തിരുവനന്തപുരം: അര്‍ജന്റീനന്‍ സൂപ്പര്‍താരം മെസിയുടെ കേരളാ സന്ദര്‍ശനം സ്‌പോണ്‍സര്‍മരായ റിപ്പോര്‍ട്ടര്‍ ടിവി പണം അടക്കാത്തതിനെ തുടര്‍ന്ന് മുടങ്ങിയ അവസ്ഥയിലാണ്. ഈ വിഷയം അന്തര്‍ദേശീയ തലത്തില്‍ കേരളത്തിന് നാണക്കേട് വരുത്തി വെക്കുകയാണ് ഉണ്ടായത്. വിവാദ പശ്ചാത്തലമുള്ള റിപ്പോര്‍ട്ടര്‍ ടിവി മുതലാളിമാരെ സ്‌പോണ്‍സര്‍ഷിപ്പ് ഏല്‍പ്പിച്ചതു തന്നെ വിവാദത്തിലാണ്. ഈ വിഷയം വിവാദമായതോടെ കായിക മന്ത്രി വി അബ്ദുറഹിമാന്‍ തടിയൂരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

മെസിയുടെ പേരില്‍ കേരളത്തെ നാണകെടുത്തിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം രംഗത്തുവന്നു. മാംഗോ ഫോണ്‍ എന്ന പേരില്‍ നാട്ടുകാരെ പറ്റിച്ചവരെയാണ് സര്‍ക്കാര്‍ എല്ലാക്കാര്യവും ഏല്‍പ്പിച്ചതെന്നാണ് ബല്‍റാം വിമര്‍ശിച്ചത്. ഇവര്‍ പ്രതിയായ മരംവെട്ട് കേസും ഓര്‍മ്മിപ്പിച്ചാണ് ബല്‍റാമിന്റെ വിമര്‍ശനം. കായിക മന്ത്രി കേരളത്തോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

മാംഗോ ഫോണ്‍ എന്ന പേരില്‍ നാട്ടുകാരെ പറ്റിച്ചവര്‍, സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിച്ച് കട്ട് കടത്തിയവര്‍, അവരെ എല്ലാക്കാര്യവും ഏല്‍പ്പിച്ച് കേരളത്തിന് ഈ നാണക്കേട് വരുത്തിവച്ച സംസ്ഥാന സര്‍ക്കാരും കായിക മന്ത്രിയും കേരളത്തോട് മാപ്പ് പറയുകയാണ് വേണ്ടത്. ഇതിനുത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടികളും സ്വീകരിക്കണം.

അതേസമയം മറ്റ് ആരോപണങ്ങളും മെസിയുടെ പേരില്‍ ഉയരുന്നുണ്ട്. മെസിയുടെ സന്ദര്‍ശനത്തിന്റെ മറവില്‍ കേരളത്തില്‍ വന്‍ പിരിവ് നടന്നതായി മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. മെസിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഓള്‍ കേരള ഗോല്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ ഒരു വിഭാഗം വന്‍ തുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി സ്വര്‍ണവ്യാപാരി സംഘടനയായ എകെജിഎസ്എംഎ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍, ട്രഷറര്‍ സിവി കൃഷ്ണദാസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

കായിക മന്ത്രിയെയും, സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ വ്യാപാര മേഖലയില്‍ നിന്നും ജസ്റ്റിന്‍ പാലത്തറ വിഭാഗം കോടികള്‍ പിരിച്ചെടുത്തെന്നും, തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് സംഘടനയുടെ ആവശ്യം. കായിക മന്ത്രിയോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത് തങ്ങളാണ് മെസിയെ കൊണ്ടുവരുന്നത് എന്ന് ജസ്റ്റിന്‍ വിഭാഗം പ്രചരണം നടത്തിയിരുന്നു. മെസിയെ കേരളത്തില്‍ കൊണ്ടുവരുന്നത് തങ്ങളാണെന്ന് പ്രചരിപ്പിച്ച് ആറുമാസം നീണ്ടുനില്‍ക്കുന്ന ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി 'ഒലോപ്പോ' എന്ന ആപ്പ് നിര്‍മ്മിച്ചു 10000 രൂപ വീതം അംഗത്വ ഫീസ് സ്വീകരിച്ച്, ഒട്ടേറെ ജ്വല്ലറികളില്‍ നിന്നും പണം തട്ടിയതായാണ് പരാതിയില്‍ പറയുന്നു.

സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും, സ്വര്‍ണ്ണ വ്യാപാരികളുടെ ഇടയില്‍ നിന്നും വലിയ തോതില്‍ സംഭാവന സ്വീകരിക്കുകയും,17.5 കിലോ സ്വര്‍ണം സമ്മാനമായി നല്‍കും എന്നൊക്കെ പറഞ്ഞു തട്ടിപ്പ് നടത്തുകയും ചെയ്ത സംഘടനയെക്കുറിച്ച് സര്‍ക്കാര്‍തലത്തില്‍ അന്വേഷണം നടത്തണമെന്നും ഇവരുടെ തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.