കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് കേരളാ പോലീസിന്റെ ഇടപെടലുകള്‍ വിവാദമാകുന്നു. ബി.ജെ.പിയുടെ ഓഫിസ് സീല്‍ പതിച്ച സര്‍ക്കുലര്‍ മറ്റു പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിതരണം ചെയ്ത സംഭവത്തില്‍ പ്രതികരിച്ചവര്‍ക്കെതിരായ നടപടിയില്‍ പോലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അഭിമുഖം കേരളാ പൊലീസിന്റെ നിര്‍ദേശപ്രകാരം ഫെയ്‌സ്ബുക് നീക്കം ചെയ്ത നടപടിയും വിവാദത്തിന് വഴിവെക്കുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് നടത്തിയ സംഭാഷണത്തിന്റെ റീല്‍ ആണ് ബുധനാഴ്ച ഉച്ചയോടെ ഇന്ത്യയില്‍ വിലക്കിയത്. അഭിമുഖം ഇന്ത്യയില്‍ കാണുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ഐടി ആക്ട് 2000, സെക്ഷന്‍ 79 (3) (ബി) പ്രകാരം ഫേസ്ബുക്കിന് നോട്ടീസ് നല്‍കുകയായിരുന്നു. എന്ത് വീഴ്ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി എന്നത് വ്യക്തമല്ല.

ചൊവ്വാഴ്ച ചിത്രീകരിച്ച അഭിമുഖം മനോരമ ന്യൂസ് ചാനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യുകയും സമൂഹമാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ഗാരന്റിയടക്കമുള്ള വാഗ്ദാനങ്ങളും ഉള്‍പാര്‍ട്ടി ചര്‍ച്ചകളുമെല്ലാം അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരുമണിക്കൂര്‍ നീണ്ട അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെട്ട റീലിന്റെ ലിങ്ക് ഫെയ്‌സ്ബുക്കില്‍ ഇപ്പോഴും ഉണ്ടെങ്കിലും ഇന്ത്യയില്‍ വിഡിയോ കാണാന്‍ സാധിക്കില്ല.

ഫെയ്‌സ്ബുക്കിനു നോട്ടിസ് നല്‍കിയ കാര്യം ആദ്യം കേരള പൊലീസ് നിഷേധിച്ചെങ്കിലും പിന്നീടു സമ്മതിച്ചു. ലിങ്കിലെ കമന്റ് ബോക്‌സിലെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്വമേധയാ ഫെയ്‌സ്ബുക്കിനു നിര്‍ദേശം നല്‍കിയെന്നാണ് പൊലീസിന്റെ വിശദീകരണം. കമന്റുകള്‍ മാത്രം നീക്കാനാണ് ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടതെങ്കിലും കമന്റ് ബോക്‌സില്‍ ചേരിതിരിഞ്ഞുള്ള വാഗ്വാദം നടക്കുന്നത് സംഘര്‍ഷത്തിനു കാരണമായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് പൊലീസ് സൈബര്‍ വിഭാഗം വിശദീകരിച്ചു.

ഫെയ്‌സ്ബുക്കിന്റെ നയങ്ങള്‍ക്കും മാര്‍ഗരേഖയ്ക്കും വിരുദ്ധമായതോ ഐടി നിയമം ഉള്‍പ്പെടെ ഏതെങ്കിലും നിയമവ്യവസ്ഥകള്‍ക്ക് എതിരായതോ ആയ ഒരു ഉള്ളടക്കവും നീക്കം ചെയ്യപ്പെട്ട റീലില്‍ ഉണ്ടായിരുന്നില്ല. മാര്‍ഗരേഖ ലംഘിച്ചിട്ടില്ലെന്ന് ഫെയ്‌സ്ബുക് അവരുടെ നോട്ടിഫിക്കേഷനില്‍ സൂചിപ്പിക്കുന്നുമുണ്ട്. ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോ നീക്കം ചെയ്തതിനെതിരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും മനോരമ ന്യൂസ് പരാതി നല്‍കി.

അതേസമയം ബി.ജെ.പിയുടെ ഓഫിസ് സീല്‍ പതിച്ച സര്‍ക്കുലര്‍ മറ്റു പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ വിതരണം ചെയ്ത സംഭവത്തില്‍ പ്രതികരിച്ചവര്‍ക്കെതിരായ നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു. സര്‍ക്കുലര്‍ വെറുമൊരു ഉദ്യോഗസ്ഥന്റെ പിഴവായി മാത്രം കണ്ട് നിസ്സാരവത്കരിക്കാനാവില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധിക്കാതെ ഇത്തരം പ്രധാന ആശയവിനിമയങ്ങള്‍ പുറത്തേക്ക് അയക്കുന്നത് അബദ്ധമായോ യാദൃശ്ചിക വീഴ്ചയായോ തള്ളിക്കളയാനാകില്ല. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തലത്തില്‍ അന്വേഷണമുണ്ടാകുമെന്ന് കേരളത്തിലെ സി.ഇ.ഒ വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ രാഷ്ട്രീയ പാര്‍ട്ടികളെയും പൗരന്മാരെയും അറിയിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ കമീഷന്റ ആവശ്യപ്രകാരമാണ് പൊലീസ് നോട്ടീസ് അയച്ചത്. ജനാധിപത്യ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെക്കും.

വിമര്‍ശനങ്ങള്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയോ, അപകീര്‍ത്തികരമാകുകയോ, വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് കാരണമാകുകയോ ചെയ്യാത്തിടത്തോളംകാലം അവയെ അഭിപ്രായ പ്രകടനങ്ങളായിവേണം കാണാന്‍. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നടപടികളില്‍ സമ്പൂര്‍ണ രാഷ്ട്രീയ നിഷ്പക്ഷത പ്രതിഫലിക്കണമെന്നും പിണറായി വിജയന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.