ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ ഒരു സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ഏഴ് നില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ടെറ ഡ്രോൺ ഇന്തോനേഷ്യ എന്ന സ്ഥാപനത്തിന്റെ ഓഫീസിലുണ്ടായ ഈ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്തോനേഷ്യയെ നടുക്കിയ ഈ വലിയ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

തീപിടിത്തം ഉണ്ടായ സമയത്ത് നിരവധി ജീവനക്കാർ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നു. ഉച്ചഭക്ഷണ സമയത്താണ് അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീ പടർന്നുപിടിച്ചത്. തുടർന്ന് തീ അതിവേഗം മുകളിലത്തെ നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. തീ പടർന്നുപിടിക്കുമ്പോൾ ഉച്ചഭക്ഷണം കഴിക്കാൻ പുറത്തുപോയ ജീവനക്കാർക്ക് രക്ഷപ്പെടാൻ സാധിച്ചത് വലിയ ആശ്വാസമായി.

വിവരം അറിഞ്ഞയുടൻ അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മരണപ്പെട്ട 20 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയത്. കെട്ടിടത്തിന്റെ വിവിധ നിലകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അറിയാൻ തിരച്ചിൽ തുടരുകയാണ്. മുകൾ നിലകളിൽ കുടുങ്ങിയവരെ സുരക്ഷിതമായി താഴെയെത്തിക്കാനും തീ പൂർണമായും അണയ്ക്കാനുമാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്.

തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും ഷോർട്ട് സർക്യൂട്ടോ മറ്റോ ആകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാൻ ജീവനക്കാർ തീവ്രമായി ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിൽ നിന്ന് പോർട്ടബിൾ ലാഡറുകൾ ഉപയോഗിച്ച് ആളുകൾ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വന്‍ ദുരന്തമാണ് ജക്കാര്‍ത്തയില്‍ സംഭവിച്ചിരിക്കുന്നത്. സംഭവം അറിഞ്ഞതോടെ ഉന്നത ഉദ്യോഗസ്ഥരും അധികാരികളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റവരെയും, ശ്വാസം മുട്ടൽ അനുഭവിച്ചവരെയും ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റി. ഇന്തോനേഷ്യൻ അധികൃതർ ഈ സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും തീപിടിത്തത്തിന് കാരണം എന്താണെന്നും അന്വേഷണത്തിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

ഈ ദുരന്തം ഇന്തോനേഷ്യയിലെ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ആളുകൾ തിങ്ങിപ്പാർക്കുന്നതും ധാരാളം ഓഫീസുകൾ പ്രവർത്തിക്കുന്നതുമായ കെട്ടിടങ്ങളിൽ മതിയായ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.