കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി ആര്‍.എല്‍. നിതിന്‍ രാജിന്റെ മരണത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പോലീസ് തീരുമാനം. നിതിന്‍ സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നതോടെയാണ് അധ്യാപകര്‍ക്കെതിരെയുള്ള അന്വേഷണം ഗൗരവകരമായ തലത്തിലേക്ക് നീങ്ങുന്നത്. നിതിന്റെ ഫോണ്‍ ഉള്‍പ്പെടെയുള്ളവ കോടതിയില്‍ സമര്‍പ്പിച്ച ശേഷം വിശദമായ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് ചക്കരക്കല്‍ എസ്.എച്ച്.ഒ കെ.എ. ഫക്രുദ്ദീന്‍ അറിയിച്ചു. പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിട്ടുണ്ട്.

മരണത്തിന് മുന്‍പ് നിതിന്‍ സുഹൃത്തിനോട് തന്റെ ദുരനുഭവങ്ങള്‍ വിവരിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. 'സ്റ്റാഫ് റൂമില്‍ വെച്ച് അവര്‍ എന്നെ ക്രൂരമായി അപമാനിച്ചു. നീ ഗേറ്റിന് പുറത്തിറങ്ങിയാല്‍ കൈയും കാലും വെട്ടും, കൈയില്ലാതെ ജീവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. അമ്മയെയും അമ്മയുടെ സര്‍ജറിയെയും വരെ കളിയാക്കി. പരീക്ഷയ്ക്ക് മൂന്ന് മാര്‍ക്ക് കുറച്ചുവെന്നും ഇത് മാതാപിതാക്കള്‍ക്ക് സര്‍പ്രൈസ് ആയി കൊടുക്കാനും പറഞ്ഞു. അപമാനം ഒരു പരിധി വരെ ഞാന്‍ ക്ഷമിച്ചു, ഒരുപാട് ക്ഷമിച്ചു,' നിതിന്റെ ഇടറിയ ശബ്ദത്തിലുള്ള ഈ വെളിപ്പെടുത്തലുകള്‍ കോളേജിലെ പീഡനങ്ങളുടെ ആഴം വ്യക്തമാക്കുന്നു.

സംഭവത്തില്‍ ആരോപണവിധേയരായ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അധ്യാപിക ഡോ. കെ.ടി. സംഗീത നമ്പ്യാര്‍ എന്നിവരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ പീഡനങ്ങളെക്കുറിച്ച് നിതിന്‍ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്തും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. കോളേജ് അധികൃതര്‍ സ്വന്തം നിലയില്‍ ഒരു അന്വേഷണ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

തിരുവനന്തപുരം ആനമങ്ങാട് സ്വദേശിയായ നിതിന്‍ രാജിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്വദേശത്തെത്തിച്ച് സംസ്‌കരിച്ചു. പഠിച്ച് ഡോക്ടറായി മകന്‍ വരുമെന്ന് കാത്തിരുന്ന മാതാപിതാക്കള്‍ക്ക് നിതിന്റെ വിയോഗം തീരാനോവായി. നിതിന്റെ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് നിലവില്‍ അവധി നല്‍കിയിരിക്കുകയാണ്. അധ്യാപകര്‍ ജാതി പറഞ്ഞും 'പുഴുത്ത പട്ടി' എന്ന് വിളിച്ചും മകനെ അധിക്ഷേപിച്ചതായി പിതാവ് രാജന്‍ നേരത്തെ ആരോപിച്ചിരുന്നു.

നിതിന്‍ രാജിന്റെ മൊബൈല്‍ ഫോണ്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയില്‍ സമര്‍പ്പിക്കാന്‍ പോലീസ് തീരുമാനിച്ചു. ഫോണിലെ ശബ്ദസന്ദേശങ്ങള്‍, വാട്‌സ്ആപ്പ് ചാറ്റുകള്‍, അവസാനമായി വന്ന കോളുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളിലെ അന്വേഷണം. നിതിന്‍ ഉന്നയിച്ച പീഡനാരോപണങ്ങളില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പ്രാഥമിക ലക്ഷ്യം. നിതിന്റെ മരണത്തില്‍ അധ്യാപകര്‍ക്ക് പുറമെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് റാഗിങ്ങുമായി ബന്ധപ്പെട്ട് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സഹപാഠികളുടെ മൊഴി രേഖപ്പെടുത്തുന്നതിനായി ഉടന്‍ തന്നെ പോലീസ് കോളേജില്‍ എത്തും.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ നിതിന്റെ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് നിലവില്‍ അവധി നല്‍കിയിരിക്കുകയാണ്. ഹോസ്റ്റലിലും കോളേജിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സസ്പെന്‍ഷനിലായ അധ്യാപകരെ നേരിട്ട് വിളിപ്പിച്ചു ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.