ന്യൂഡല്‍ഹി: ജൂതജനതക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് മോദിയുടെ ആശംസ. നെതന്യാഹുവിനെ മൈ ഫ്രണ്ട് എന്ന് വിശേഷിപ്പിച്ചാണ് മോദി ആശംസകള്‍ നേര്‍ന്നത്.

ഷാനാ തോവ! എന്റെ സുഹൃത്ത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും, ഇസ്രായേല്‍ ജനതയ്ക്കും, ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും റോഷ് ഹഷാന ആശംസകള്‍. എല്ലാവര്‍ക്കും സമാധാനവും, പ്രതീക്ഷയും, ആരോഗ്യവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു,' മോദി എക്സില്‍ കുറിച്ചു. ഇംഗ്ലീഷിലും ഹീബ്രുവിലുമായിരുന്നു മോദി ആശംസകള്‍ നേര്‍ന്നത്.

ജൂത കലണ്ടര്‍ വര്‍ഷം 5786 ന്റെ ആരംഭം കുറിക്കുന്ന റോഷ് ഹഷാന, ജൂതമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നാണ്. ജൂതന്മാരുടെ ഉന്നത വിശുദ്ധ ദിനങ്ങളുടെ തുടക്കം കുറിക്കുന്ന റോഷ് ഹഷാനയില്‍ നവീകരണത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്. പ്രത്യേക പ്രാര്‍ഥനകളും ഭക്ഷണവുമെല്ലാം ഈ സമയത്തെ പ്രത്യേകതകളാണ്.

നേരത്തെ, മോദിയുടെ ജന്മദിനത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആശംസകള്‍ നേര്‍ന്നിരുന്നു. ജന്മദിനാശംസകള്‍ക്ക് പ്രധാനമന്ത്രി മോദി നന്ദി പറയുകയും ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ശക്തമായ സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവും ഊട്ടിയുറപ്പിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ചായായിരുന്നു മോദി 75 ാം പിറന്നാള്‍ ആഘോഷിച്ചത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരുള്‍പ്പെടെ നിരവധി ലോക നേതാക്കള്‍ക്കളും മോദിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ഇസ്രായേല്‍ -ഫലസ്തീന്‍ വിഷയം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുകയാണ്. ഫലസ്തീനെ രാജ്യമായി അംഗീകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അടക്കം രംഗത്തുവന്നിരുന്നു.