- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനില്‍ ഭാര്യയെ കുത്തി വീഴ്ത്തിയത് ആലപ്പുഴ മാന്നാര്‍ സ്വദേശി; പോലീസ് സാക്ഷി കൗമാരക്കാരിയായ മകള്‍; കുത്തിന്റെ ശക്തിയില്‍ കത്തി ഒടിഞ്ഞ നിലയില്‍; 22 വര്‍ഷത്തെ ദാമ്പത്യ ശേഷവും പ്രതിക്ക് ഭാര്യയെ സംശയം; മുന്‍പും പോലീസ് കേസില്‍ അകപ്പെട്ട ദാമ്പത്യം; കുടുംബം ദുബായില്‍ നിന്നും യുകെയില്‍ എത്തിയത് രണ്ടു വര്‍ഷം മുന്‍പ്; പ്രതിക്ക് വര്‍ഷങ്ങള്‍ ജയില്‍ ശിക്ഷക്ക് സാധ്യത; ഒടുവില്‍ കാത്തിരിക്കുന്നത് നാടുകടത്തലും
ബ്രിട്ടനില്‍ ഭാര്യയെ കുത്തി വീഴ്ത്തിയത് ആലപ്പുഴ മാന്നാര്‍ സ്വദേശി
ലണ്ടന്‍: ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍ ഭാര്യയെ കുത്തിവീഴ്ത്തിയ ലിങ്കണിലെ ആലപ്പുഴ മാന്നാര്‍ സ്വദേശിയായ 51 വയസുകാരനെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ മറുനാടന്‍ മലയാളി പുറത്തു വിടുകയാണ്. ഭാര്യയെ ഭയാനകമായ വിധം കുത്തി പരുക്കേല്‍പ്പിച്ചതിനാല്‍ പ്രതിയായി പോലീസ് രേഖകളില്‍ ഇടം പിടിച്ച ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം മാധ്യമങ്ങള്‍ക്ക് ഔദ്യോഗിക വിവരങ്ങള്‍ കൈമാറാനാണ് പോലീസ് തയ്യാറെടുക്കുന്നത്.
എന്നാല്‍ ദാമ്പത്യത്തിന്റെ 22 വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രതിക്ക് ഭാര്യയില്‍ കടുത്ത സംശയ രോഗം വളര്‍ന്നതാണ് ക്രൂരമായ അക്രമത്തിലേക്ക് വഴി തുറന്നെതെന്നു മറുനാടന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. സമാനമായ കാരണങ്ങള്‍ തന്നെയാണ് പ്രതി ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചെന്ന സൂചനയുമുണ്ട്. പോലീസ് ഭാക്ഷ്യത്തില്‍ നോ കമന്റ്സ് എന്ന മൊഴിയെടുപ്പ് പൂര്‍ത്തിയായതോടെയാണ് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്.
പാഠം പഠിക്കാന്‍ തയ്യാറാകാതെ യുകെയിലെ മലയാളി പുരുഷന്മാര്‍
നിയമപരമായ കാരണങ്ങളാല്‍ കുറ്റം ചെയ്തോ എന്ന് കോടതി ഒരിക്കല്‍ കൂടി പ്രതിയോട് ചോദിച്ച ശേഷം ഇന്ന് ഇയാളെ റിമാന്‍ഡ് ചെയ്യാനുള്ള സാധ്യതയാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതി വീട്ടില്‍ നിരന്തരം ശല്യം ഉണ്ടാക്കിയിരുന്നതായാണ് പൊലീസിന് ലഭിക്കുന്ന മൊഴികള്‍ എന്നും കേസില്‍ നിര്‍ണായകമാകും. മുന്‍പും വഴക്കും കേസും ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ പ്രതിയുടെ മോട്ടിവേഷന്‍ ഭാര്യയെ ഇല്ലാതാക്കുക എന്നതായിരുന്നു എന്ന വാദം പ്രോസിക്യൂഷന്‍ കോടതിയില്‍ എത്തിക്കാന്‍ സാധ്യതയേറെയാണ്.
ഇതോടെ ഒരൊറ്റ കൗണ്ട് മാത്രമാണ് പോലീസ് ചാര്‍ജ്ജ് ചെയ്യുകയെങ്കില്‍ പോലും പ്രതിക്ക് വര്‍ഷങ്ങള്‍ നീളുന്ന ജയില്‍ വാസം നല്‍കാന്‍ കോടതിക്ക് സാധ്യമാകും. ഒന്നര വര്‍ഷം മുന്‍പ് കെറ്ററിംഗില്‍ ഭാര്യയെയും മൈനര്‍ ആയ കുട്ടികളെയും കൊന്ന സംഭവത്തില്‍ പ്രതി സാജുവിന് നാല്‍പതു വര്‍ഷത്തെ ശിക്ഷ ലഭിക്കാന്‍ കാരണം കുട്ടികള്‍ മൈനര്‍ ആയിരുന്നു എന്നതും രണ്ടു പേരും കുട്ടികള്‍ ആയിരുന്നു എന്നതുമാണ്.
ഈ കാരണങ്ങളാല്‍ അനേക വര്‍ഷത്തെ ശിക്ഷയാണ് സാജുവിനെ കാത്തിരിക്കുന്നതെന്ന് ആ സംഭവത്തില്‍ വിചാരണയ്ക്ക് മുന്‍പ് തന്നെ മറുനാടന്‍ നിയമ വിദഗ്ധരെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുകെയിലെ മലയാളി കുടുംബങ്ങളിലെ പുരുഷന്മാര്‍ ഇത്തരം കടുത്ത ശിക്ഷകള്‍ ലഭിക്കുന്ന സാഹചര്യത്തെ കുറിച്ച് അറിഞ്ഞിട്ടും നിയമ വിധേയമായി ജീവിക്കാന്‍ തയ്യാറാകുന്നില്ല എന്നതിന് മറ്റൊരു ഉദാഹരണം കൂടിയായി മാറുകയാണ് ലിങ്കണ്‍ അക്രമം. ഇന്നലെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മറുനാടന്‍ ന്യൂസ് ലിങ്ക് സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍ പല വായനക്കാരും കമന്റ് ചെയ്തത് പോലും യുകെയിലെ മലയാളി പുരുഷന്മാര്‍ക്ക് പ്രാന്ത് പിടിച്ചോ എന്ന സംശയമാണ്.
അക്രമിയുടെ കൈക്കരുത്തില്‍ കുത്തേറ്റു വീണ സ്ത്രീ വീണ്ടും അക്രമിക്കപെട്ടതായി സൂചന
ബുധനാഴ്ച ഉച്ചയോടെ നടന്ന അക്രമത്തില്‍ മധ്യ വയസ്‌കയായ സ്ത്രീക്ക് ദാരുണമായ വിധത്തിലാണ് കുത്തേറ്റത്. ആദ്യ കുത്തേറ്റപ്പോള്‍ തന്നെ വീണുപോയ സ്ത്രീയെ പ്രതി വീണ്ടും വീണ്ടും കുത്തുകയായിരുന്നു എന്ന വിവരമാണ് മറുനാടന് ലഭിക്കുന്നത്. സ്ത്രീയുടെ പുറത്തും നെഞ്ചിലും ഒക്കെ കുത്തേറ്റതായാണ് സൂചനകള്‍ വെളിപ്പെടുത്തുന്നത്. സംഭവത്തിന് ദൃക്‌സാക്ഷിയായ പ്രതിയുടെ കൗമാരക്കാരിയായ മകള്‍ മുഴുവന്‍ കാര്യങ്ങളും പോലീസിനോട് വിശദീകരിച്ചത് കേസില്‍ പ്രധാനമാണ്. തെളിവുകളും സാക്ഷിയും ഉണ്ടെന്നത് കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന സാഹചര്യമാണ് ഒരുക്കുന്നത്.
കുത്തിന്റെ ശക്തിയില്‍ പിടി ഒടിഞ്ഞു പോയ കത്തിയാകും പോലീസ് പ്രധാന തെളിവായി കോടതിയില്‍ എത്തിക്കുക. അക്രമത്തിന്റെ പ്രഹര ശേഷി ബോധ്യപ്പെടുത്താന്‍ ഇത് പ്രധാന കാരണമായി മാറുകയും ചെയ്യും. ദമ്പതികളുടെ രണ്ടു കുട്ടികളില്‍ ഒരാള്‍ നാട്ടില്‍ ആണെന്നും പറയപ്പെടുന്നു. പ്രതി പോലീസ് കസ്റ്റഡിയിലും പരുക്കേറ്റ അമ്മ ആശുപത്രിയില്‍ നീണ്ട നാള്‍ ചികിത്സയിലും ആയ കാരണത്താല്‍ വീട്ടില്‍ ഉണ്ടായിരുന്ന കുട്ടിയെ പോലീസ് സോഷ്യല്‍ കെയര്‍ സംരക്ഷണത്തില്‍ ആക്കിയിരിക്കുന്നു എന്ന വിവരവും പുറത്തു വരുന്നുണ്ട്.
പരുക്കേറ്റ സ്ത്രീ അപകടനില തരണം ചെയ്തതായി വെളിപ്പെടുത്തല്‍
ആന്തരിക രക്ത സ്രവം ഉണ്ടായതോടെ ശ്വാസകോശത്തില്‍ അടക്കം രക്തം നിറഞ്ഞതായും സൂചനയുണ്ട്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഡോക്ടര്‍മാര്‍ പരുക്കേറ്റ സ്ത്രീയെ അപകട നില തരണം ചെയ്യുന്ന നിലയിലേക്ക് എത്തിച്ചത് ആശ്വാസകരമായ വാര്‍ത്തയായി മാറുകയാണ്. എങ്കിലും ആഴ്ചകള്‍ ഹോസ്പിറ്റല്‍ വാസം വേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. യുവതി മരണത്തിന്റെ പിടിയില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപെട്ടത് എന്ന സൂചനയോടെയാകും പോലീസ് കേസ് കോടതിയില്‍ എത്തിക്കുക. ഇത് ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ കാരണമാകുകയും ചെയ്യും.
മരണകരണമാകും വിധമുള്ള അക്രമത്തില്‍ ജീവന്‍ നഷ്ടമായില്ലെകില്‍ പോലും മരണം സംഭവിച്ച ഗൗരവത്തോടെയാണ് കോടതികള്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുക. മരണം സംഭവിക്കാതിരുന്നത് ഡോക്ടര്‍മാരുടെയും വൈദ്യ ശാസ്ത്രത്തിന്റെയും മിടുക്ക് കൊണ്ടാണെന്നും അവിടെ പ്രതിയുടെ ദയാദാക്ഷിണ്യം ഉണ്ടായിട്ടില്ല എന്ന നിരീക്ഷണവും സമാന കേസുകളില്‍ പലപ്പോഴും കോടതികള്‍ നിരീക്ഷിച്ചതും ഇപ്പോഴത്തെ ലിങ്കണ്‍ കത്തികുത്തിലും പ്രധാന വാദമായി മാറും.
ശിക്ഷ പൂര്‍ത്തിയാകുമ്പോള്‍ ഭാര്യയെയോ മകളെയോ കാണാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരും
അതിനിടെ രണ്ടു വര്‍ഷം മുന്‍പ് ദുബായില്‍ നിന്നും എത്തിയ ഈ കുടുംബത്തില്‍ ഉണ്ടായ ദാരുണ സംഭവത്തെ കുറിച്ച് പ്രദേശവാസികളായ മലയാളികള്‍ക്ക് പോലും കാര്യമായ ധാരണ ഇല്ലെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇവിടെ തന്നെയാണോ സംഭവം നടന്നത് എന്ന അന്വേഷണമാണ് ഇന്നലെ മറുനാടന്‍ വാര്‍ത്ത പുറത്തു വിട്ടതിനെ തുടര്‍ന്ന് ലിങ്കണ്‍ മലയാളികള്‍ പരസ്പരം നടത്തിയ അന്വേഷണം. ഭാര്യയെ സംശയ രോഗത്തെ തുടര്‍ന്ന് മുന്‍പും പ്രതി ഉപദ്രവിച്ചിട്ടുളള സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ നേരത്തെ പോലീസ് കേസ് എടുത്തിരുന്നു എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്.
വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രതി നിയമം പലവട്ടം ലംഘിച്ചു എന്ന നിലയില്‍ കൂടി ഇപ്പോഴത്തെ സംഭവത്തെ കോടതി വിലയിരുത്താനും സാധ്യത ഏറെയാണ്. അതിനാല്‍ കൊലപാതക ശ്രമത്തിനു രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിക്ക് വിചാരണ പൂര്‍ത്തിയാകുമ്പോള്‍ വര്‍ഷങ്ങള്‍ നീളുന്ന ജയില്‍ ശിക്ഷയാണ് കാത്തിയിരിക്കുന്നതെന്ന കാര്യവും ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ശിക്ഷ പൂര്‍ത്തിയാകുന്നതോടെ ഇനിയൊരിക്കലും ഭാര്യയെയോ കുട്ടികളെയോ കാണാന്‍ വീട്ടിലേക്ക് മടങ്ങാതെ നാട് കടത്താനുള്ള വിധി കൂടിയാകും പ്രതിക്കെതിരെ കോടതി സ്വീകരിക്കുക. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുഴുവന്‍ കുടിയേറ്റക്കാരെയും നാടുകടത്തുക എന്ന നിയമം നിലവില്‍ വന്നതോടെയാണ് ഇയാള്‍ക്ക് ശിക്ഷ പൂര്‍ത്തിയാകുന്നതോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുക എന്ന അനുമാനത്തിന് അടിസ്ഥാനമാകുന്നത്.