തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ട് കണക്കുകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള സാധ്യത ശക്തമാകുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ മുന്നണികള്‍ക്ക് ലഭിച്ച വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ യു.ഡി.എഫ്. 80 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതെത്തി. നിലവില്‍ ഭരിക്കുന്ന എല്‍.ഡി.എഫ്. 99 സീറ്റില്‍ നിന്ന് 58 സീറ്റുകളിലേക്ക് ഒതുങ്ങി. ബി.ജെ.പി. രണ്ടു സീറ്റുകളില്‍ മുന്നിലെത്തി.

യു.ഡി.എഫ്. തരംഗം: മാന്ത്രിക സംഖ്യ കടന്നു

ഭരണം നേടാന്‍ ആവശ്യമായ 71 എന്ന സംഖ്യ പിന്നിട്ട് യു.ഡി.എഫ്. 80 സീറ്റുകളില്‍ ലീഡ് നേടി. 2020-ലെ തദ്ദേശ ഫലത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാനമായ ഫലം ആവര്‍ത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ കണക്കുകള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പത്തനംതിട്ട, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിനാണ് ലീഡ്. കോട്ടയത്ത് 9-ല്‍ 6 മണ്ഡലങ്ങളിലും ഇടുക്കിയില്‍ 5-ല്‍ 4 മണ്ഡലങ്ങളിലും യു.ഡി.എഫ്. മുന്നിലെത്തി. ജോസ് കെ. മാണി മുന്നണിയില്‍ ഉണ്ടായിട്ടും മധ്യകേരളത്തില്‍ എല്‍.ഡി.എഫിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

ഒരു എം.എല്‍.എ. പോലുമില്ലാത്ത കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫ്. 10 സീറ്റുകളില്‍ മുന്നിലെത്തി.പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളുടെ മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ്. മികച്ച ലീഡ് നിലനിര്‍ത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെയും എല്‍.ഡി.എഫ്. കണ്‍വീനറുടെയും മണ്ഡലങ്ങള്‍ പോലും യു.ഡി.എഫിനൊപ്പം ചേര്‍ന്നു.

എല്‍.ഡി.എഫ്: 58 സീറ്റില്‍ ഒതുങ്ങി, 10 മന്ത്രിമാര്‍ക്ക് തിരിച്ചടി

മന്ത്രിമാരുടെ മണ്ഡലങ്ങളിലെ ലീഡ് നില:

10 മന്ത്രിമാരുടെ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനെ കൈവിട്ടു. പി. രാജീവ്, എം.ബി. രാജേഷ്, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ്, കെ.ബി. ഗണേഷ്‌കുമാര്‍, റോഷി അഗസ്റ്റിന്‍, വി. അബ്ദുറഹിമാന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഒ.ആര്‍. കേളു എന്നിവരുടെ മണ്ഡലങ്ങളില്‍ യു.ഡി.എഫ്. കുതിച്ചു. വി. ശിവന്‍കുട്ടിയുടെ നേമം മണ്ഡലത്തില്‍ ബി.ജെ.പി. മുന്നിലെത്തിയത് എല്‍.ഡി.എഫിന് ഏറ്റവും വലിയ നാണക്കേടായി.

യു.ഡി.എഫ്. തരംഗത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍, മുഹമ്മദ് റിയാസ്, കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, ആര്‍. ബിന്ദു, കെ. രാജന്‍, ജി.ആര്‍. അനില്‍, എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവര്‍ മണ്ഡലം കാത്തു.

തിരുവനന്തപുരം (10), കൊല്ലം (7), ആലപ്പുഴ (7), തൃശൂര്‍ (11), പാലക്കാട് (8), കണ്ണൂര്‍ (6) എന്നീ ആറ് ജില്ലകളിലാണ് എല്‍.ഡി.എഫ്. ലീഡ് നിലനിര്‍ത്തിയത്.

ബി.ജെ.പി. പ്രതീക്ഷ

നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ മുന്നിലെത്തിയതോടെ വീണ്ടും നിയമസഭയില്‍ താമര വിരിയിക്കാമെന്ന പ്രതീക്ഷ ബി.ജെ.പി.ക്കുണ്ട്. സുരേഷ് ഗോപിയെ ജയിപ്പിച്ച തൃശൂരില്‍ ബി.ജെ.പി.ക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാത്തത് തിരിച്ചടിയാവുകയും ചെയ്തു.

മുന്‍കാല താരതമ്യം: 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച് എല്‍.ഡി.എഫ്. 101 ഉം യു.ഡി.എഫ്. 39 ഉം ഇടങ്ങളിലായിരുന്നു മുന്നില്‍. പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. 99 ഉം യു.ഡി.എഫ്. 41 ഉം സീറ്റ് നേടി. ഈ കണക്കിലെ ചെറിയ വ്യത്യാസമാണ് ഇപ്പോഴത്തെ ലീഡ് നിലയെ ശ്രദ്ധേയമാക്കുന്നത്.