തിരുവനന്തപുരം: തെരഞ്ഞെടുപ്പു അടുത്തതോടെ പിണറായി സര്‍ക്കാറിനെ പുകഴ്ത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അയ്യപ്പ സംഗമത്തെ പിന്തുണച്ചു രംഗത്തുവന്നതോടെ എല്‍ഡിഎഫ് ആഹ്ലാദത്തിലാണ്. അതേസമയം സുകുമാരന്‍ നായരെ അനുനയിപ്പിക്കാനുള്ള വഴിയിലാണ് കോണ്‍ഗ്രസും. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി നടി മല്ലിക സുകുമാരനും രംഗത്തുവന്നു.

പിണറായി വിജയന്‍ ചെയ്ത നല്ല കാര്യങ്ങള്‍ താന്‍ എണ്ണി എണ്ണി പറയുമെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും നല്ലത് ചെയ്താല്‍ നല്ലത് എന്ന് പറയണമെന്നും മല്ലിക. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.

''സഖാവ് പിണറായി വിജയന്‍ ചെയ്ത നല്ല കാര്യങ്ങള്‍ എന്തെല്ലാമെന്ന് ചോദിച്ചാല്‍ ഞാന്‍ എണ്ണിയെണ്ണി പറയും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്ത് ഇരുന്ന് ഭരിക്കുമ്പോള്‍ ഒരുപാട് പരിമിതികളുണ്ടാകും. അത് നമ്മള്‍ ആദ്യം മനസിലാക്കണം. ഉടനെ വീട്ടില്‍ ഇരിക്കുന്നവരെ പറയും. ആരുടെയെങ്കിലും വീട്ടിലിരിക്കുന്നത് അടിച്ചോണ്ട് പോയതു കൊണ്ടാണോ എന്നേയും എന്റെ മോനേയും ട്രോളുന്നത്? അല്ലല്ലോ. അതുപോലെ തന്നെയാണ് അവരേയും'' മല്ലിക സുകുമാരന്‍ പറയുന്നു.

''കുറച്ചൊക്കെ വേണ്ടപ്പെട്ടവര്‍ക്ക് കാര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ടാകും. അതിപ്പോള്‍ മറ്റുള്ളവര്‍ വന്നാലും ചെയ്യും. അഴിമതി ആരോപണങ്ങള്‍ എല്ലാവരും കേള്‍ക്കാറില്ലേ. ഇന്ദിരാഗാന്ധിയെക്കുറിച്ചും കേട്ടിട്ടില്ലേ. ഇത് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഈയ്യടുത്താണിത് സിനിമയില്‍ കൊണ്ടു വന്നത്. അതിന് പിന്നില്‍ സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് വന്നവരും രാഷ്ട്രീയത്തില്‍ നിന്നും സിനിമയിലേക്ക് വന്നവരുമാകാം. അത് ശരിയല്ല'' എന്നും അവര്‍ പറയുന്നു.

''നല്ലത് ചെയ്ത നേതാവിനെ നല്ലത് ചെയ്തുവെന്ന് തന്നെ പറയണം. കോണ്‍ഗ്രിസിലായാലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലായാലും പ്രായഭേദമന്യേ മിടുക്കരായവരെ മിടുക്കരാണെന്ന് അംഗീകരിക്കാനുള്ള മനസ് വേണം ആദ്യം. തെറ്റ് ചെയ്താല്‍ ശിക്ഷിക്കുകയും വേണം. ആ ശിക്ഷ അവനവന്റെ തറവാട്ടില്‍ ഒതുങ്ങണം. നാട്ടുകാരുടെ മുന്നില്‍ കൊണ്ടു നിര്‍ത്തി ചെട്ടി കൊട്ടിയിട്ടാകരുത്. അയ്യടാ ഇതാണോ നിങ്ങളുടെ പാര്‍ട്ടി എന്ന് ചോദിപ്പിക്കാന്‍ അവസരമുണ്ടാക്കരുത്'' എന്നും മല്ലിക കൂട്ടിച്ചേര്‍ക്കുന്നു.