വാഷിങ്ടന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 48 മണിക്കൂറിനകം ഹോര്‍മുസ് തുറക്കണമെന്നും ഇല്ലെങ്കില്‍ ഊര്‍ജ നിലയങ്ങള്‍ തകര്‍ക്കുമെന്നു ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് പുതിയ പ്രസ്താവന. ട്രൂത്ത് സോഷ്യലിലെ പുതിയ പോസ്റ്റിലാണ് ട്രംപിന്റെ പരാമര്‍ശം. 'ഇറാന്റെ മരണത്തോടെ, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും ഒട്ടും പ്രാപ്തിയില്ലാത്തവരുമായ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ്. ഇക്കാര്യത്തിലുള്ള നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി' - ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. അമേരിക്കന്‍ പോര്‍ വിമാനം വെടിവച്ചിട്ടെന്നു ഇറാന്‍ അവകാശപ്പെട്ടതിനിടെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

യുഎസിന്റെ എഫ് 15 യുദ്ധവിമാനം തകര്‍ത്തെന്ന് ഇറാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. വിമാനം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും ഇറാന്‍ പുറത്തുവിട്ടു. ഹോര്‍മുസിന്റെ തെക്കന്‍ തീരത്തുവച്ചാണ് വ്യോമ പ്രതിരോധ സംവിധാനം വിമാനം തകര്‍ത്തതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് തൊടുത്തുവിടുന്ന മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഇക്കാര്യത്തില്‍ യുഎസോ ഗള്‍ഫ് രാജ്യങ്ങളോ പ്രതികരിച്ചിട്ടില്ല. നേരത്തെ യുഎസിന്റെ എഫ് 35 പോര്‍ വിമാനവും ഇറാന്‍ ആക്രമിച്ചിരുന്നു. യുഎസിന്റെ ഈ വിമാനം ആക്രമിക്കുന്ന ആദ്യത്തെ രാജ്യമാണെന്നാണ് ഇറാന്‍ അവകാശപ്പെട്ടത്. എഫ് 35 വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതായി പിന്നീട് യുഎസ് സ്ഥിരീകരിച്ചിരുന്നു.

ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും കപ്പല്‍ ഗതാഗതത്തിനായി തുറന്നില്ലെങ്കില്‍ ഊര്‍ജ പ്ലാന്റുകള്‍ തകര്‍ക്കുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ട്രൂത്ത് സോഷ്യലിലൂടെയാണ് യു എസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. 'ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കണം, അല്ലെങ്കില്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തെ നേരിടേണ്ടി വരും. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് തുറക്കുന്നതില്‍ നടപടി വേണം. അല്ലെങ്കില്‍ അമേരിക്ക ഇറാന്റെവിവിധ ഊര്‍ജ്ജ നിലയങ്ങളെ ആക്രമിച്ച് ഇല്ലാതാക്കും. ഏറ്റവും വലിയ ഒന്നില്‍ നിന്നാകും തുടക്കം!' ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലെ പോസ്റ്റില്‍ കുറിച്ചു.

ഹോര്‍മുസ് കടലിടുക്കിന് ഭീഷണിയുയര്‍ത്താനുള്ള ഇറാന്റെ ശേഷി തകര്‍ത്തതായി യുഎസ് സൈന്യം അവകാശപ്പെട്ടിരുന്നു. ക്രൂസ് മിസൈലുകളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗര്‍ഭ കേന്ദ്രത്തിനു നേരെ ഈ ആഴ്ച നടന്ന ബോംബാക്രമണത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് യുഎസ് വ്യക്തമാക്കി. ലോകത്തെ എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതോടെയാണ്, അവിടുത്തെ മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ യുഎസ് സൈന്യം ബോംബുകള്‍ പ്രയോഗിച്ചത്.

അതേസമയം ഇറാനെതിരായ സൈനിക നടപടികള്‍ ശക്തമാക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പുകള്‍ക്കിടെ, ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനിയായ എച്ച്എംഎസ് ആന്‍സണ്‍ അറബിക്കടലില്‍ എത്തിയതായി 'ഡെയ്ലി മെയില്‍' റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 6ന് ഓസ്ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്ന് പുറപ്പെട്ട അന്തര്‍വാഹിനി, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള വടക്കന്‍ അറബിക്കടലില്‍ നിലയുറപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. 1,600 കിലോമീറ്റര്‍ പരിധിയുള്ള ടോമഹോക്ക് മിസൈലുകളും, ടോര്‍പ്പിഡോകളും ഈ അന്തര്‍വാഹിനിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇറാനുനേരെ ആക്രമണം നടത്താന്‍ ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയെ അനുവദിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

അതിനിടെ, ഇസ്രയേലിലെ തെക്കന്‍ നഗരമായ ഡിമോണയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 39 പേര്‍ക്ക് പരുക്കേറ്റു മൂന്നു നില കെട്ടിടം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയില്‍ മിസൈല്‍ ആക്രമണമുണ്ടാകുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഷിമണ്‍ പെരസ് നെഗേവ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്റര്‍ സ്ഥിതിചെയ്യുന്നത് ഡിമോണയിലാണ്. മിസൈല്‍ ആക്രമണത്തില്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററില്‍ തീപിടുത്തമുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആണവവികിരണം സംഭവിച്ചിട്ടില്ലെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫാല്‍ ഗ്രോസി പറഞ്ഞു. ആണവ നിലയങ്ങള്‍ക്ക് സമീപം പരമാവധി സൈനിക നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗാര്‍സ്യ ആക്രമണത്തിനു പിന്നാലെ നതാന്‍സ് ആണവനിലയത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മറുപടിയാണെന്ന് ഇറാന്‍ പ്രതികരിച്ചു.

ആക്രമണം തുടര്‍ന്നാല്‍ യുദ്ധതന്ത്രം മാറുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാഴ്ചകള്‍ എടുത്ത് ശത്രുക്കളുടെ വീഴ്ച മനസിലാക്കി തിരിച്ചടി നല്‍കിയെന്നാണ് ഇറാന്റെ അവകാശവാദം. എഫ് 35 വിമാനത്തെ ആക്രമിച്ചതും ഇസ്രായേലിന്റെ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ചതും കാട്ടി യുദ്ധത്തില്‍ മേല്‍ക്കൊയ്മ അവകാശപ്പെടുകയാണ് ഇറാന്‍. മൂന്നാഴ്ച ശത്രുവിന്റെ വീഴ്ചകള്‍ പഠിച്ച ശേഷമാണു പുതിയ നീക്കങ്ങള്‍ എന്നും ഇനി രീതികള്‍ മാറുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

'ഇറാന്റെ ഇന്ധന, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍, ഈ മേഖലയിലെ അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ സൈനിക വക്താവ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് അമേരിക്ക 48 മണിക്കൂര്‍ സമയം അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ ട്രംപിന് മറുപടി നല്‍കിയത്. ശത്രു രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് മാത്രമേ ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ തടസമുള്ളൂ എന്നാണ് ഇറാന്റെ വാദം.

ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കള്‍ക്കും അവരുമായി ബന്ധമുള്ളവര്‍ക്കും ഒഴികെ മറ്റെല്ലാവര്‍ക്കും വേണ്ടി തുറന്നുകിടക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജന്‍സിയിലെ ഇറാന്‍ പ്രതിനിധി പ്രസ്താവനയിലൂടെ അറിയിച്ചു. ഇറാന്റെ വെല്ലുവിളിയും, ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജം കേന്ദ്രങ്ങള്‍ ഇല്ലാതാക്കും എന്ന അമേരിക്കന്‍ ഭീഷണിയും ഒരുപോലെ മേഖലയെ ആശങ്കയിലാക്കുന്നു. ഇന്നലെ ആണവ കേന്ദ്രങ്ങള്‍ പരസ്പരം ആക്രമിച്ചത് ഗുരുതര സൂചനയാണ്. തങ്ങളുടെ ഊര്‍ജ സംവിധാനങ്ങളെ ആക്രമിച്ചാല്‍ മേഖല ആകെ ഇരുട്ടിലാകും എന്നാണ് ഇറാന്റെ മുന്നറിയിപ്പ്. പവര്‍ പ്ലാന്റ്‌റുകളുടെ മാപ്പ് സഹിതമാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ വെല്ലുവിളികള്‍ ഏറ്റു പിടിക്കുന്നത്.

അതിനിടെ പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെപശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രവിഭാഗം മേധാവി കായ കലാസ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചു. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുതരമായ സുരക്ഷാ - സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് കായ കലാസ് ചര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ വേണമെന്ന യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക നിലപാട് ആവര്‍ത്തിച്ചു. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത തടസ്സം മേഖലയിലെ സംഘര്‍ഷങ്ങളുടെ ഫലമാണെന്നും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അബ്ബാസ് ആരാഗ്ചി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.