ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ബൈസരനില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നതായി ദേശീയ മാധ്യമങ്ങള്‍. 26 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികള്‍ പതിവായി എത്തുന്ന ബൈസരന്‍ താഴ്വരയിലാണ് ആക്രമണം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മരണസംഖ്യ 20-ല്‍ കൂടുതലാകാമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ട്. ഇതില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരില്‍ ഒരാള്‍ കര്‍ണാടകത്തില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മഞ്ജുനാഥ റാവുവാണ്.

അതിമനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാന്‍ പെഹല്‍ഗാമിലെത്തിയ സഞ്ചാരികളെ മൂന്ന് ഭീകരരാണ് ആക്രമിച്ചതെന്നാണ് വിവരം. വിനോദസഞ്ചാരികളുടെ അടുത്തേക്ക് എത്തിയ ഭീകരര്‍ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം കശ്മീരിന് പുറത്തുനിന്നുള്ളവരാണെന്ന് മനസിലാക്കി ആക്രമിക്കുകയായിരുന്നു. 20 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ദി റെസിസ്റ്റന്റ് ഫ്രണ്ട്, ടിആര്‍എഫ് എന്ന ഭീകര സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തെന്ന് റിപ്പോര്‍ട്ടുണ്ട്. സൈനിക വേഷം ധരിച്ചെത്തിയവരാണ് ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമികള്‍ പല റൗണ്ട് വെടിയുതിര്‍ത്തെന്നും രക്ഷപ്പെട്ടവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കുതിരപ്പുറത്ത് സവാരി ചെയ്തും ടെന്റില്‍ വിശ്രമിച്ചും ചിത്രങ്ങളെടുത്തും തങ്ങളുടെ അവധി ആസ്വദിക്കുകയായിരുന്ന വിനോദസഞ്ചാരികളാണ് ആക്രമിക്കപ്പെട്ടത്. പരുക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ തലക്ക് അടക്കം വെടിയേറ്റവരുണ്ടെന്ന് വിവരമുണ്ട്. സംഭവം നടന്ന സ്ഥലത്തേതെന്ന പേരില്‍ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സൗദി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഭീകരരുടെ അജണ്ട നടപ്പാകിലെന്നും വ്യക്തമാക്കി. ഭീകരതെയ്്‌ക്കെതിരായ പോരാട്ടം കടുപ്പിക്കുമെന്നും മോദി പ്രതികരിച്ചു.

പഹല്‍ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതികരിച്ചു. തീര്‍ത്തും മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ച് അമിത് ഷാ സാഹചര്യം വിലയിരുത്തി. കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും ആക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും പറഞ്ഞ അദ്ദേഹം താന്‍ ശ്രീനഗറിലേക്ക് പോവുകയാണെന്നും വ്യക്തമാക്കി.

ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ''കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ തിരിച്ചടി നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെക്കുറിച്ച് വിഡിയോ കോണ്‍ഫറന്‍സിങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ഏജന്‍സികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്താന്‍ ഉടന്‍ ഞാന്‍ ശ്രീനഗറിലേക്ക് പോകും.'' അമിത് ഷാ അറിയിച്ചു.

വെടിവെപ്പിന് പിന്നാലെ പ്രദേശത്തിന്റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. പ്രദേശം വളഞ്ഞ സേന ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, റോഡുകളില്‍ പരിശോധനയും ശക്തമാക്കി. പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് ബൈസാരന്‍ പുല്‍മേട് സ്ഥിതി ചെയ്യുന്നത്. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പുല്‍മേട്ടില്‍ സഞ്ചാരികള്‍ക്ക് എത്താന്‍ സാധിക്കൂ.

അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്കു അടുത്തു വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിക്കൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പരുക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി അധികൃതര്‍ മേഖലയിലേക്ക് ഹെലികോപ്റ്റര്‍ അയച്ചിട്ടുണ്ട്. അതേസമയം, ആക്രമണം നടത്തിയത് ചില പാകിസ്ഥാന്‍ ഭീകരരാണെന്ന് ബിജെപി നേതാവ് രവീന്ദര്‍ റെയ്ന പറഞ്ഞു.

ഭീകരാക്രമണം മൃഗീയമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചു. സാധാരണക്കാര്‍ക്ക് നേരെ ഉണ്ടായ ആക്രമണം ഭീരുത്വവും അങ്ങേയറ്റം അപലപനീയവുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങും പ്രതികരിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ആക്രമണത്തെ അപലപിച്ചു. പഹല്‍ഗാമം ഭീകരാക്രമണത്തില്‍ അപലപിച്ച് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രംഗത്തെത്തി.

കഴിഞ്ഞവര്‍ഷം ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗാംഗീറില്‍ ഭീകരവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ 7 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഡോക്ടറും ആറ് നിര്‍മ്മാണ തൊഴിലാളികളുമാണ് അന്ന് കൊല്ലപ്പെട്ടത്. പ്രദേശത്ത് നിര്‍മ്മാണത്തിലിരുന്ന ഒരു തുരങ്കത്തില്‍ ജോലി ചെയ്തിരുന്ന ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ക്യാമ്പാണ് ഭീകരര്‍ ആക്രമിച്ചത്.