മുംബൈ: മഹാരാഷ്ട്രയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ തുടര്‍ഭരണം ഉറപ്പിച്ച മഹായുതി (എന്‍ഡിഎ) സഖ്യത്തില്‍ മുഖ്യമന്ത്രി പദത്തിനായി ചരടുവലികളുമായി ഏകനാഥ് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ്‌നാവിസും. മുന്നണിയില്‍ 132 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് സഖ്യകക്ഷിയായ ശിവസേന ഷിന്‍ഡെ വിഭാഗം മുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമം നടത്തുന്നത്.

57 സീറ്റുകള്‍ നേടിയ ശിവസേന ഷിന്‍ഡെ വിഭാഗം മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ്. എന്നാല്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നതിനാല്‍ മുഖ്യമന്ത്രി പദത്തിനുള്ള സ്വാഭാവിക സ്ഥാനാര്‍ഥി ഏകനാഥ് ഷിന്‍ഡെയാണെന്ന അവകാശവാദമാണ് ഉന്നയിക്കുന്നത്. ഇക്കാര്യം ശിവസേന എംഎല്‍എ സഞ്ജയ് ഷിര്‍സത് വ്യക്തമാക്കി കഴിഞ്ഞു.

മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കരുനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അത്ര എളുപ്പമാവില്ല കാര്യങ്ങള്‍ എന്നാണ് സൂചന. മഹായുതിയിലെ മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ മുഖ്യമന്ത്രി മോഹങ്ങള്‍ക്കു കൂടി തടയിട്ടാല്‍ മാത്രമേ ഫഡ്‌നാവിസിന് സാധ്യതയുള്ളു. സഖ്യകക്ഷികള്‍ ഒറ്റക്കെട്ടായി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസിനു വേണ്ടി പ്രചാരണം നയിച്ച പ്രവീണ്‍ ദാരേക്കര്‍ പറഞ്ഞു. വോട്ടെടുപ്പിനു പിന്നാലെ ഫഡ്‌നാവിസ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി സഖ്യം ഭരണത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദത്തിനായി ആര്‍എസ്എസ് മേധാവിയുടെ പിന്തുണ തേടാനാണ് ഫഡ്‌നാവിസ് എത്തിയതെന്ന് വിലയിരുത്തലുണ്ടായിരുന്നു.

മുഖ്യമന്ത്രിപദം മറ്റു കക്ഷികള്‍ക്കു വിട്ടു നല്‍കാന്‍ ബിജെപി തയാറാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേവേന്ദ്ര ഫഡ്‌നാവിസാണ് മുഖ്യമന്ത്രി പദത്തിലേക്ക് മുന്‍പന്തിയിലുള്ള പേരെങ്കിലും സമവായ സ്ഥാനാര്‍ഥി എന്ന നിലയില്‍ മറ്റു പേരുകള്‍ ഉയര്‍ന്നു വരുമോയെന്ന് വ്യക്തമല്ല. അതേ സമയം 41 സീറ്റുകള്‍ നേടിയ അജിത് പവാര്‍ വിഭാഗത്തിനുമുണ്ട് മുഖ്യമന്ത്രി പദം അടക്കമുള്ള മോഹങ്ങള്‍. എന്നാല്‍ ഉപമുഖ്യമന്ത്രി പദം നല്‍കി എന്‍സിപിയെ ബിജെപി ഒപ്പം നിര്‍ത്താനാണ് സാധ്യത.

മഹായുതി സഖ്യം അധികാരം ഉറപ്പിച്ചതോടെ ഏക്നാഥ് ഷിന്‍ഡെയുടെ പിന്‍ഗാമിയായി ആര് മുഖ്യമന്ത്രിയാകും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടെന്ന് രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. എന്നാല്‍ എല്ലാവരുമായും കൂടിയാലോചിച്ച ശേഷമേ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാവു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഖ്യ നേതാക്കളോട് നിര്‍ദേശിച്ചതായി അദ്ദേഹം പറഞ്ഞു.

''മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. മൂന്നു പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരുമിച്ച് ഇരുന്ന് ഇത് തീരുമാനിക്കും. തീരുമാനം എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കും, ഇതില്‍ ഒരു തര്‍ക്കവുമില്ല'' ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അവസാന ഫലങ്ങള്‍ വരട്ടെയെന്നാണ് മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിനു മറുപടിയായി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞത്. നമ്മള്‍ ഒരുമിച്ചു തിരഞ്ഞെടുപ്പില്‍ മത്സരിച്ചതുപോലെ, മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് ഇരുന്നു തീരുമാനമെടുക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട മഹാ വികാസ് അഘാടി സഖ്യം മറ്റൊരു പ്രതിസന്ധി കൂടി നേരിടുകയാണ്. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാന്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിക്കും കഴിഞ്ഞേക്കില്ല. ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെയും എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന്റെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രങ്ങളിലേക്ക് കടന്നുകയറിയാണ് ബിജെപി മിന്നും വിജയം നേടിയത്. ഇതോടെയാണ് പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാകാനുള്ള സാധ്യത അസ്തമിക്കുന്നത്.

288 അംഗ നിയമസഭയില്‍ 10 ശതമാനം അല്ലെങ്കില്‍ 29 സീറ്റുകള്‍ ഉള്ള പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാന്‍ സാധിക്കുക. എന്നാല്‍, മഹാവികാസ് അഘാഡി സഖ്യത്തിലെ ഒരു പാര്‍ട്ടിയ്ക്കും 29 സീറ്റുകള്‍ ലഭിച്ചിട്ടില്ല. അന്തിമ ഫലം പുറത്തുവന്നപ്പോള്‍ പ്രതിപക്ഷത്തുള്ള ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) 20 സീറ്റുകളിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് 16 സീറ്റുകളും എന്‍സിപി (ശരദ് പവാര്‍ വിഭാഗം) 10 സീറ്റുകളിലും ഒതുങ്ങി. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, മണിപ്പുര്‍, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും 10 ശതമാനമെങ്കിലും സീറ്റുകളുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇല്ലാത്തതിനാല്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. സമാനമായ സ്ഥിതിയാണ് മഹാരാഷ്ട്രയിലേതും.