ടെഹ്‌റാന്‍: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഏറ്റവും ശക്തമായ വജ്രായുധം പുറത്തെടുക്കാനൊരുങ്ങി ഇസ്രയേലും, അമേരിക്കയും.ഇറാനിലെ കുര്‍ദിഷ് വിമത ഗ്രൂപ്പുകളെ സായുധരാക്കി രാജ്യത്തിനകത്ത് ഒരു ജനകീയ കലാപം അഴിച്ചുവിടാനാണ് പദ്ധതിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ഉള്ളില്‍ത്തന്നെ ഒരു ജനകീയ കലാപം അഴിച്ചുവിടുന്നതിനായി കുര്‍ദിഷ് പ്രതിപക്ഷ സേനകള്‍ക്ക് ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക ശ്രമിക്കുന്നതായാണ് വിവരം. യുഎസ് ഭരണകൂടം കുര്‍ദിഷ് പ്രതിപക്ഷ ഗ്രൂപ്പുകളെ സായുധരാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് സജീവമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ബുധനാഴ്ച വരെ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇറാന്‍ ഭരണകൂടത്തെ കാലങ്ങളായി എതിര്‍ക്കുന്ന കുര്‍ദിഷ് പ്രതിപക്ഷ സേനകള്‍ക്ക് അത്യാധുനിക ആയുധങ്ങളും പരിശീലനവും നല്‍കാന്‍ യുഎസ് ചാരസംഘടനയായ സിഐഎ (ഇകഅ) ചര്‍ച്ചകള്‍ തുടങ്ങിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ശ്രദ്ധ അതിര്‍ത്തികളില്‍ നിന്ന് മാറ്റി ആഭ്യന്തര കലാപങ്ങളിലേക്ക് തിരിക്കാനാണ് നീക്കം. ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇറാനിയന്‍ കുര്‍ദിസ്ഥാന്‍ തലവന്‍ മുസ്തഫ ഹിജ്രിയുമായി യുഎസ് പ്രസിഡന്റ് സംസാരിച്ചതായാണ് വിവരം. ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ കുര്‍ദിഷ് ഗ്രൂപ്പുകള്‍ക്കിടയില്‍ ഇസ്രയേല്‍ നേരത്തെ തന്നെ ശക്തമായ രഹസ്യാന്വേഷണ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. വടക്കന്‍ ഇറാന്റെ നിയന്ത്രണം കുര്‍ദിഷ് ഗ്രൂപ്പുകളെ ഏല്‍പ്പിക്കുക വഴി ഇസ്രയേലിന് ഒരു സുരക്ഷാ കവചം ഒരുക്കാനാണ് ബെഞ്ചമിന്‍ നെതന്യാഹു ലക്ഷ്യമിടുന്നത്.

വര്‍ഷങ്ങളായി ഇറാന്‍ ഭരണകൂടത്തെ എതിര്‍ക്കുന്ന കുര്‍ദിഷ് വിമതര്‍, ഇറാന്റെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലും മറ്റ് പടിഞ്ഞാറന്‍ പ്രവിശ്യകളിലും നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇറാന്‍-ഇറാഖ് അതിര്‍ത്തി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇരുരാജ്യങ്ങളിലെയും കുര്‍ദിഷ് ന്യൂനപക്ഷങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്.

അമേരിക്കയുടെ ചാരസംഘടനയായ സിഐഎയ്ക്ക് (CIA), ഇറാന്റെ അയല്‍രാജ്യമായ ഇറാഖിലെ കുര്‍ദിഷ് ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ദീര്‍ഘകാല ചരിത്രമുണ്ട്. 2003-ല്‍ അമേരിക്ക ഇറാഖിനെ ആക്രമിച്ച സമയത്തും ഈ ബന്ധം ശക്തമായിരുന്നു. കൂടാതെ, സിറിയയില്‍ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെതിരെ പോരാടാന്‍ കുര്‍ദിഷ് പോരാളികള്‍ക്ക് വാഷിംഗ്ടണ്‍ പണവും ആയുധവും പരിശീലനവും നല്‍കിയിരുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, അമേരിക്കന്‍ വിദേശനയത്തെ എതിര്‍ക്കുന്ന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിനായി വിവിധ രാജ്യങ്ങളിലെ വിമതര്‍ക്കും സായുധ സംഘങ്ങള്‍ക്കും സിഐഎ ഫണ്ട് നല്‍കി വരുന്നുണ്ട്.

കുര്‍ദിഷ് ഗ്രൂപ്പുകളെ ആയുധമണിയിക്കാനുള്ള അമേരിക്കയുടെ നീക്കം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദേശകാര്യ വിദഗ്ദര്‍ വിലയിരുത്തുന്നു. 'ഒറ്റനോട്ടത്തില്‍ ഇതൊരു മോശം നീക്കമാണെന്ന് തോന്നുന്നു,' എന്ന് പറഞ്ഞ അദ്ദേഹം, ഇത് ഇറാന്റെ ആഭ്യന്തര തലത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കി.

ഇറാനിയന്‍ സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനും, രാജ്യവ്യാപകമായി ജനകീയ പ്രതിഷേധങ്ങള്‍ ശക്തമാക്കാനും കുര്‍ദിഷ് വിഭാഗങ്ങളെ ഉപയോഗിക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സിഎന്‍എന്നിനോട് വെളിപ്പെടുത്തി. വടക്കന്‍ ഇറാന്റെ നിയന്ത്രണം കുര്‍ദിഷ് ഗ്രൂപ്പുകളെ ഏല്‍പ്പിക്കുക വഴി ഇസ്രായേലിന് ഒരു സുരക്ഷാ കവചം ഒരുക്കാനും ഇവര്‍ ലക്ഷ്യമിടുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇറാനിയന്‍ കുര്‍ദിസ്ഥാന്‍ തലവന്‍ മുസ്തഫ ഹിജ്രിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച സംസാരിച്ചതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരും ദിവസങ്ങളില്‍ പടിഞ്ഞാറന്‍ ഇറാനില്‍ നടക്കുന്ന കരസേനാ നീക്കങ്ങളില്‍ കുര്‍ദിഷ് ഗ്രൂപ്പുകളും പങ്കാളികളാകുമെന്ന് ഒരു കുര്‍ദിഷ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന്റെ പിറ്റേന്ന് തന്നെ ഇറാഖിലെ പ്രധാന കുര്‍ദിഷ് നേതാക്കളുമായി ഡൊണാള്‍ഡ് ട്രംപ് സംസാരിച്ചതായി അമേരിക്കന്‍ മാധ്യമമായ 'ആക്‌സിയോസ്' (Axios) റിപ്പോര്‍ട്ട് ചെയ്തു. കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മസൂദ് ബര്‍സാനി, പാട്രിയോട്ടിക് യൂണിയന്‍ ഓഫ് കുര്‍ദിസ്ഥാന്‍ (PUK) നേതാവ് ബാഫല്‍ തലാബാനി എന്നിവരുമായാണ് ട്രംപ് ചര്‍ച്ച നടത്തിയത്.

അമേരിക്കയും കുര്‍ദിഷ് ഗ്രൂപ്പുകളും തമ്മിലുള്ള ഈ ബന്ധത്തിനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാസങ്ങളായി സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ കുര്‍ദിഷ് ഗ്രൂപ്പുകള്‍ക്കിടയില്‍ ഇസ്രായേല്‍ ഇതിനോടകം തന്നെ ശക്തമായ രഹസ്യാന്വേഷണ ശൃംഖലകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ലക്ഷ്യം സ്വയംഭരണം

മിഡില്‍ ഈസ്റ്റിലുടനീളം വ്യാപിച്ചുകിടക്കുന്ന, സ്വന്തമായി ഒരു രാജ്യമില്ലാത്ത വംശീയ ന്യൂനപക്ഷമാണ് കുര്‍ദ്ദുകള്‍. വിവിധ രാജ്യങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചരിത്രമാണ് അവര്‍ക്കുള്ളത്. അവര്‍ക്ക് പൊതുവായ ഒരു സംസ്‌കാരവും ഭാഷയുമുണ്ട്. തുര്‍ക്കി, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ സ്വയംഭരണത്തിനായി നിരവധി കുര്‍ദിഷ് ഗ്രൂപ്പുകള്‍ പതിറ്റാണ്ടുകളായി പോരാടിവരുന്നു. വാഷിംഗ്ടണ്‍ ചരിത്രപരമായി കുര്‍ദിഷ് വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ഇറാഖി കുര്‍ദ്ദുകളുടെ സഖ്യകക്ഷിയാണ്.

അതുപോലെ, 2017-ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് സിറിയയിലെ കുര്‍ദിഷ് മിലിഷ്യയായ വൈ.പി.ജി പോരാളികള്‍ക്ക് അമേരിക്ക പരിശീലനവും ആയുധങ്ങളും നല്‍കിയിരുന്നു. തുര്‍ക്കി ഭീകര സംഘടനയായി പ്രഖ്യാപിച്ച പി.കെ.കെയുമായി ബന്ധമുള്ളതിനാല്‍ വൈ.പി.ജിയെയും ഒരു ഭീകര ഗ്രൂപ്പായാണ് തുര്‍ക്കി കണക്കാക്കുന്നത്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ (SDF) പ്രധാന ഭാഗമായ ഇവര്‍, ഐസിസ് കേന്ദ്രങ്ങളായിരുന്ന റഖ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ അടുത്ത കാലം വരെ നിയന്ത്രിച്ചിരുന്നു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി വിവിധ രാജ്യങ്ങളിലെ വിമതര്‍ക്കും സായുധ സംഘങ്ങള്‍ക്കും പണവും പരിശീലനവും ആയുധങ്ങളും നല്‍കി പിന്തുണയ്ക്കുന്ന ചരിത്രമാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയ്ക്കുള്ളത്. അത്തരം ചില സംഭവങ്ങള്‍ ഇങ്ങനെ.

അഫ്ഗാനിസ്ഥാന്‍: 1970-കളുടെ അവസാനം മുതല്‍ സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടാന്‍ അഫ്ഗാന്‍ മുജാഹിദ്ദീനുകള്‍ക്ക് സിഐഎ വന്‍തോതില്‍ ഫണ്ടും പരിശീലനവും നല്‍കി.

ലിബിയ: 2011-ല്‍ ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിക്കെതിരെ പോരാടിയ വിമതര്‍ക്ക് ഇന്റലിജന്‍സ് വിവരങ്ങളും മറ്റ് സഹായങ്ങളും സിഐഎ ലഭ്യമാക്കി.

ഇറാന്‍: 1953-ല്‍ ഇറാന്റെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഗിനെ അട്ടിമറിക്കാന്‍ ബ്രിട്ടീഷ് ചാരസംഘടനയായ എംഐ6-ഉം സിഐഎയും സംയുക്തമായി സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളെ സഹായിച്ചു.

നിക്കരാഗ്വ: 1980-കളില്‍ ഡാനിയല്‍ ഒര്‍ട്ടേഗയുടെ സോഷ്യലിസ്റ്റ് സാന്‍ഡിനിസ്റ്റ സര്‍ക്കാരിനെതിരെ പോരാടാന്‍ 'കോണ്‍ട്രാസ്' (Contras) എന്ന സായുധ സംഘത്തിന് സിഐഎ ആയുധങ്ങളും പണവും നല്‍കി. കൂടാതെ ലാറ്റിന്‍ അമേരിക്കയിലെ അമേരിക്കന്‍ വിരുദ്ധ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ഗ്വാട്ടിമാല (1954), ക്യൂബ (1960-61), എല്‍ സാല്‍വദോര്‍ എന്നിവിടങ്ങളിലെ സായുധ ഗ്രൂപ്പുകളെയും സിഐഎ പിന്തുണച്ചു.

വിയറ്റ്‌നാം: 1950-കളില്‍ വിയറ്റ്‌നാമിലെ വിമതര്‍ക്ക് ആയുധം നല്‍കിക്കൊണ്ടാണ് സിഐഎ അവിടെ ഇടപെടല്‍ തുടങ്ങിയത്. പിന്നീട് ഇത് അമേരിക്കയുടെ നേരിട്ടുള്ള സൈനിക നീക്കമായി മാറുകയും ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധങ്ങളിലൊന്നായി പരിണമിക്കുകയും ചെയ്തു.