തിരുവനന്തപരം: കെപിസിസി അദ്ധ്യക്ഷനെ തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുന്നതിനിടെ, കെ സുധാകരന്‍ രണ്ടും കല്‍പ്പിച്ച് മുന്നിട്ടിറങ്ങി. തന്നെ അപമാനിച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയുമായി സുധാകരന്‍ രംഗത്തെത്തി. മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ നേരില്‍ കണ്ടാണ് സുധാകരന്‍ പരാതി പറഞ്ഞത്.

പ്രസിഡന്റിനെ മാറ്റാനാണ് തീരുമാനമെങ്കില്‍ മാറിത്തരാമെന്നും പൊതുചര്‍ച്ച ചെയ്ത് തന്നെ അപമാനിക്കുന്നത് ഒഴിവാക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചിലര്‍ മനപൂര്‍വം പ്രചരിപ്പിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് സുധാകരന്‍ ആന്റണിയെ കാണാനെത്തിയത്. തനിക്ക് അനാരോഗ്യമുണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പ്രചരിപ്പിക്കുന്നതിലാണ് സുധാകരന് അനിഷ്ടം.

കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് തന്നെയാണ് ഹൈക്കമാന്‍ഡ് നിലപാട്. ഇക്കാര്യം സൂചിപ്പിക്കാന്‍ സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ചെങ്കിലും, തന്നോട് നേതൃമാറ്റകാര്യം നേതാക്കള്‍ സംസാരിച്ചിട്ടില്ലെന്നാണ് അദ്ദേഹം ഞായറാഴ്ച വ്യക്തമാക്കിയത്. ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവെന്ന നിലയിലാണ് ആന്റണിയെ തന്നെ സുധാകരന്‍ കണ്ടത്.

തന്നെ പെട്ടെന്ന് മാറ്റാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നാണ് ഇന്നലെ ചാനല്‍ അഭിമുഖത്തില്‍ കെ സുധാകരന്‍ പറഞ്ഞത്. മൂന്നേമുക്കാല്‍ വര്‍ഷം താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര നേതൃത്വം തൃപ്തരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. താന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറില്ലെന്നും കെ.സുധാകരന്‍ പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡ് തന്നെ മാറ്റില്ല. തന്നെ രാഹുല്‍ ആശ്ലേഷിച്ചാണ് വിട്ടത്.

ഇടതുപക്ഷ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കിയിട്ടേ താന്‍ പോകുമെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി. അതാണ് തന്റെ രാഷ്ട്രീയം. അക്കാര്യം നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ജനങ്ങളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അംഗീകാരം തനിക്കുണ്ടെന്നും സുധാകരന്‍ അവകാശപ്പെട്ടു.

കെപിസിസി അദ്ധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടാകില്ല: കെ സി

കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന വാര്‍ത്തകള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തള്ളി.. എടുക്കേണ്ട തീരുമാനം എടുക്കേണ്ട സമയത്ത് എടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് അറിയാം. ഇതുസംബന്ധിച്ച് തീരുമാനമുണ്ടായാല്‍ അറിയിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിയെ കണ്ടത് കെപിസിസി ആധ്യക്ഷനെ തീരുമാനിക്കാനാണെന്ന റിപ്പോര്‍ട്ടുകളും കെസി തള്ളി. രാഹുല്‍ ഗാന്ധിയെ എല്ലാ ദിവസവും കാണുന്നതാണ്. അത് ഈ വിഷയം ചര്‍ച്ച ചെയ്യാനല്ല. മറ്റ് ഒരുപാട് വിഷയങ്ങളുണ്ട് ചര്‍ച്ച ചെയ്യാന്‍. പാര്‍ട്ടിക്ക് ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ മുന്നോട്ട് പോകൂ എന്നും അദ്ദേഹം പറഞ്ഞു.

'എന്തൊരു അസംബന്ധമായ വാര്‍ത്തകളാണ് വരുന്നത്. പ്രിയങ്കാ ഗാന്ധി ഇടപെടുന്നു എന്നൊക്കെയാണ് വാര്‍ത്തകള്‍. ഇന്നുവരെ പ്രിയങ്കാ ഗാന്ധി കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ല. മാറ്റമുണ്ടെങ്കില്‍ പറയും. ഞങ്ങള്‍ ആലോചിക്കാത്ത കാര്യങ്ങളെ കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഈ കാര്യത്തിന് വേണ്ടി മാത്രമല്ല നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. എടുക്കേണ്ട സമയത്ത് എടുക്കേണ്ട തീരുമാനങ്ങളെടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് അറിയാം', കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

അതേസമയം, തദ്ദേശ -നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്നാണ് ഹൈക്കമാന്‍ഡിന്റെ മനസ്സിലിരിപ്പ്. ആന്റോ ആന്റണി എംപിയെയും സണ്ണി ജോസഫ് എംഎല്‍എയെയും പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. കത്തോലിക്ക ക്രിസ്താനികള്‍ എന്നതിന് പുറമേ മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ എന്ന പരിഗണനയാണ് ഇരുവര്‍ക്കും അനുകൂലമായ ഘടകം. ബിജെപി കടുത്ത ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ക്രൈസ്തവ സഭകളെ കൂടെ നിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

സുധാകരനെ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.മുരളീധരനും സുധാകരന്‍ മാറേണ്ട ആവശ്യമില്ലെന്ന് ആന്റോആന്റണിയും ഇന്നലെ പ്രതികരിച്ചു. അതിനിടെ, അദ്ധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന നേതാക്കള്‍ക്കെതിരെ ആലുവ ബസ് സ്റ്റാന്‍ഡില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണിജോസഫുമല്ല കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കേണ്ടതെന്നാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നത്.

ഈ പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്റിനെ മാറ്റിയാല്‍ അതുതിരിച്ചടിയാകുമെന്ന് ചില നേതാക്കള്‍ പറയുന്നുണ്ടെങ്കിലും സുധാകരന്‍ കൂടുതല്‍ വിലപേശലിന് മുതിരും മുമ്പേ അദ്ദേഹത്തെ മാറ്റാനാണ് ഹൈക്കമാന്‍ഡിന്റെ ആലോചന. എന്നാല്‍, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ വളരെ ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് തീരുമാനം.