ന്യൂഡല്‍ഹി: ചെങ്കോട്ടാ ആക്രമണത്തിന് പിന്നിലെ തുര്‍ക്കി ബന്ധത്തിന് ഒരു പ്രത്യക്ഷ തെളിവ് കൂടി. ഇന്ത്യന്‍ കരസേനയ്ക്കായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവന്ന ചരക്കു വിമാനത്തിനു തുര്‍ക്കി വ്യോമപാത നിഷേധിച്ചെന്ന റിപ്പോര്‍ട്ട് ഈ ഘട്ടത്തില്‍ അതിനിര്‍ണ്ണായകമാണ്. ഇന്ത്യന്‍ കരസേനയ്ക്കുള്ള മൂന്ന് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുമായി ഈ മാസം ഒന്നിന് പറന്നുയര്‍ന്ന ചരക്ക് വിമാനം ഇന്ധനം നിറക്കുന്നതിന് ബ്രിട്ടനിലെ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് വിമാനത്താവളത്തില്‍ ഇറക്കി. തുടര്‍ന്ന് വിമാനത്തിനു ഇന്ത്യയിലേക്ക് തുര്‍ക്കി വ്യോമപാത നിഷേധിച്ചുവെന്നാണു റിപ്പോര്‍ട്ട്. അതായത് ഇന്ത്യയെ ശത്രുവായി നേരത്തെ തന്നെ തുര്‍ക്കി പ്രഖ്യാപിച്ചിരുന്നു. അതിനിടെ ചെങ്കോട്ടയിലെ അക്രമത്തില്‍ അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം അഞ്ചു ഘട്ടങ്ങളായാണു ഭീകരര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തത്.

ആദ്യഘട്ടത്തില്‍ ജെയ്ഷ് ഇ മുഹമ്മദ്, അന്‍സാര്‍ ഗസ്വത്ത് ഉല്‍ ഹിന്ദ് എന്നീ തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ശൃംഖല രൂപപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതിന് തുര്‍ക്കിയിലും ചര്‍ച്ചകള്‍ നടന്നു. രണ്ടാമതായി നൂതന സ്‌ഫോടകവസ്തുക്കള്‍ (ഐഇഡി) നിര്‍മാണത്തിനായി അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുകയെന്നതായിരുന്നു. മൂന്നാംഘട്ടത്തില്‍ ഐഇഡികള്‍ നിര്‍മിക്കുന്നതും ലക്ഷ്യസ്ഥാനങ്ങള്‍ നിരീക്ഷിക്കുന്നതും ഉള്‍പ്പെടുത്തി. പലഭീകരരും തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. നാലാമതായി മോഡ്യൂളില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്കിടയില്‍ നിര്‍മിച്ച ഐഇഡികള്‍ വിതരണം ചെയ്യുകയെന്നതായിരുന്നു. അവസാനഘട്ടത്തില്‍ ലക്ഷ്യസ്ഥാനങ്ങളില്‍ ഒരേസമയം സ്‌ഫോടനങ്ങള്‍ നടത്താനുമായിരുന്നു ആസൂത്രണം നടത്തിയത്.

ഡല്‍ഹി സ്‌ഫോടനത്തില്‍ ഫരീദാബാദില്‍ അറസ്റ്റിലായ ഡോക്ടര്‍മാരുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ചുവരികയാണ്. ഇതിനിടെയാണ് തുര്‍ക്കിയെ സംശയത്തിലാക്കുന്ന തെളിവുകള്‍ കിട്ടിയത്. പാക്കിസ്ഥാനിലെ ജെയ്ഷ് താവളങ്ങള്‍ ഇന്ത്യ തകര്‍ത്തിരുന്നു. ഓപ്പറേഷന്‍ സിന്ദൂറോടെ പാക്കിസ്ഥാന് ഭയം കൂടി. ഇതോടെ ജെയ്ഷ് ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ തുര്‍ക്കിയിലേക്ക് മാറ്റിയെന്നാണ് സൂചന. വൈറ്റ് കോളര്‍ ഭീകരതയും തുര്‍ക്കിയുടെ തന്ത്രമാണെന്നാണ് സൂചന. ഇതോടൊപ്പം ഇവരുടെ സാമ്പത്തിക ശൃംഖലയെയും പ്രവര്‍ത്തനരീതികളെയും കുറിച്ചുള്ള വ്യക്തമായ സൂചന ചോദ്യം ചെയ്യലില്‍നിന്നു ലഭിച്ചതായും സൂചനയുണ്ട്. ഓഗസ്റ്റില്‍ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. എന്നാല്‍ സാങ്കേതിക തടസങ്ങള്‍ നിമിത്തം മാറ്റിവയ്ക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അറസ്റ്റുണ്ടായേക്കും.

ഇന്ത്യന്‍ കരസേനയ്ക്കായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവന്ന ചരക്കു വിമാനത്തിനു തുര്‍ക്കി വ്യോമപാത നിഷേധിച്ചതും ജെയ്ഷ് പോലുള്ള ഭീകര സംഘടനകളുമായുള്ള അടുപ്പത്തിന് തെളിവായി. ബ്രിട്ടനിലെ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് വിമാനത്താവളത്തില്‍ എട്ടു ദിവസം അനുമതി കാത്തുകിടന്ന വിമാനം തുടര്‍ന്ന് എട്ടിന് യുഎസിലേക്കു മടങ്ങി. ആറ് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ നല്‍കാമെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ബോയിംഗ് ജൂലൈയില്‍ ഇന്ത്യന്‍ കരസേനയ്ക്കു മൂന്ന് ഹെലികോപ്റ്ററുകള്‍ കൈമാറിയിരുന്നു. അന്ന് വ്യോമപാത ഉപയോഗിക്കാന്‍ തുര്‍ക്കി അനുമതി നല്‍കിയിരുന്നു.

മുന്‍നിശ്ചയ പ്രകാരം ബോയിംഗ് കമ്പനി ഈ മാസം കരസേനയ്ക്കു മൂന്നു ഹെലികോപ്റ്ററുകള്‍ കൈമാറേണ്ടതാണ്. പുതിയ സംഭവത്തോടെ ഇതു വൈകുമെന്നാണു സൂചന. മറ്റൊരു വ്യോമപാതയിലൂടെ ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുകയാണ്. ബോയിംഗിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ 22 എണ്ണം വ്യോമസേനയും മൂന്ന് എണ്ണം കരസേനയും ഉപയോഗിക്കുന്നുണ്ട്.