- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നല്ലളം മോഡേണ്‍ ബസാറില്‍ മൊബൈല്‍ ടവര്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി; കരമനയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഫുട്പാത്തിലേക്കും; കറുത്ത ശനി: രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍ ആറു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി ആറുപേര്‍ കൊല്ലപ്പെട്ടു. കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറിലും തിരുവനന്തപുരം കരമനയിലുമാണ് നാടിനെ നടുക്കിയ ദുരന്തങ്ങളുണ്ടായത്. അമിതവേഗതയും നിയന്ത്രണം വിട്ടതുമാണ് രണ്ട് അപകടങ്ങള്‍ക്കും കാരണമെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആദ്യ അപകടം നടന്നത്. മൊബൈല്‍ ടവര്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രാമനാട്ടുകര സ്വദേശികളായ ദിനില്‍, അജീഷ്, ഫറോക്ക് സ്വദേശി വിമല്‍ എന്നിവര്‍ മരിച്ചു. രണ്ട് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കും ലോറി ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്.
തിരുവനന്തപുരം കരമനയില്‍ പുലര്‍ച്ചെ 1.30-ഓടെയാണ് രണ്ടാമത്തെ അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നെയ്യാറ്റിന്‍കര സ്വദേശികളായ പ്രണവ്, സജിന്‍, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. മരിച്ച മൂന്നുപേരും നഗരത്തിലെ ഒരു ഹോട്ടലിലെ ജീവനക്കാരാണ്.
ഒരേ ബൈക്കില്‍ മൂന്നുപേര്‍ സഞ്ചരിച്ചതാണ് അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്. ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ബൈക്ക് അവിടെ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് രണ്ട് ബൈക്കുകളിലും ഇടിച്ചു. മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് വിവരം. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.


