ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് നടത്തിയ അവകാശവാദങ്ങള്‍ക്ക് കനത്ത ഭാഷയില്‍ മറുപടി നല്‍കി ഇറാന്‍. ഇറാന്റെ സൈനിക ശേഷി തകര്‍ത്തുവെന്ന ട്രംപിന്റെ പ്രസ്താവന അസംബന്ധമാണെന്നും അമേരിക്കയ്ക്ക് ഒരിക്കലും എത്തിച്ചേരാനാകാത്ത രഹസ്യ കേന്ദ്രങ്ങളിലാണ് തങ്ങളുടെ ആയുധ നിര്‍മ്മാണമെന്നും ഇറാന്‍ വ്യക്തമാക്കി. യുഎസിന് സ്ഥിരമായ ഒരു അപമാനം സൃഷ്ടിക്കുന്നത് വരെയും അവര്‍ ഖേദം പ്രകടിപ്പിച്ച് കീഴടങ്ങുന്നത് വരെയും നിലവിലെ യുദ്ധം തുടരുമെന്ന് ഇറാന്‍ സായുധ സേനകളുടെ സംയുക്ത കമാന്‍ഡ് യൂണിറ്റായ ഖതം അല്‍-അന്‍ബിയയുടെ വക്താവ് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

'ഞങ്ങളുടെ സൈനിക ശക്തിയെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചുമുള്ള നിങ്ങളുടെ രഹസ്യാന്വേഷണ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്. ഞങ്ങളുടെ വിശാലവും തന്ത്രപരവുമായ കഴിവുകളെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ല. തന്ത്രപരമായ മിസൈല്‍ ഉത്പാദന കേന്ദ്രങ്ങള്‍, ഡ്രോണുകള്‍, ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, മറ്റു തന്ത്രപരമായ യുദ്ധോപകരണങ്ങള്‍, പ്രത്യേകമായ ചില സംവിധാനങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് നശിപ്പിക്കാന്‍ സാധിച്ചുവെന്ന് കരുതരുത്. അത്തരം ഊഹങ്ങള്‍ നിങ്ങള്‍ വീണുകിടക്കുന്ന കുഴിയെ കൂടുതല്‍ ആഴത്തിലാക്കും. നിങ്ങള്‍ ആക്രമിച്ചതായി കരുതുന്ന കേന്ദ്രങ്ങള്‍ നിസ്സാരമാണ്. ഞങ്ങളുടെ തന്ത്രപരമായ സൈനിക ഉത്പാദനം നിങ്ങള്‍ അറിയാത്തതും നിങ്ങള്‍ ഒരിക്കലും എത്തിച്ചേരാത്തതുമായ സ്ഥലങ്ങളിലാണ് നടക്കുന്നത്. ഞങ്ങളുടെ മിസൈലുകളും ഡ്രോണുകളും സംവിധാനങ്ങളും എണ്ണാന്‍ ശ്രമിക്കേണ്ടതില്ല. അത് തെറ്റിപ്പോകും. ഒന്നും നേടാനും ആവില്ല' ഇറാന്‍ സൈനിക വക്താവ് പറഞ്ഞു.

ഇറാന്റെ മിസൈല്‍ ഉല്‍പ്പാദന കേന്ദ്രങ്ങളും ഡ്രോണുകളും ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളും നശിപ്പിച്ചു എന്ന ട്രംപിന്റെ അവകാശവാദം ഇറാന്‍ പൂര്‍ണ്ണമായും തള്ളി. ഇറാന്റെ സൈനിക ശക്തിയെക്കുറിച്ചുള്ള യുഎസ് രഹസ്യാന്വേഷണ വിവരങ്ങള്‍ തികച്ചും അപൂര്‍ണ്ണമാണെന്ന് സൈനിക വക്താവ് പരിഹസിച്ചു. അമേരിക്ക ആക്രമിച്ചതായി കരുതുന്ന കേന്ദ്രങ്ങള്‍ നിസ്സാരമാണെന്നും തന്ത്രപരമായ ആയുധ ശേഖരങ്ങള്‍ സുരക്ഷിതമാണെന്നും ഇറാന്‍ അവകാശപ്പെടുന്നു. തങ്ങളുടെ മിസൈലുകളും ഡ്രോണുകളും എണ്ണാന്‍ ശ്രമിക്കുന്നത് സമയം കളയലാണെന്നും അത് ഒരിക്കലും ശരിയാകില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക ഇപ്പോള്‍ വീണുകിടക്കുന്ന കുഴിയുടെ ആഴം കൂട്ടാന്‍ മാത്രമേ ഇത്തരം തെറ്റായ ഊഹങ്ങള്‍ സഹായിക്കൂ എന്നും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.

യുഎസ്-ഇസ്രായേല്‍ കേന്ദ്രങ്ങള്‍ക്കെതിരെയുള്ള ആക്രമണം തുടരുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. ഇറാന്റെ പരമാധികാരത്തിന് മേല്‍ നടത്തിയ ആക്രമണത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടി വരും. ഇതിനകം ഏറ്റുവാങ്ങിയ പ്രഹരങ്ങളേക്കാള്‍ വിനാശകരമായ തിരിച്ചടികള്‍ ഇനിയുണ്ടാകുമെന്നും ഖതം അല്‍-അന്‍ബിയ വക്താവ് മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ സൈനിക വിഭാഗങ്ങളേയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോറിനും ഇടയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന പ്രധാന കമാന്‍ഡ് യൂണിറ്റാണ് സെന്‍ട്രല്‍ ഖത്തം അല്‍-അന്‍ബിയ ആസ്ഥാനം.

യുഎസ്-ഇസ്രയേല്‍ കേന്ദ്രങ്ങള്‍ക്കുനേരെയുള്ള ആക്രമണം തുടരുമെന്നും ഇറാന്‍ ആവര്‍ത്തിച്ചു. 'ഞങ്ങളുടെ രാഷ്ട്രത്തിനെതിരെ നിങ്ങള്‍ ആരംഭിച്ച ആക്രമണത്തിന് നിങ്ങള്‍ വില നല്‍കണം. നിങ്ങള്‍ക്ക് സ്ഥിരമായ അപമാനം, ഖേദം, കീഴടങ്ങല്‍ എന്നിവ നേരിടുന്നതുവരെ ഈ യുദ്ധം തുടരും. ഇതിനകം ഏറ്റുവാങ്ങിയ കനത്ത പ്രഹരങ്ങളുടെ തുടര്‍ച്ചയായി, ഞങ്ങളില്‍ നിന്ന് കൂടുതല്‍ ഞെട്ടിപ്പിക്കുന്നതും വിനാശകരവുമായ പ്രഹരങ്ങള്‍ പ്രതീക്ഷിക്കുക'സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോകത്തെ പ്രധാന എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ആക്രമണകാരികളായ രാജ്യങ്ങള്‍ക്കും അവരുമായി ബന്ധമുള്ള കപ്പലുകള്‍ക്കും ഈ അനുമതി ബാധകമല്ല. ഇറാനിയന്‍ അധികൃതരുമായി കൃത്യമായ ഏകോപനം നടത്തിയ ശേഷം മാത്രമേ കപ്പലുകള്‍ക്ക് പാത അനുവദിക്കൂ. സമാധാന ചര്‍ച്ചകളും വെടിനിര്‍ത്തലും ഒമ്പത് മാസത്തിന് ശേഷം വീണ്ടും ലംഘിക്കുന്ന രീതി ഇനി അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

ട്രംപിന്റെ അവകാശവാദവും എണ്ണവിലയും

ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുകയാണെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ലക്ഷ്യം കാണുമെന്നുമാണ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചത്. ഇറാന്റെ നാവിക-വ്യോമ സേനകളെ തകര്‍ത്തു കളഞ്ഞുവെന്നും മിസൈല്‍ തൊടുക്കാനുള്ള അവരുടെ ശേഷി നാമമാത്രമായി കുറച്ചുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രസംഗത്തില്‍ വ്യക്തമായ എക്‌സിറ്റ് സ്ട്രാറ്റജി ഇല്ലാത്തത് ആഗോള എണ്ണവിപണിയെ ആശങ്കയിലാക്കി. പ്രസംഗത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്നതിനിടെ ഇറാന്‍ മിസൈലുകള്‍ ഇസ്രായേല്‍ പ്രതിരോധം തകര്‍ക്കാന്‍ ശ്രമിച്ചതും ലബനനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെട്ടതും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.