- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിറിയയിലെ അംബാസഡറാക്കാന്‍ സോണിയ ഗാന്ധി തീരുമാനിച്ചപ്പോള്‍ വേണ്ടേ വേണ്ടെന്ന് പറഞ്ഞ 'അദ്ഭുത' നേതാവ്; അധികാര സ്ഥാനങ്ങളോട് വലിയ മമതയില്ലാത്തയാളെന്ന് അടുപ്പക്കാര്‍; ഗ്രൂപ്പുപോര് തിളച്ചപ്പോഴെല്ലാം ലീഡര്‍ കരുണാകരനൊപ്പം; രാഷ്ട്രീയ കോളിളക്കങ്ങളില്‍ എന്നും സമവായത്തിന്റെ കൈ നീട്ടിയ സൗമ്യന്‍; പി പി തങ്കച്ചന് വിടവാങ്ങുമ്പോള്‍
പി പി തങ്കച്ചന് വിടവാങ്ങുമ്പോള്‍
കൊച്ചി: അധികാര സ്ഥാനങ്ങളോട് വലിയ മമതയില്ലാത്ത നേതാവായിരുന്നു പി പി തങ്കച്ചന്‍. ഒരിക്കല്‍, രമേശ് ചെന്നിത്തല തന്നെ ഉദാഹരണസഹിതം ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഒരു സംഭവമാണ് ഇതിന് തെളിവായി ചെന്നിത്തല പറഞ്ഞിട്ടുള്ളത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ തങ്കച്ചന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന ആവശ്യവുമായി താനും ഉമ്മന്‍ചാണ്ടിയും സോണിയ ഗാന്ധിയെ സമീപിച്ചെന്നും സിറിയയിലെ അംബാസഡറായി തങ്കച്ചനെ നിയമിക്കാന്‍ സോണിയ ഗാന്ധി തീരുമാനിക്കുകയും ചെയ്‌തെന്ന് രമേശ് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞിരുന്നു. മറ്റ് ഏതൊരാളായിരുന്നെങ്കിലും കണ്ണുംപൂട്ടി ഏറ്റെടുക്കുമായിരുന്ന ഈ ചുമതല അധികാര പ്രമത്തതയില്ലാത്തതിനാലാണ് തങ്കച്ചന്‍ നിഷേധിച്ചതെന്നും തങ്കച്ചനോട് വളരെ അടുപ്പമുള്ള ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.
കോളിളക്കങ്ങളില്‍ സമവായത്തിന്റെ പാലം തീര്‍ത്ത നേതാവ്
യുഡിഎഫ് രാഷ്ട്രീയത്തിലെ ഗ്രൂപ്പുപോരും, ഭരണ പ്രശ്‌നങ്ങളുമായി രാഷ്ട്രീയ കോളിളക്കങ്ങള്‍ ഉണ്ടാകുമ്പോഴും വളരെ കൂളായിരുന്നു പി പി തങ്കച്ചന്‍. യുഡിഎഫ് യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വരുന്ന തങ്കച്ചന്റെ വലിയ സംഭവം ഒന്നുമില്ലെന്ന മട്ടിലുളള ഭാവം പല മാധ്യമപ്രവര്‍ത്തകരും ഓര്‍ക്കുന്നുണ്ടാകണം.
ആലുവയിലെ നായത്തോടില്‍ നിന്ന് പെരുമ്പാവൂരിലെത്തി, വെറും 28-ാം വയസ്സില്‍ നഗരസഭാധ്യക്ഷനായ പി.പി. തങ്കച്ചന്‍, കേരള രാഷ്ട്രീയത്തിലെ സൗമ്യനും സമവായത്തിന്റെ പ്രതിപുരുഷനുമായി അറിയപ്പെട്ടു. 1968-ല്‍, അന്ന് ചുവപ്പു കോട്ടയായിരുന്ന പെരുമ്പാവൂര്‍ നഗരസഭയില്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍, ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷനായിരുന്നു അദ്ദേഹം. 'തങ്കം പോലൊരു തങ്കച്ചന്‍ അങ്കം വെട്ടി വരുന്നുണ്ടേ' എന്ന മുദ്രാവാക്യത്തോടെയാണ് അദ്ദേഹം പൊതുരംഗത്തേക്കെത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്‍പ്, പിതൃസഹോദരനായ ഇട്ടി കുര്യന്‍ വക്കീലിന്റെ ജൂനിയറായി പെരുമ്പാവൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ട് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തേക്കു കടന്നു. ആദ്യകാല തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫയുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. ഭരണമുന്നണിയെന്ന നിലയില്‍ പ്രതിപക്ഷത്തെയും സഹകരിപ്പിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തങ്കച്ചന്റെ പ്രത്യേകതയായിരുന്നു. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ തേടുകയും പദ്ധതികള്‍ക്ക് അനുമതി വാങ്ങുന്നതിന് അവരുടെ പ്രതിനിധിയെ സെക്രട്ടേറിയറ്റില്‍ കൊണ്ടുപോകുകയും ചെയ്തിരുന്നു.
1982 മുതല്‍ രണ്ടു പതിറ്റാണ്ടോളം പെരുമ്പാവൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ച അദ്ദേഹം, ഈ കാലയളവില്‍ കൃഷിമന്ത്രിയും നിയമസഭാ സ്പീക്കറുമായി. എംഎല്‍എമാര്‍ക്ക് ഒരു പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ സഹായം ലഭ്യമാക്കിയതും, പിന്നാക്കക്ഷേമം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ സബ്ജക്ട് കമ്മിറ്റികള്‍ രൂപീകരിച്ചതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്. കൃഷിക്ക് സൗജന്യ വൈദ്യുതി നല്‍കാനുള്ള സുപ്രധാന തീരുമാനം എടുത്തത് കൃഷിമന്ത്രിയായിരിക്കെ തങ്കച്ചനാണ്. ഗ്രൂപ്പ് രാഷ്ട്രീയങ്ങള്‍ക്കിടയില്‍ എന്നും സമവായത്തിന്റെ പാലം തീര്‍ക്കാന്‍ മിടുക്കനായിരുന്നു തങ്കച്ചന്‍.
ഗ്രൂപ്പുപോരില്‍ കരുണാകരനൊപ്പം
എറണാകുളത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ തങ്കച്ചന്‍, ഗ്രൂപ്പ് പോര് പാരമ്യത്തിലെത്തിയ കാലഘട്ടങ്ങളില്‍ കെ. കരുണാകരനൊപ്പം ഉറച്ചുനിന്നു. 1982 മുതല്‍ 1996 വരെ പെരുമ്പാവൂരിനെ യുഡിഎഫിന്റെ കോട്ടയാക്കി മാറ്റുന്നതില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. മധ്യകേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവായി അദ്ദേഹം വളര്‍ന്നു.
2001-ല്‍ സിപിഎമ്മിലെ സാജു പോളിനോട് പെരുമ്പാവൂരില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും, സംസ്ഥാനത്ത് എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് വലിയ വിജയങ്ങള്‍ നേടിയപ്പോഴും അദ്ദേഹം തോറ്റ പ്രമുഖരില്‍ ഒരാളായി. 2005-ല്‍ കെ. കരുണാകരന്‍ ഡി.ഐ.സി. രൂപീകരിച്ച് പാര്‍ട്ടി വിട്ടപ്പോഴും തങ്കച്ചന്‍ കോണ്‍ഗ്രസ്സില്‍ തന്നെ ഉറച്ചുനിന്നു. തുടര്‍ന്ന്, മുഖ്യമന്ത്രി പദമൊഴിഞ്ഞപ്പോള്‍ ഒഴിവുവന്ന യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് അദ്ദേഹം എത്തുകയായിരുന്നു. 2005 മുതല്‍ 2018 വരെ നീണ്ട 13 വര്‍ഷക്കാലം യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ അദ്ദേഹം പാര്‍ട്ടിയെ നയിച്ചു.
അഞ്ചാം മന്ത്രിസ്ഥാന വിവാദം, സോളാര്‍, ബാര്‍ കോഴ കേസുകള്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലും മുന്നണിക്കുള്ളിലെ തര്‍ക്കങ്ങള്‍ പുറത്തറിയാതെ സൂക്ഷിക്കാനും പ്രതിസന്ധികളെ ലഘൂകരിക്കാനും അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയും സൗമ്യമായ സമീപനവും സഹായിച്ചിരുന്നു. 2018-ല്‍ കണ്‍വീനര്‍ സ്ഥാനമൊഴിഞ്ഞ ശേഷം അദ്ദേഹം പതിയെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനിന്നു. അനാരോഗ്യവും അദ്ദേഹത്തെ അലട്ടിയിരുന്നു. കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖങ്ങളില്‍ ഒരാളാണ് പി.പി. തങ്കച്ചന്റെ വിരമിക്കലിലൂടെ കടന്നുപോകുന്നത്.