചൂണ്ടുന്നു. ജാമ്യഹര്‍ജിയില്‍ ഏറ്റവും വലിയ പ്രതിസന്ധിയാകാന്‍ പോകുന്നത് ഗര്‍ഭഛിദ്രം സംബന്ധിച്ച ആരോപണമാണ്. ബന്ധം നിലനിര്‍ത്താന്‍ കുഞ്ഞ് വേണമെന്ന് ആദ്യം ആവശ്യപ്പെടുകയും, ഗര്‍ഭിണിയായപ്പോള്‍ അത് തന്റേതല്ലെന്ന് പറഞ്ഞ് അപമാനിക്കുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നത് ഗുരുതരമായ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും.
ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാണെന്ന് യുവതി അറിയിച്ചിട്ടും രാഹുല്‍ അതില്‍ നിന്ന് ഒളിച്ചോടിയെന്നതും സംശയം ബലപ്പെടുത്തുന്നു. ഉഭയസമ്മതപ്രകാരമാണ് ബന്ധമെങ്കില്‍ പോലും, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നത് സ്ത്രീയുടെ ശാരീരികവും മാനസികവുമായ അവകാശങ്ങളുടെ ലംഘനമാണ്. പരാതി നല്‍കുമെന്ന് അറിയിച്ചപ്പോള്‍ യുവതിയുടെ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ജാമ്യം നിഷേധിക്കാന്‍ പ്രോസിക്യൂഷന് പ്രധാന ആയുധമാകും. ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്ന വാദം ഇതോടെ ശക്തമാകും.
അതീവരഹസ്യമായി പോലീസ് നടത്തിയ നീക്കത്തിനൊടുവില്‍ അറസ്റ്റിലായ രാഹുല്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍, ഉഭയസമ്മത വാദത്തേക്കാള്‍ ഉപരിയായി പുറത്തുവന്ന ചാറ്റുകളും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ക്രൂരതകളും തന്നെയാകും കോടതി വാദങ്ങളില്‍ നിര്‍ണ്ണായകമാകുക.




