ന്യൂഡല്‍ഹി: മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉന്നയിക്കുന്ന ഹര്‍ജികള്‍ തീരുമാനിക്കാന്‍ ഒമ്പതംഗ ബെഞ്ച് രൂപീകരിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഉത്തരവിനെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഇതില്‍ പ്രധാനമാണ്. ആര്‍ത്തവ പ്രായത്തിലുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്ത ആചാരത്തിന് പുറമെ, ദാവൂദി ബോറ മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ ലിംഗഛേദം , പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് എന്നിവയും കോടതിയുടെ പരിഗണനയിലുണ്ട്.

ഇതര മതസ്ഥരെ വിവാഹം കഴിക്കുന്ന പാഴ്‌സി സ്ത്രീകള്‍ക്ക് അഗ്ഗിയാരിയില്‍ (പാഴ്‌സി ക്ഷേത്രം) പ്രവേശനം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജികളും ഇതിനൊപ്പം പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ടൈംസ് ഓഫ് ഇന്ത്യയോടാണ് നിലപാട് പറഞ്ഞത്. ജനകീയ കോടതികള്‍ എന്ന ലക്ഷ്യമാണുള്ളതെന്നും പറഞ്ഞു. ഒരു പൗരന്‍ നിയമപരമായ അടിയന്തര സാഹചര്യം നേരിടുകയോ, അസമയത്ത് അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ഭീഷണി മുഴക്കുകയോ ചെയ്താല്‍, മൗലികാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണത്തിനായി അര്‍ദ്ധരാത്രിയിലും ഭരണഘടനാ കോടതികളെ സമീപിക്കാന്‍ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

'സുപ്രീം കോടതിയെയും ഹൈക്കോടതികളെയും ജനകീയ കോടതികളാക്കി മാറ്റുക എന്നതാണ് എന്റെ ലക്ഷ്യം; നിയമപരമായ അടിയന്തര ഘട്ടങ്ങളില്‍ പ്രവൃത്തി സമയത്തിന് ശേഷവും എപ്പോള്‍ വേണമെങ്കിലും കോടതികളെ സമീപിക്കാന്‍ സാധിക്കണം,' ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പ്രധാനപ്പെട്ട ഭരണഘടനാ വിഷയങ്ങളില്‍ നിലവിലുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ പരമാവധി ഭരണഘടനാ ബെഞ്ചുകള്‍ രൂപീകരിക്കുക എന്നത് തന്റെ മുന്‍ഗണനകളില്‍ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറില്‍ തുടങ്ങി ഇപ്പോള്‍ പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍ നടക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടികള്‍ രാജ്യവ്യാപകമായി പൂര്‍ത്തിയായ ശേഷം ഈ ബെഞ്ച് വിഷയം പരിഗണിക്കും.

വലിയ കേസുകളില്‍ പ്രശസ്തരായ അഭിഭാഷകര്‍ ദിവസങ്ങളോളം വാദിക്കുന്നത് ഇനി അനുവദിക്കില്ല. വാദം പൂര്‍ത്തിയാക്കാന്‍ അഭിഭാഷകര്‍ക്ക് കര്‍ശനമായ സമയപരിധി നിശ്ചയിക്കാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിച്ചു. 'ഭരണഘടനാ കോടതികള്‍ അത്യാഹിത വിഭാഗങ്ങളുള്ള ആശുപത്രികളെപ്പോലെ പ്രവര്‍ത്തിക്കും. നിയമപരമായ അടിയന്തര സാഹചര്യമുണ്ടായാല്‍, പദവി നോക്കാതെ ഏതൊരു പൗരനും മൗലികാവകാശ സംരക്ഷണത്തിനായി അര്‍ദ്ധരാത്രിയിലും സുപ്രീം കോടതിയുടെ വാതിലുകളില്‍ മുട്ടാം,' അദ്ദേഹം പറഞ്ഞു. അംബാനി സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ 26 ദിവസത്തോളം അഭിഭാഷകര്‍ വാദിച്ചതുപോലെയുള്ള കേസുകള്‍ ഇനി ഉണ്ടാവില്ല.

'പാവപ്പെട്ട ഹര്‍ജിക്കാര്‍ക്ക് സൗജന്യ നിയമസഹായം മാത്രമല്ല, വാദം കേള്‍ക്കുന്ന സമയത്ത് തുല്യമായ പങ്കാളിത്തവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം,' ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വാദത്തിന് മൂന്ന് ദിവസം മുമ്പ് അഞ്ച് പേജില്‍ കവിയാത്ത രേഖാമൂലമുള്ള കുറിപ്പുകള്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കും. വാദം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ എത്ര സമയം വാദത്തിന് വേണമെന്ന സമയക്രമം മുതിര്‍ന്ന അഭിഭാഷകരും മറ്റും സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ുപ്രീം കോടതി ഒരു ജനകീയ കോടതിയാണെന്ന സന്ദേശം നല്‍കാന്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് മുന്‍ഗണനാ പട്ടികകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.