ദോഹ: ഗള്‍ഫിലെ യു.എസ് വ്യോമതാവളങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തിന് പിന്നാലെ വ്യോമപാത അടച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തര്‍, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് വ്യോമപാത അടച്ചത്. ഇസ്രയേല്‍-യുഎസ് ആക്രമണത്തിന് തൊട്ടുപിന്നാലെ ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചു. ആക്രമണത്തിന്റെ ഭാഗമായി ഇസ്രയേലും തങ്ങളുടെ വ്യോമപാത അടച്ചിട്ടുണ്ട്. ഇറാനിലെ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാഖും വ്യോമാതിര്‍ത്തി അടച്ചു. നിലവില്‍ ഈ മേഖലയിലൂടെയുള്ള വ്യോമഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഇറാനും ഇറാഖും വ്യോമാതിര്‍ത്തി അടച്ചതോടെ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ശനിയാഴ്ച ഉച്ചയോടെ ഇറാന്റെയും ഇറാഖിന്റെയും ആകാശ പരിധിയില്‍ വിമാനങ്ങളുടെ സാന്നിധ്യമൊന്നുമില്ല. ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബയിലേക്ക് ഇറക്കി. വ്യോമപാത അടച്ചതിനാല്‍ ഇന്ത്യയിലേക്ക് വിമാനം തിരിച്ചുവിടുകയാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ഖത്തറിലും കുവൈത്തിലും ബഹറൈനിലും യുഎഇയിലുമാണ് ഇറാന്‍ തുടരെ ആക്രമണം നടത്തിയത്. സൗദി അറേബ്യയിലെ റിയാദിലും സ്‌ഫോടന ശബ്ദം കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച എല്ലാ മിസൈലുകളും നിര്‍വീര്യമാക്കിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ദോഹയില്‍ ഒന്നിലധികം വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലും സ്‌ഫോടനശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഖത്തര്‍ വ്യോമപാത അടച്ചതിന് പിന്നാലെ ഖത്തര്‍ എയര്‍വേസ് വിമാനസര്‍വീസുകള്‍ നിര്‍ത്തി. ഖത്തര്‍, കുവൈത്ത്, ബഹറൈന്‍, യുഎഇ, ഒമാന്‍, ലെബനന്‍, സിറിയ, ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുര്‍ക്കിഷ് എയര്‍ലൈന്‍സും റദ്ദാക്കി. യുദ്ധ ഭീതി ഉയര്‍ന്നതോടെ പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ പല വിമാനകമ്പനികളും നേരത്തെ നിര്‍ത്തിയിരുന്നു. വിസ് എയര്‍ ദുബായിലേക്കും അബുദാബിയിലേക്കും ജോര്‍ദാനിലെ അമ്മാനിലേക്കുമുള്ള സര്‍വീസുകള്‍ ഏഴുവരെ നിര്‍ത്തി. ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ രണ്ടു ദിവസത്തേക്ക് ദുബായ്, ടെല്‍ അവീവ്, ബെയ്‌റൂട്ട്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തില്ല. റഷ്യ, കുവൈത്ത് എന്നിവ ഇറാനിലേക്കുള്ള സര്‍വീസ് നിര്‍ത്തി. ഇസ്രയേല്‍ വ്യോമാതിര്‍ത്തി അടയ്ക്കുകയും സിവിലിയന്‍ വിമാനങ്ങളെ വിലക്കുകയും ചെയ്തിട്ടുണ്ട്.

ഖത്തറിലെ അല്‍ ഉദൈദ് എയര്‍ബേസ്, കുവൈത്തിലെ അല്‍ സലീം എയര്‍ ബേസ്, യുഎഇയിലെ അല്‍ ദാഫ്ര എയര്‍ബേസ്, ബഹറൈനിലെ യു.എസ് നേവിയുടെ അഞ്ചാം കപ്പല്‍പട എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ വാര്‍ത്ത ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇസ്രയേല്‍ ഇറാനില്‍ ആക്രമണം തുടരുകയാണ്. ഇറാന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഉര്‍മിയയില്‍ സ്‌ഫോടന ശബ്ദം കേട്ടു. ഇസ്രേയല്‍ സേന ആക്രമണം നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണിത്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള എല്ലാ താമസക്കാര്‍ക്കും ഇസ്രായേല്‍ സൈനിക വക്താവ് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് നല്‍കി.

യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്:

അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍.'വ്യോമപാത താല്‍ക്കാലികമായി അടച്ചിടുന്നതുകൊണ്ടും ഒന്നിലധികം അന്താരാഷ്ട്ര വ്യോമാതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതും കാരണം ചില അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് കാലതാമസമുണ്ടാകാനോ വഴിതിരിച്ചുവിടാനോ ഇടയുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുന്‍പ് യാത്രക്കാര്‍ അതത് എയര്‍ലൈനുമായി ബന്ധപ്പെട്ട ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ സഹകരണത്തിന് നന്ദി.' തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കുന്നു.

ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തിരമായി കേരളം ഹെല്‍പ്പ്ഡെസ്‌ക് തുടങ്ങി. ഹെല്‍പ്പ്ഡെസ്‌ക് ആരംഭിക്കാന്‍ മുഖ്യമന്ത്രി നോര്‍ക്കക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്. അതേസമയം ഇറാനുമായും അവരുമായി ബന്ധമുള്ള രാജ്യങ്ങളിലെയും വ്യോമാതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സ്ഥിതിഗതികള്‍ വഷളായാല്‍ പ്രവര്‍ത്തനത്തിലെ മാറ്റത്തെക്കുറിച്ച് അറിയിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് യാത്രപുറപ്പെടും മുന്‍പ് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.