വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് പദത്തില്‍ തിരിച്ചെത്തിയതിന് പിന്നാലെ കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്നും നാടുകടത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ ആശങ്കയിലാണ്. മതിയായ രേഖകളില്ലാത്ത എല്ലാവരെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ ഭരണകൂടം നാടുകടത്തല്‍ നടപടികളിലേക്ക് കടന്നതോടെ ആശങ്ക ഏറുകയാണ്. ഇന്ത്യന്‍ സമൂഹത്തിലും ആശങ്ക കനത്തതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി.

അമേരിക്കയില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പൗരത്വ രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങും, ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണ്, അനധികൃത കുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

'ഇന്ത്യന്‍ പൗരന്മാര്‍ അമേരിക്കയിലോ മറ്റെവിടെയെങ്കിലോ ശരിയായ രേഖകളില്ലാതെ ഒരു രാജ്യത്ത് താമസിക്കുകയോ കാലവധി കഴിഞ്ഞ് തങ്ങുകയോ ചെയ്താല്‍, അവരുടെ പൗരത്വം സ്ഥിരീകരിക്കുന്നതിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയാണെങ്കില്‍ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. എത്രയാളുകളെയാണ് ഇത്തരത്തില്‍ തിരിച്ചുകൊണ്ടുവരികയെന്നതില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചിച്ചുകഴിഞ്ഞു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ വിവരമനുസരിച്ച് മൊത്തം 538 അറസ്റ്റുകള്‍ ഇതിനകം നടന്നിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

പൗരത്വ രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് വിദേശകാര്യ മന്ത്രാലയം കടക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ പൗരന്മാര്‍ അമേരിക്കയിലെന്നല്ല, മറ്റേതൊരു രാജ്യത്തായാലും മതിയായ രേഖകളില്ലാതെ താമസിക്കുന്നതിന്റെ പേരില്‍ പുറത്താക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍, അവരെ ഉറപ്പായും തിരിച്ചെത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഇന്ന് വ്യക്തമാക്കിയത്. ഇന്ത്യന്‍ പൗരത്വം സ്ഥിരീകരിക്കുന്നതിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയാണെങ്കില്‍ ആരെയും തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ വിവരിച്ചു. അമേരിക്കയില്‍ നിന്നും എത്രയാളുകളെയാണ് ഇത്തരത്തില്‍ തിരിച്ചുകൊണ്ടുവരേണ്ടത് എന്ന കാര്യത്തില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിവരിച്ചു.

അതേസമയം ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്ന് ദിവസമായപ്പോഴേക്കും 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്‌തെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. 'തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാള്‍ ഉള്‍പ്പെടെ 538 അനധികൃത കുടിയേറ്റ കുറ്റവാളികളെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എതിരായ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചെയ്തവരും അറസ്റ്റിലായവരിലുണ്ട്. നൂറുകണക്കിന് അനധികൃത കുടിയേറ്റ കുറ്റവാളികളെ സൈനിക വിമാനങ്ങള്‍ വഴി നാടുകടത്തുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ വലിയ നാടുകടത്തല്‍ ഓപ്പറേഷന്‍ പുരോഗമിക്കുകയാണ്. വാഗ്ദാനങ്ങള്‍ നല്‍കി. വാഗ്ദാനങ്ങള്‍ പാലിക്കുന്നു'- കരോലിന്‍ ലീവിറ്റ് പറഞ്ഞു.