അബൂജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ ആസൂത്രിത ആക്രമണത്തില്‍ നാല്‍പ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. കെബ്ബി, നൈജര്‍ സംസ്ഥാനങ്ങളിലെ ഒന്‍പതോളം ഗ്രാമങ്ങളിലാണ് ഞായറാഴ്ച രാത്രിയോടെ ഭീകരര്‍ അഴിഞ്ഞാടിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ അറിയിച്ചു. കണ്ണില്‍ക്കണ്ടവരെയെല്ലാം ഭീകരര്‍ വെടിവെച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ഒരു ക്രൈസ്തവ പുരോഹിതന്‍ പറഞ്ഞു.

വിവിധ ഗ്രാമങ്ങളില്‍ നിന്നായി ഇതുവരെ 24 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും കൊല്ലപ്പെട്ടവരുടെ എണ്ണം 40 കടന്നതായും അദ്ദേഹം സ്ഥിരീകരിച്ചു. സുരക്ഷാ കാരണങ്ങളാല്‍ അദ്ദേഹം പേര് വെളിപ്പെടുത്തിയില്ല. പല ഗ്രാമങ്ങളിലും ഇപ്പോഴും ഭീകരരുടെ സാന്നിധ്യമുള്ളതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. മതഭേദമന്യേയുള്ള ആക്രമണമാണ് ഗ്രാമങ്ങളില്‍ നടന്നത്. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഗോത്രവിശ്വാസികളെയും ഭീകരര്‍ ഒരുപോലെ വേട്ടയാടി. ജനവാസ മേഖലകളിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറിയ അക്രമികള്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം വെടിവെച്ചിടുകയും വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും തീയിടുകയും ചെയ്തു.

കഴിഞ്ഞ മൂന്ന് ദിവസമായി ഈ മേഖലയില്‍ ഭീകരര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ആക്രമണത്തെത്തുടര്‍ന്ന് അഞ്ഞൂറിലധികം കുടുംബങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു. യാവൂരി പട്ടണത്തിലെ വിദ്യാലയങ്ങളിലും പള്ളികളിലുമാണ് ഇവര്‍ ഇപ്പോള്‍ അഭയം തേടിയിരിക്കുന്നത്. പലര്‍ക്കും സ്വന്തം ബന്ധുക്കളുടെ മൃതദേഹം പോലും സംസ്‌കരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. വളര്‍ത്തുമൃഗങ്ങളെയും ധാന്യശേഖരത്തെയും എല്ലാം ഭീകരര്‍ തീവെച്ച് നശിപ്പിച്ചു.

അന്‍സാരു ഭീകര സംഘടനയുടെ ഭാഗമായ 'മഹ്‌മൂദ' എന്ന പ്രാദേശിക ജിഹാദി ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. അല്‍-ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള മഹ്‌മൂദ് അല്‍-നൈജീരിയുടെ നേതൃത്വത്തിലുള്ള സംഘമാണിത്. കൊള്ളയും കൊലപാതകവും പതിവാക്കിയ ഇവര്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ബെനിന്‍, നൈജര്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് കെബ്ബി.

2025 മുതല്‍ ഇവിടെ തീവ്രവാദി ആക്രമണങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഈ അതിര്‍ത്തി മേഖല പിടിച്ചെടുക്കാനുള്ള ജിഹാദി സംഘങ്ങളുടെ ശ്രമമാണ് നിരന്തരമായ സംഘര്‍ഷങ്ങള്‍ക്ക് വഴിമാറുന്നത്. അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ആഗോള ഭീകര സംഘടനകളുമായി ബന്ധമുള്ള ഗ്രൂപ്പുകള്‍ പ്രദേശത്ത് പിടിമുറുക്കുന്നതായി സംഘര്‍ഷ നിരീക്ഷണ സംഘടനയായ എസിഎല്‍ഇഡി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുപുറമെ, 'ബാന്‍ഡിറ്റ്‌സ്' എന്നറിയപ്പെടുന്ന പ്രാദേശിക ക്രിമിനല്‍ സംഘങ്ങളും സമാന്തരമായി ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

പണം ആവശ്യപ്പെട്ട് ഗ്രാമീണരെ തട്ടിക്കൊണ്ടുപോകുന്നതും നൈജീരിയയുടെ വടക്കന്‍ മേഖലകളില്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ജിഹാദികളും സായുധ കൊള്ളക്കാരും ഒരുപോലെ ജനങ്ങളെ വേട്ടയാടുമ്പോള്‍ ഭരണകൂടം നിസ്സഹായരാകുന്ന അവസ്ഥയാണുള്ളത്. സുരക്ഷാ സേനയുടെ സാന്നിധ്യം കുറഞ്ഞ ഗ്രാമങ്ങളെയാണ് ഭീകരര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ആക്രമണം നടന്ന ഗ്രാമങ്ങളില്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ വനമേഖലകളിലേക്ക് മറയുന്ന ഭീകരരെ കണ്ടെത്തുക എന്നത് സൈന്യത്തിന് വെല്ലുവിളിയാവുകയാണ്. അക്രമികള്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചതായി പോലീസ് വക്താവ് അറിയിച്ചു.അന്താരാഷ്ട്ര തലത്തില്‍ നൈജീരിയയിലെ ആഭ്യന്തര സുരക്ഷാ വീഴ്ചകള്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. നിരപരാധികളായ ഗ്രാമീണര്‍ കൊല്ലപ്പെടുന്ന സംഭവത്തില്‍ വിവിധ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.