- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെക്കല്‍ ചെന്‍ തന്റെ മൂന്നാമത്തെ മകളെ കാണാന്‍ പോകുന്നത് ഇതാദ്യമായി; 16 മാസം ഹമാസിന്റെ തടവറയില്‍ നരകിച്ച ചെന്‍ അടക്കം മൂന്നു ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; പകരം 369 ഫലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കും; ഒരാഴ്ചത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ആശ്വാസം
മൂന്നു ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു
ജെറുസലേം: വെടിനിര്‍ത്തല്‍ റദ്ദാക്കുമെന്ന ഇസ്രയേലിന്റെയും, അമേരിക്കയുടെയും ഭീഷണിക്കിടെ, ഹമാസ് മൂന്ന് ഇസ്രയേലി ബന്ദികളെ കൂടി മോചിപ്പിച്ചു. 369 ഫലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയയ്ക്കുന്നതിന് പകരമാണ് മൂന്നുപേരുടെ മോചനം.
ശനിയാഴ്ച ഉച്ചയോടെ എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഈ ആഴ്ച ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനുവരി 19 ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഹമാസും ഇസ്രയേലും പരസ്പരം ആരോപണം ഉന്നയിക്കുകയും ചെയ്തു. ബന്ദികളെ വിട്ടയയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വച്ചെന്ന് ഹമാസും, ഗസ്സയിലെ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേലും കടുത്ത നിലപാട് സ്വീകരിച്ചതോടെ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. എന്തായാലും വെള്ളിയാഴ്ചയോടെ മഞ്ഞുരുകുകയും ബന്ദി മോചനം സമയബന്ധിതമായി തുടരുമെന്നും ഇരുപക്ഷവും വ്യക്തമാക്കുകയും ചെയ്തു.
ഇസ്രയേലി- അര്‍ജന്റീന്‍ വംശജന്‍ യെര്‍ ഹോണ്‍(46) ഇസ്രയേലി-അമേരിക്കന്‍ സാഗ്യു ദെക്കല്‍-ചെന്‍(36), ഇസ്രയേലി-റഷ്യന്‍ സാഷ ത്രൂഫാനോവ്( 29) എന്നിവരെയാണ് ശനിയാഴ്ച വിട്ടയച്ചത്. ഡെക്കല്‍ സെന്‍ തന്റെ മൂന്നാമത്തെ മകളെ ഇതാദ്യമായി കാണാന്‍ പോകുകയാണ്. ഇപ്പോള്‍ ഒരു വയസ് കഴിഞ്ഞ മകള്‍, ചെന്‍ ഹമാസിന്റെ ബന്ദിയായിരിക്കെയാണ് പിറന്നത്. ഈജിപ്റ്റിന്റെയും ഖത്തറിന്റെയും മധ്യസ്ഥ ശ്രമങ്ങള്‍ വിജയിച്ചതോടെയാണ് ബന്ദി മോചനം സുഗമമായത്.
2023 ഒക്ടോബര്‍ 7 ന് ഹമാസ് പിടികൂടിയ ബന്ദികളെ ഗസ്സയിലെ തെക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍ വച്ച് റെഡ് ക്രോസിന്റെ രാജ്യാന്തര കമ്മിറ്റിക്കാണ് കൈമാറിയത്. റെഡ്‌ക്രോസ് പിന്നീട് ഇവരെ ഇസ്രയേലി സേനയ്ക്ക് കൈമാറി. ഇസ്രയേലില്‍ തിരിച്ചെത്തിയ മൂവരും ആരോഗ്യവാന്മാരായി കാണപ്പെട്ടു. ഇസ്രയേല്‍ വിട്ടയയ്ക്കുന്ന 369 ഫല്‌സ്തീന്‍ തടവുകാരില്‍ ഭൂരിഭാഗവും ഒക്ടോബര്‍ 7 ലെ ഹമാസ് ആക്രമണത്തെ തുടര്‍ന്ന് പിടിയിലായവരാണ്.
ബന്ദി മോചനം പുനരാരംഭിച്ചെങ്കിലും ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷസാഹചര്യം നിലനില്‍ക്കുകയാണ്. ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നത് ഇസ്രയേല്‍ സൈന്യം തടയുന്നതായി ഹമാസ് ആരോപിച്ചിരുന്നു.
മൂന്നു ബന്ദികളെ കൂടി ഇസ്രയേല്‍ വിട്ടയച്ചതോടെ വെടിനിര്‍ത്തലിന് ആകെ മോചിതരായ ബന്ദികളുടെ എണ്ണം 19 ആയി. ഇനിയും നിരവധി ഇസ്രയേലി പൗരന്മാര്‍ ഹമാസിന്റെ തടങ്കലിലാണ്. ഇവരുടെ മോചനത്തിനായി ശ്രമങ്ങള്‍ തുടരുന്നു.