- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയുടെ 'മതേതരം' ഉയര്‍ത്തി പിടിക്കാന്‍ അയ്യപ്പ സംഗമം എന്ന് പറഞ്ഞ വാസവന്‍! പമ്പയിലെ ആഗോള കൂടിച്ചേരലിന് ശേഷം സര്‍ക്കാര്‍ സജീവമാകുന്നത് കൊച്ചിയിലെ ക്രിസ്ത്യന്‍ - മുസ്ലിം മത വിഭാഗങ്ങള്‍ക്കായുള്ള ന്യൂനപക്ഷ സംഗമ വേദിയിലേക്ക്; കേരളത്തില്‍ 'വര്‍ഗ്ഗീയത' നിറയ്ക്കാനോ ഈ സംഗമങ്ങള്‍? മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് ശരിയോ?
കൊച്ചി: അയ്യപ്പ സംഗമം നടത്തുന്നത് മതേതരത്വം വളര്‍ത്താന് എന്നാണ് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു വച്ചത്. ഇതിന് പിന്നാലെ ന്യൂനപക്ഷ സംഗമവുമായി എത്തുകയാണ് സര്‍ക്കാര്‍. കൊച്ചിയാണ് സംഗമ വേദി. പ്രധാന ലക്ഷ്യം ക്രിസ്ത്യന്‍ സംഘടനകളെന്നാണ് സൂചന. ക്രിസ്ത്യന്‍ - മുസ്ലിം മത വിഭാഗങ്ങളില്‍നിന്നായി ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിക്കും. ഒക്ടോബര്‍ മാസത്തില്‍ സംഗമം നടത്താനാണ് തീരുമാനം. രണ്ടു പ്രത്യേക മതങ്ങള്‍ക്കു മാത്രമായി സമ്മേളനം നടത്തുന്ന മതേതര സര്‍ക്കാരായി മാറുകയാണ് അങ്ങനെ പിണറായി വിജയന്‍. ഇതിന് പിന്നിലും സര്‍ക്കാര്‍ ഫണ്ടില്ലെന്ന വിശദീകരണം വരാന്‍ സാധ്യത ഏറെയാണ്. ആഗോള അയ്യപ്പ സംഗമം എങ്ങനെ മതേതര സര്‍ക്കാര്‍ നടത്തുമെന്ന ചോദ്യം പല കോണുകളും ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടിയായി അയ്യപ്പന് മതേതര പരിവേഷമാണെന്നും അത് ചര്‍ച്ചയാക്കാനുമാണ് സംഗമം എന്നായിരുന്നു വാദം.
അതുകൊണ്ട് തന്നെ ന്യൂനപക്ഷ സംഗമത്തിന് സര്‍ക്കാര്‍ പറയുന്ന ന്യായം നിര്‍ണ്ണായകമാകും. കെ.ജെ മാക്‌സി എംഎല്‍എയ്ക്കാണ് ക്രിസ്ത്യന്‍ സംഘടനകളെ ഈ സംഗമത്തില്‍ പങ്കെടുപ്പിക്കാനുള്ള ചുമതല. 'വിഷന്‍ 2031' എന്നാണ് സംഗമത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. 2031ല്‍ കേരളത്തിലെ ന്യൂനപക്ഷ സംഘടനകള്‍ ഏത് രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത് തുടങ്ങിയ പ്രബന്ധാവതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഗമത്തിലുണ്ടാവുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തമാസം പകുതിയോടെ കൊച്ചിയില്‍ വെച്ചാണ് സംഗമം നടക്കുക. ഈ മാസം 20ന് സ്വാഗത സംഘം ചേരാനാണ് നിലവിലെ തീരുമാനം. പരിപാടിയുടെ ഭാഗമായി 33 സെമിനാറുകളും സംഘടിപ്പിക്കും.
ന്യൂനപക്ഷ സംഗമത്തില്‍ സര്‍ക്കാര്‍ അജണ്ട പഠിച്ച ശേഷം നേതൃത്വം നിലപാടറിയിക്കുമെന്ന് നാസര്‍ഫൈസി കൂടത്തായി പറഞ്ഞു. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന സര്‍ക്കാരാകരുതെന്നായിരുന്നു സംഭവത്തില്‍ ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആഗോള അയ്യപ്പ സംഗമം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഭൂരിപക്ഷ പ്രീണനമെന്ന വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ സംഗമത്തിന് കൂടി സര്‍ക്കാര്‍ വേദിയൊരുക്കുന്നത്. ന്യൂനപക്ഷസമുദായങ്ങളുടെ ആവശ്യങ്ങള്‍ അറിയുന്നതിനൊപ്പം രാജ്യത്ത് അവര്‍ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ചയാക്കുകയും എല്ലാവരെയും വേര്‍തിരിവില്ലാതെ കാണുന്നുവെന്ന സന്ദേശം കൊടുക്കുകയുമാണ് ലക്ഷ്യമെന്നാണ് സംഘടാകരുടെ നിലപാട്.
സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുമ്പോള്‍ സഹകരിക്കാമെന്ന നിലപാടില്‍ തന്നെയാണ് മുസ്ലിംസമുദായിക സംഘടനകള്‍. പ്രതിപക്ഷത്ത് നിന്ന് മുസ്ലിംലീഗ് സ്വീകരിക്കുന്ന നിലപാടാകും ഇനി നിര്‍ണായകമാവുക. ക്രിസ്ത്യന്‍ സംഘടനകളാണ് കൊച്ചിയിലെ സംഗമത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് സൂചന. ചര്‍ച്ചാവിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. ശബരിമലയിലെ യുവതീ പ്രവേശ വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ നിന്നും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള വനിതാമതിലിന്റെ ആശയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുകയാണെന്ന വിമര്‍ശനവും വ്യാപകമാണ്. ഇതിനിടയിലാണ് ന്യൂനപക്ഷ സംഗമം വരുന്നത്. എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്നുവെന്നും പുരോഗമന ആശയങ്ങള്‍ കൈവിടുന്നില്ലെന്നും പറയുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് വര്‍ഷത്തിലെ സര്‍ക്കാരിന്റെ പ്രധാന ചുവടുവെപ്പായി മാറുകയാണ് അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും.
പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.