ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമ്പോള്‍ എണ്ണവിലയെയും അത് സാരമായി ബാധിക്കും. ഇറാനെതിരേ ശനിയാഴ്ച ആരംഭിച്ച അമേരിക്കന്‍-ഇസ്രയേല്‍ സൈനിക നീക്കങ്ങള്‍ ലോകമെമ്പാടും വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ന് ഇറാന്റെ ആക്രമണത്തില്‍ ഒരു എണ്ണക്കപ്പല്‍ കത്തിയമരുകയും, തുടര്‍ന്ന് ഹോര്‍മുസ് ഇടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങള്‍ മൂലം ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ സാധ്യതയേറുകയാണ്.

ബ്രിട്ടനിലെ വാഹന ഉടമകള്‍ക്ക് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തുമെന്ന മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലുള്ള രാജ്യങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ വലിയ തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. ഇറാന്റെ പ്രത്യാക്രമണ ഭീഷണിയെത്തുടര്‍ന്ന് കപ്പല്‍ കമ്പനികള്‍ ഗതാഗതം നിര്‍ത്തിവെച്ചതോടെ, കേവലം 24 മൈല്‍ മാത്രം വീതിയുള്ള 100 മൈല്‍ ദൈര്‍ഘ്യമുള്ള ഈ പാത കടക്കാന്‍ ധൈര്യമില്ലാതെ 150-ഓളം ടാങ്കറുകള്‍ നങ്കൂരമിട്ടു കിടക്കുകയാണ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ആക്രമണമുണ്ടായെന്ന് കരുതപ്പെടുന്ന ഒരു ടാങ്കര്‍ കടലില്‍ കത്തിയമരുകയും അതിലെ ജീവനക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.

പലാവു റിപ്പബ്ലിക്കിന്റെ പതാക വഹിച്ചുള്ള എണ്ണ ടാങ്കര്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സ്‌കൈലൈറ്റ് എന്ന കപ്പലിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. 15 ഇന്ത്യന്‍ പൗരന്മാരും അഞ്ച് ഇറാനിയന്‍ പൗരന്മാരും സംഘത്തിലുണ്ടായിരുന്നു. ഒമാന്‍ തീരത്ത് രണ്ടാമതൊരു ടാങ്കറിന് നേരെയും മിസൈല്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം യുഎസ്-ഇസ്രായേല്‍ സംയുക്ത സൈനിക നീക്കത്തിന് പ്രതികാരമായി അമേരിക്കന്‍ നാവിക താവളങ്ങള്‍ക്കും ദുബായിലെ ഒരു തുറമുഖത്തിനും നേരെ ആക്രമണമുണ്ടായി. പേര്‍ഷ്യന്‍ ഗള്‍ഫ് അറബിക്കടലിലേക്ക് ചേരുന്ന ഹോര്‍മുസ് ഇടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.

ലോകത്തെ 20 ശതമാനത്തോളം എണ്ണയും 25 ശതമാനം ദ്രവീകൃത പ്രകൃതിവാതകവും കടന്നുപോകുന്ന അതീവ നിര്‍ണ്ണായകമായ ഈ പാതയില്‍ കഴിഞ്ഞ മാസം ഇറാന്‍ വെടിവെപ്പ് പരിശീലനം നടത്തി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. ഈ കടല്‍പാത ഇറാന്‍ ഔദ്യോഗികമായി ഉപരോധിച്ചിട്ടില്ലെങ്കിലും, കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ ദിവസങ്ങളെടുത്തേക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ഇത് എണ്ണവില കുതിച്ചുയരാന്‍ കാരണമായേക്കുമെന്ന ഭീതിയുമുണ്ട്.

ഇതിന്റെ ഫലമായി, നാല് വര്‍ഷം മുമ്പ് റഷ്യ യുക്രെയ്‌നെ ആക്രമിച്ച സമയത്തുണ്ടായതിനേക്കാള്‍ വലിയ രീതിയില്‍ പെട്രോള്‍ വില കുതിച്ചുയരാന്‍ സാധ്യതയുണ്ട്. 2022-ല്‍ റഷ്യന്‍ അധിനിവേശ സമയത്ത് ലിറ്ററിന് 190 പെന്‍സ് (190ു) വരെ ഉയര്‍ന്ന പെട്രോള്‍ വിലയേക്കാള്‍ മോശമായ അവസ്ഥയാകും ഇനി ഉണ്ടാകുകയെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്റെ പ്രസിഡന്റ് എഡ്മണ്ട് കിംഗ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഇത് ഏകദേശം 133 പെന്‍സാണ്.

പശ്ചിമേഷ്യയിലെ 'കലാപങ്ങളും ബോംബാക്രമണങ്ങളും' ഇന്ധനവില വര്‍ദ്ധനവിന് അനിവാര്യമായും കാരണമാകുമെന്ന് അദ്ദേഹം 'ദി ടൈംസിനോട്' പറഞ്ഞു. 'വാഹന ഉടമകള്‍ ജാഗ്രത പാലിക്കുക, അടുത്ത 10 മുതല്‍ 12 ദിവസത്തിനുള്ളില്‍ ഇന്ധന പമ്പുകളില്‍ സര്‍വ്വകാല റെക്കോര്‍ഡ് വില നാം കണ്ടേക്കാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡില്‍ നിന്നുള്ള വിഎച്ച്എഫ് റേഡിയോ സന്ദേശം പുറത്തുവന്നതോടെ, എണ്ണ - ദ്രവീകൃത പ്രകൃതിവാതക ടാങ്കറുകള്‍ നേരിടുന്ന ഭീഷണി ഇന്നലെ കൂടുതല്‍ വ്യക്തമായി. റോക്കറ്റുകള്‍, ഡ്രോണുകള്‍, മൈനുകള്‍ എന്നിവയില്‍ നിന്നുള്ള ആക്രമണ ഭീഷണി കണക്കിലെടുത്ത് യൂറോപ്യന്‍ വമ്പന്മാരായ മെര്‍സ്‌ക് , സിഎംഎ സിജിഎം തുടങ്ങിയ പ്രമുഖ കമ്പനികള്‍ കപ്പല്‍ ഗതാഗതം നിര്‍ത്തിവെച്ചു. ഇന്ന് രാവിലെ ലഭിച്ച വിവരങ്ങള്‍ പ്രകാരം, ക്രൂഡ് ഓയില്‍, എല്‍എന്‍ജി ടാങ്കറുകള്‍ ഉള്‍പ്പെടെ കുറഞ്ഞത് 150 കപ്പലുകളെങ്കിലും ഹോര്‍മുസ് ഇടുക്കിന് പുറത്ത് ഗള്‍ഫ് കടലില്‍ നങ്കൂരമിട്ടിരിക്കുകയാണ്. ഈ തടസ്സപ്പാതയുടെ മറുവശത്തും ഡസന്‍ കണക്കിന് കപ്പലുകള്‍ ചലിക്കാതെ കിടക്കുന്നുണ്ട്.

പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളായ ഇറാഖ്, സൗദി അറേബ്യയെ, ഖത്തര്‍ എന്നിവയുടെ തീരക്കടലിലാണ് ഈ ടാങ്കറുകള്‍ കൂട്ടമായി കിടക്കുന്നതെന്നാണ് മെറൈന്‍ ട്രാഫിക് പ്ലാറ്റ്ഫോമില്‍ നിന്നുള്ള കപ്പല്‍ ട്രാക്കിംഗ് വിവരങ്ങള്‍ അടിസ്ഥാനമാക്കി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒമാനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഇന്ന് രാവിലെ ആക്രമിക്കപ്പെട്ട എണ്ണക്കപ്പലിന് തീപിടിക്കുകയും അതിലുണ്ടായിരുന്ന നാല് കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പലാവു പതാകയേന്തിയ 'സ്‌കൈലൈറ്റ്' എന്ന കപ്പലിലെ ഇന്ത്യക്കാരും ഇറാനികളുമായ ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു.

ഇതിന് പുറമെ, മാര്‍ഷല്‍ ഐലന്‍ഡ്സ് പതാകയേന്തിയ 'എംകെഡി വ്യോം' (എന്ന ടാങ്കറിന് ഒമാന്‍ തീരത്തുവെച്ച് മിസൈല്‍ പോലെയുള്ള ഒരു വസ്തു പതിച്ച് ആഘാതമേറ്റതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. യുഎഇ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന മറ്റൊരു കപ്പലില്‍ നിന്ന് ഇന്നലെ പകര്‍ത്തിയ വീഡിയോയില്‍, 200 മീറ്റര്‍ അകലെ കടലില്‍ റോക്കറ്റ് വന്നുപതിക്കുന്നത് കാണാം. വ്യോമാക്രമണങ്ങളെത്തുടര്‍ന്ന് ദുബായ്, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ തുറമുഖങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

അമേരിക്കന്‍ നാവികസേന തന്ത്രപ്രധാനമായ ലോജിസ്റ്റിക്‌സ് കേന്ദ്രമായി ഉപയോഗിക്കുന്നതും വിമാനവാഹിനിക്കപ്പലുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതുമായ ഒമാനിലെ ദുഖം (ഊൂാ) തുറമുഖത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തി. ഇന്നലെ, ദുബായിലെ ജബല്‍ അലി തുറമുഖത്ത് വ്യോമാക്രമണം തടയുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങള്‍ പതിക്കുകയും ചുരുങ്ങിയത് ഒരിടത്തെങ്കിലും തീപിടുത്തമുണ്ടാവുകയും ചെയ്തു. ഇന്ന് അബുദാബിയിലെ നാവിക താവളത്തിന് നേരെ മൂന്ന് റോക്കറ്റുകള്‍ തൊടുത്തുവിട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തു.

അതേസമയം, സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടുന്ന പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഒപെക് പ്ലസ്' , എണ്ണ ഉത്പാദനത്തില്‍ പ്രതീക്ഷിച്ചതിലും വലിയ വര്‍ദ്ധനവ് പ്രഖ്യാപിച്ചു. പ്രതിദിനം 2,06,000 ബാരല്‍ അധികമായി ഉത്പാദിപ്പിക്കാനാണ് തീരുമാനം.

ഏപ്രില്‍ മാസത്തോടെ ഈ വര്‍ദ്ധനവ് നിലവില്‍ വരുമെന്ന് കൂട്ടായ്മ അറിയിച്ചു. ഇറാന്‍ സംഘര്‍ഷത്തെക്കുറിച്ച് അവര്‍ പരാമര്‍ശിച്ചില്ലെങ്കിലും, 'സ്ഥിരതയുള്ള ആഗോള സാമ്പത്തിക കാഴ്ചപ്പാടും നിലവിലെ മികച്ച വിപണി സാഹചര്യങ്ങളും' കണക്കിലെടുത്താണ് ഈ നീക്കമെന്ന് അവര്‍ വ്യക്തമാക്കി.