തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍, വിവിധ ജില്ലകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി നിരവധി പത്രികകള്‍ തള്ളി. എറണാകുളം, കോട്ടയം, തൃശൂര്‍, വയനാട്, കൊല്ലം, കണ്ണൂര്‍ ജില്ലകളിലാണ് പത്രിക തള്ളിയത്. സാങ്കേതിക പിഴവുകള്‍, നിയമപരമായ അയോഗ്യതകള്‍, മുന്‍ തിരഞ്ഞെടുപ്പ് കണക്കുകള്‍ സമര്‍പ്പിക്കാതിരിക്കല്‍ എന്നിവ മൂലം പ്രമുഖരടക്കം നിരവധി യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്.

പ്രധാന പത്രിക തള്ളലുകള്‍

കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായിരുന്ന ടി.വി. രവീന്ദ്രന്റെ പത്രിക തള്ളി. നഗരസഭാ സെക്രട്ടറിയായിരിക്കെ ഉണ്ടായ ബാധ്യത തീര്‍ക്കാത്തതാണ് പത്രിക തള്ളാന്‍ കാരണമായ ആരോപണം. പകരം സി.എസ്. പ്രഭാകരന്‍ 23-ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കും..

എറണാകുളം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കടമക്കുടി ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയുമായ എല്‍സി ജോര്‍ജിന്റെ നാമനിര്‍ദ്ദേശ പത്രികയാണ് തള്ളിയത്. പത്രിക പൂരിപ്പിച്ചതിലുണ്ടായ പിഴവാണ് അയോഗ്യതയ്ക്ക് കാരണമായത്. ഈ ഡിവിഷനില്‍ യുഡിഎഫിന് ഡമ്മി സ്ഥാനാര്‍ഥി പോലും ഇല്ലാത്തത് മുന്നണിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

നാമനിര്‍ദ്ദേശ പത്രികയില്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിയമപരമായ വ്യവസ്ഥയാണ് എല്‍സി ജോര്‍ജിന് തിരിച്ചടിയായത്. പത്രികയെ മൂന്ന് പേര്‍ പിന്താങ്ങണം എന്ന വ്യവസ്ഥ നിലവിലുണ്ട്. പിന്താങ്ങുന്നവര്‍ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ വോട്ടര്‍മാര്‍ ആയിരിക്കണം.

എന്നാല്‍, എല്‍സി ജോര്‍ജിന്റെ പത്രികയില്‍ പിന്താങ്ങിയവര്‍ കടമക്കുടി ഡിവിഷന് പുറത്തുള്ള വോട്ടര്‍മാരായിരുന്നു. ഈ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയായ കളക്ടര്‍ പത്രിക തള്ളിയത്.

യുഡിഎഫ് അനായാസം ജയിച്ചുകയറാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന ഡിവിഷനായിരുന്നു കടമക്കുടി. പത്രിക സമര്‍പ്പിച്ച ഉടന്‍ തന്നെ പിഴവ് എല്‍സി ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡിവിഷന് അകത്ത് നിന്നുള്ള പിന്താങ്ങുന്നവരെ കണ്ടെത്തി സ്ഥാനാര്‍ഥി പുതിയ പത്രിക തയ്യാറാക്കി.

എന്നാല്‍, ഈ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗുരുതരമായ തടസ്സങ്ങള്‍ നേരിട്ടതായി യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു. പുതിയ പത്രികയുമായി സ്ഥാനാര്‍ഥി ഇന്നലെ ഉച്ചയ്ക്ക് 2.30-ഓടെ കളക്ടറുടെ ചേംബറിന് പുറത്തെത്തി. എന്നാല്‍, അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ അകത്തേക്ക് കടത്തിവിട്ടില്ലെന്നും ഇത് അനാവശ്യ പ്രശ്നങ്ങള്‍ക്ക് കാരണമായെന്നും നേതാക്കള്‍ പറയുന്നു.

ഏറെ ബഹളമുണ്ടാക്കിയ ശേഷം ചേംബറിലേക്ക് കയറിയപ്പോള്‍ സമയം 2.57 ആയിരുന്നു. പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കൃത്യം 3 മണിയാണ്. പത്രിക സമര്‍പ്പിക്കാന്‍ സമയം ബാക്കിയുണ്ടായിട്ടും കളക്ടര്‍ ഫോണിലായിരുന്നുവെന്നും, ഫോണ്‍ സംഭാഷണം കഴിഞ്ഞ് കളക്ടര്‍ മടങ്ങിയെത്തിയപ്പോള്‍ 3.15 ആയെന്നും യുഡിഎഫ് ആരോപിക്കുന്നു.

സമയപരിധി കഴിഞ്ഞതിനാല്‍ പത്രിക സ്വീകരിക്കാന്‍ കഴിയില്ലെന്ന് കളക്ടര്‍ നിലപാടെടുത്തതോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി പുറത്തായത്. പോലീസുകാരന്റെ നടപടിയാണ് തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ പോയതിന്റെ പ്രധാന കാരണമെന്നും യുഡിഎഫ് ആരോപിക്കുന്നു.

കോടതിയെ സമീപിക്കാന്‍ യുഡിഎഫ്

ഈ സാഹചര്യത്തില്‍, പോലീസ് ഉദ്യോഗസ്ഥന്റെ തടസ്സപ്പെടുത്തല്‍ അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാന്‍ യുഡിഎഫ് ആലോചിക്കുകയാണ്. കോടതിയില്‍ നിന്ന് അനുകൂല വിധി വന്നില്ലെങ്കില്‍, കടമക്കുടിയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍ മാത്രമായി ഒതുങ്ങും.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ഒന്ന്, പതിനൊന്ന് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികയും തള്ളി. പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരിയായതിനാലാണ് ഒന്നാം ഡിവിഷനില്‍ മല്‍സരിക്കുന്ന ഷെറീന ഷാജിയുടെ പത്രികയാണ് തളളിയത്. രണ്ടുവര്‍ഷം ശിക്ഷിക്കപ്പെട്ട വിവരം നല്‍കാതിരുന്നത് പതിനൊന്നാം ഡിവിഷനിലെ യുഡിഎഫിലെ ജോണ്‍സണ്‍ പുനത്തിലിന് തിരിച്ചടിയായി.

കോട്ടയത്ത് പാമ്പാടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമണി മത്തായിയുടെ പത്രിക തള്ളി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ കണക്ക് നല്‍കാത്തതാണ് തിരിച്ചടിയായത്. പാലക്കാട് മുന്‍ വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ കണക്ക് നല്‍കാത്തതിനാല്‍ നെല്ലിയാമ്പതി ഒന്നാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളി.

കണ്ണൂരില്‍ ഒമ്പത് സീറ്റില്‍ എല്‍ഡിഎഫിന് എതിരാളികളില്ല

പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍, കണ്ണൂര്‍ ജില്ലയില്‍ വോട്ടിങ്ങിന് മുന്‍പ് തന്നെ എല്‍ഡിഎഫിന് മേല്‍ക്കൈ. ജില്ലയില്‍ ആകെ ഒമ്പത് സീറ്റുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരാളികളില്ലാതെ വിജയം ഉറപ്പിച്ചത്.

കണ്ണൂര്‍ മലപ്പട്ടത്ത് 12-ാം വാര്‍ഡില്‍ വ്യാജ ഒപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി നിത്യശ്രീയുടെ പത്രിക തള്ളി. റിട്ടേണിങ് ഓഫീസര്‍ സി.പി.എം. ഭീഷണിക്ക് വഴങ്ങിയാണ് പത്രിക തള്ളിയതെന്ന് നിത്യശ്രീ ആരോപിച്ചു. മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കാണ് എതിരില്ലാത്തത്. 12-ാം വാര്‍ഡിലെ ഇടതു സ്ഥാനാര്‍ത്ഥി ഷിഗിനക്കെതിരായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് ഷിഗിനക്ക് എതിരില്ലാതായത്. പഞ്ചായത്തിലെ മറ്റ് രണ്ട് വാര്‍ഡുകളിലെ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കും എതിരാളികളില്ല.

കണ്ണപുരം പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ഇടതു സ്ഥാനാര്‍ത്ഥി പ്രേമ സുരേന്ദ്രന്റെയും മൂന്നാം വാര്‍ഡിലെ ഇടതു സ്ഥാനാര്‍ത്ഥി കെ.വി. സജിനയുടേയും എതിരാളികളുടെ പത്രികകള്‍ തള്ളിയതോടെ ഈ രണ്ട് വാര്‍ഡുകളിലും ഇടതുപക്ഷത്തിന് എതിരാളികളില്ലാതായി.

ആന്തൂരിലെ ഭീഷണിയും ആരോപണങ്ങളും

ആന്തൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളില്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആരും പത്രിക സമര്‍പ്പിച്ചിരുന്നില്ല.ഈ സാഹചര്യത്തില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ശക്തമായ ആരോപണവുമായി രംഗത്തെത്തി. ആന്തൂരില്‍ സി.പി.എം. സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോവുകയും ചെയ്തതായി കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആരോപിച്ചു. കൂടാതെ, കളക്ടര്‍ സി.പി.എമ്മിനെ സഹായിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആരോപിച്ചു. സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാപകമായ ഭീഷണിയും തടസ്സപ്പെടുത്തലുകളും ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ആന്തൂര്‍ നഗരസഭയിലെ അഞ്ചാം പീടിക വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലിവ്യയെ സി.പി.എം. തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആരോപിച്ചു.ഇതിനുപുറമെ, ഭീഷണി കാരണം ആന്തൂരിലെ രണ്ട് ഡിവിഷനുകളില്‍ യുഡിഎഫിന് നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ പോലും കഴിഞ്ഞില്ല.

പലയിടത്തും സ്ഥാനാര്‍ത്ഥികളെയും അവര്‍ക്ക് പിന്തുണ നല്‍കിയ നാലുപേരെയും സി.പി.എം. ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പട്ടം 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിത്യശ്രീയുടെ നാമനിര്‍ദ്ദേശ പത്രിക വ്യാജ ഒപ്പ് ചൂണ്ടിക്കാട്ടി തള്ളിയത് ശരിയല്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. നിത്യശ്രീ നേരിട്ട് ഹാജരായാണ് പത്രിക സമര്‍പ്പിച്ചത്. നേരിട്ട് ചെന്നിട്ടും പത്രിക തള്ളിയ നടപടിയില്‍ മാര്‍ട്ടിന്‍ ജോര്‍ജ്ജ് ശക്തമായി പ്രതിഷേധിച്ചു.

കണ്ണൂര്‍ കളക്ടര്‍ സി.പി.എമ്മിനെ സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിത്യശ്രീയുടെ പത്രിക തള്ളിയ വിഷയം കളക്ടറേറ്റില്‍ ഹിയറിങ് നടത്തി പരിഹരിക്കണമെന്നും സി.പി.എമ്മിന്റെ തോന്നിവാസം ഇനി അനുവദിക്കില്ലെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് വ്യക്തമാക്കി.

വീഴ്ച സമ്മതിച്ച് കോണ്‍ഗ്രസ്

കണ്ണപുരം പഞ്ചായത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതില്‍ പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ക്ക് വീഴ്ച പറ്റിയെന്നും ഡിസിസി പ്രസിഡന്റ് സമ്മതിച്ചു. കണ്ണൂരിലെ ജനാധിപത്യ കശാപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.