കോഴിക്കോട്: അര്‍ജുന്റെ കുടുംബം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ടു രംഗത്തുവന്ന ലോറി ഡ്രൈവര്‍ മനാഫ് തന്റെ ഭാഗം മാധ്യമങ്ങള്‍ക്ക് മു്ന്നില്‍ കൂടുതല്‍ വിശദമാക്കി രംഗത്തുവന്നു. അര്‍ജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളെല്ലാം മനാഫ് നിഷേധിച്ചു. എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വ്യക്തമക്കി.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെയെന്ന് പറഞ്ഞ മനാഫ് അര്‍ജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും സംസാരിച്ച് പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാണെന്നും മാധ്യമങ്ങളോടു മനാഫ് പ്രതികരിച്ചു. ലോറിക്ക് അര്‍ജുന്‍ എന്നുതന്നെ പേരിടും. അര്‍ജുന്റെ കുടുംബവുമായി കാര്യമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മനാഫ് അറിയിച്ചു. പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യുട്യൂബ് ചാനല്‍ തുടങ്ങി എന്നത് അടക്കമുള്ള ആരോപണങ്ങളാണ് അര്‍ജുന്റെ കുടുംബം ആരോപിച്ചത്. ഇതില്‍ പ്രതികരിച്ച മനാഫ്, യൂട്യൂബ് ചാനല്‍ തുടങ്ങുന്നതില്‍ എന്താണ് തെറ്റ് എന്നും ചോദിച്ചു. എനിക്കാരോടെങ്കിലും ഒന്ന് സംസാരിക്കണം. അതിനുവേണ്ടിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അര്‍ജുന്റെ വിഷയത്തിനുശേഷം യൂട്യൂബ് ചാനലില്‍ ഒന്നും വന്നിട്ടില്ലല്ലോ. അര്‍ജുനെ കിട്ടുന്നതോടെ ആ യൂട്യൂബ് ചാനലിന് അര്‍ഥമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ആകെ പത്തയ്യായിരം സബ്‌സ്‌ക്രൈബേഴ്‌സാണ് അതിനുള്ളത്. അതുകൊണ്ട് എന്ത് പ്രശ്‌നമാണുള്ളത്/ വൈകാരികത വെച്ചിട്ട് തന്നെയാണ് അര്‍ജുന്‍ ജനഹൃദയങ്ങളിലേക്കെത്തിയത്. അങ്ങനെ വൈകാരികത ആയി തോന്നുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ കരുതിക്കോളൂ.- മനാഫ് പറഞ്ഞു.

വൈകിപ്പിച്ചതായുള്ള കുടുംബാംഗങ്ങളുടെ ആരോപണത്തോട് വൈകാരികമായാണ് മനാഫ് പ്രതികരിച്ചത്. തന്റെ കുടുംബമായി അവരെ കണ്ടതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. 'അര്‍ജുന്റെ അമ്മ എന്റെ അമ്മയാണ്, അമ്മ എന്നെ തള്ളിപ്പറഞ്ഞോട്ടെ. അര്‍ജുന്റെ ഫാമിലി എന്റെ ഫാമിലിയായി ഞാന്‍ കാണുന്നത്. അവരിപ്പോഴുള്ള ബുദ്ധിമോശത്തില്‍ എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ പറഞ്ഞോട്ടെ. അവരിതിനുമുമ്പും പേഴ്സണലായിട്ട് പറഞ്ഞതാണ്.

ഞാനതൊന്നും വകവെക്കുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്ക് ഒരാവശ്യം വരികയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായിട്ടും അവരുടെ കൂടെയുണ്ടാകും. അത് അവരുടെ മാത്രമല്ല, എന്റെ ഏത് ജോലിക്കാര്‍ക്ക് ആവശ്യം വന്നാലും ഞാനങ്ങനെതന്നെ ചെയ്യും. 'ഒരുറുപ്യയും ആരോടും വാങ്ങിയിട്ടില്ല. അര്‍ജുനെ എടുക്കുന്നതിന് മുമ്പ് ഈ ആരോപണങ്ങള്‍ ആകാമായിരുന്നു. അവര്‍ മൊത്തം എന്നെ തള്ളിപ്പറഞ്ഞാലും എനിക്ക് അവരെന്റെ ഫാമിലിയാണ്. കുറച്ചാളുകള്‍ ഇതിനുപിന്നിലുണ്ട്. എനിക്ക് ഒരു ഐഡിയയുമില്ല. ചിലപ്പോള്‍ ജിതിന് എന്തെങ്കിലും പ്രശ്നമുണ്ടാകാം.

അര്‍ജുന്റെ വിഷയത്തില്‍ അവര്‍ക്കൊരു പ്രശസ്തി ആവശ്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. എനിക്കും വേണ്ട. ആക്ഷന്‍ കമ്മിറ്റി എന്നെ ക്ഷണിച്ചു തിരുവനന്തപുരത്ത് പോകാന്‍. ഞാന്‍ പറഞ്ഞു വരാം. ഞാനത് ജിതിനോട് പറഞ്ഞപ്പോള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് പോകേണ്ട ആവശ്യമില്ല, ഇപ്പോള്‍ ഫോണില്‍ വിളിച്ചാലും മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ പറ്റും എന്ന് പറഞ്ഞു. ഞാന്‍ പോയി, അര്‍ജുന് വേണ്ടി ഇനി അമേരിക്കയിലേക്ക് വേണമെങ്കിലും പോകും. നിങ്ങളെല്ലാവരും കൂടി എനിക്കൊരു ഹൈപ്പ് തന്നത് അവര്‍ക്കിഷ്ടമായില്ലെന്നാണ് തോന്നുന്നത്'. മനാഫ് വ്യക്തമാക്കി.

അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അര്‍ജുന്‍ സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്നും മറ്റുമാണ് ഒരു വ്യക്തി പ്രചരിപ്പിക്കുന്നത്. കുടുംബത്തിന് ഇത് തികയുന്നില്ല എന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടാക്കുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

രണ്ടാംഘട്ടം കഴിഞ്ഞപ്പോള്‍ മനാഫ് യൂട്യൂബ് ചാനലുണ്ടാക്കി. അര്‍ജുന്റെയും കുടുംബത്തിന്റെയും പേരുപറഞ്ഞുള്ള പ്രചാരണം നിര്‍ത്തണം. ഇല്ലെങ്കില്‍ മനാഫിനെതിരെ നിയമനടപടി സ്വീകരിക്കും. അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയു. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്. പൊതുസമൂഹത്തിനു മുന്നില്‍ കുടുംബത്തെ അപമാനിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.

അര്‍ജുനെ കാണാതായതു മുതല്‍ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നു. നേവിയും ഈശ്വര്‍ മല്‍പെയും ചേര്‍ന്നുള്ള ഡൈവിങ് തിരച്ചില്‍ മാത്രമാണ് രണ്ടാം ഘട്ടത്തില്‍ നടന്നത്. പിന്തുണ ലഭിച്ചപ്പോഴും പലഘട്ടത്തിലായി പലരും കുടുംബത്തിന്റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അര്‍ജുനെ കണ്ടെത്തിയശേഷം അഞ്ജു നടത്തിയ പ്രതികരണത്തില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിന്‍ ആരോപിച്ചു. ഇത്തരത്തില്‍ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കുടുംബം വ്യക്തമാക്കി.