ന്യൂഡല്‍ഹി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് രാഷ്ട്രത്തിന്റെ ആദരമായി പദ്മവിഭൂഷണ്‍ നല്‍കി. വിഎസിന് ഒപ്പം സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെടി തോമസിനും ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ പി. നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചു. രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മവിഭൂഷണ്‍,

അഞ്ചു പേര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്‌കാരം. അതില്‍ മൂന്ന് പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ നല്‍കും. ഉത്തര്‍ പ്രദേശില്‍നിന്നുള്ള കലാകാരന്‍ എന്‍ രാജത്തിനെയും പദ്മവിഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ആദരിക്കും.

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള മൂന്നു പേര്‍ക്കാണ് പദ്മശ്രീ പുരസ്‌കാരം ലഭിച്ചത്. ശാസ്ത്രമേഖലയില്‍ എ. മുത്തുനായകത്തിന് പത്മശ്രീ ലഭിച്ചു.കലാമണ്ഡലം വിമലാ മേനോന്‍, കൊല്ലക്കല്‍ ദേവകി അമ്മ എന്നിവര്‍ക്കാണ് പത്മശ്രീ. നടന്‍ ധര്‍മേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രോഹിത് ശര്‍മ്മ, വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ കെ വിജയകുമാര്‍, നടന്‍ മാധവന്‍ തുടങ്ങി 113 പേര്‍ക്ക് പത്മശ്രീ നല്‍കി രാജ്യം ആദരിക്കും. 5 പേര്‍ക്ക് പത്മവിഭൂഷണും, 13 പേര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. വിവിധ മേഖലകളില്‍ നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പ്രമുഖ വ്യക്തിത്വങ്ങളെ പത്മ പുരസ്‌കാരം നല്‍കി രാജ്യം ആദരിക്കുന്നത്.

അങ്കെ ഗൗഡ (കര്‍ണാടക), അര്‍മിഡ ഫെര്‍ണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്വദാസ് റായ്ക്വാര്‍ (മധ്യപ്രദേശ്), ബ്രിജ് ലാല്‍ ഭട്ട് (ജമ്മു കശ്മീര്‍), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരണ്‍ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാല്‍ യാദവ് (ഉത്തര്‍പ്രദേശ്), ധാര്‍മിക് ലാല്‍ ചുനിലാല്‍ (ഗുജറാത്ത്) തുടങ്ങിയവര്‍ക്കും പത്മശ്രീ ലഭിച്ചു.

വി.എസിന് പത്മവിഭൂഷണ്‍ ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് വി.എസ്. അച്യുതാനന്ദന്റെ മകന്റെ വി.എ. അരുണ്‍കുമാര്‍ പ്രതികരിച്ചു. കുടുംബം വലിയ സന്തോഷത്തോടെയാണ് ബഹുമതി സ്വീകരിക്കുന്നത്. നേരത്തെ അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. അച്ഛന് അംഗീകാരം കിട്ടണമെന്ന ആഗ്രഹം എന്നുമുണ്ടാകും. അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് രാഷ്ട്രീയത്തില്‍ വന്നയാളാണ്. രാജ്യത്തിനു വേണ്ടി ജീവിച്ച വ്യക്തിയാണ്. ഇങ്ങനെയൊക്കെ കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണ് വ്യക്തിപരമായ സന്തോഷമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.