- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറയുമ്പോഴും അന്‍വറിന് നിഗൂഢ താല്‍പ്പര്യം; ആര്യാടന്‍ ഷൗക്കത്തിനെ അപമാനിക്കാന്‍ ആസൂത്രിത ശ്രമം; നാട്ടില്‍ നടക്കുന്ന കാര്യങ്ങളൊന്നും ഷൗക്കത്ത് അറിയുന്നില്ലെന്ന് അന്‍വര്‍; പിന്തുണ ജോയിക്കെന്ന് ആവര്‍ത്തിച്ച് യുഡിഎഫില്‍ കയറും മുമ്പേ മുന്നണിക്ക് തലവേദനയായി അന്‍വര്‍
നിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറയുമ്പോഴും അന്‍വറിന് നിഗൂഢ താല്‍പ്പര്യം
മലപ്പുറം: നിലമ്പൂരില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പി വി അന്‍വറിന് നിഗൂഢതാല്‍പ്പര്യങ്ങള്‍. നിരന്തരം ആര്യടന്‍ ഷൗക്കത്തിനെ ആക്രമിച്ചു കൊണ്ട് അന്‍വര്‍ രംഗത്തുവരുന്നതാണ് യുഡിഎഫിന് തലവേദനയായി മാറുന്നത്. ഷൗക്കത്തിനെതിരെ വീണ്ടും ഇന്ന് അന്‍വര്‍ വീണ്ടും രംഗത്തുവന്നു.
വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താന്‍ ഇടപെട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞത് അദ്ദേഹം സ്ഥിരമായി നാട്ടില്‍ ഇല്ലാത്തതുകൊണ്ടാണെന്ന് പിവി അന്‍വര്‍ പറഞ്ഞു. നാട്ടില്‍ നടക്കുന്ന കാര്യങ്ങളൊന്നും ആര്യാടന്‍ ഷൗക്കത്ത് അറിയുന്നില്ലെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു.അടുത്ത തദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്നിരുപാധിക പിന്തുണ നല്‍കുമെന്നുംമണ്ഡലത്തിലെ മികച്ച സാമൂഹ്യ ചുറ്റുപാട് വി എസ് ജോയിക്ക് ഉണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.
അതേസമയം പിവി അന്‍വറിന്റെ ക്ഷണം തള്ളി എ വി ഗോപിനാഥ് രംഗത്ത് വന്നു. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ട പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എവി.ഗോപിനാഥിനെ പിവി അന്‍വര്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. അന്‍വര്‍ പെരിങ്ങോട്ടുകുറുശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ സ്വതന്ത്ര സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യം എന്നും അദ്ദേഹം പറഞ്ഞു. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പിന്തുണ തേടുമെന്നും ഗോപിനാഥ് പ്രതികരിച്ചു.
നിലമ്പൂര്‍ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ക്യാംപില്‍ ആശയക്കുഴപ്പത്തിന്റെ വിത്തെറിഞ്ഞാണ് പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞതും. സ്ഥാനാര്‍ഥിയായി ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ ഉയര്‍ത്തിക്കാട്ടിയത്. തന്റെ യുഡിഎഫ് പ്രവേശത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിച്ചതാണ് ഷൗക്കത്തിനെ എതിര്‍ക്കാന്‍ കാരണം. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കോണ്‍ഗ്രസിലെ സ്വരച്ചേര്‍ച്ചയില്ലായ്മയെന്ന പ്രതീതി വരുതതാനും അദ്ദേഹം തുടക്കം മുതല്‍ ശ്രമിച്ചു.
രാഷ്ട്രീയ ബലാബലത്തില്‍ ഇരുമുന്നണികള്‍ക്കും പ്രതീക്ഷയുള്ള മണ്ഡലമാണു നിലമ്പൂര്‍. 1987 മുതല്‍ 2016 വരെ ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസ് കൊടി പാറിച്ച നിലമ്പൂരിന്റെ രാഷ്ട്രീയ കാലാവസ്ഥ 2009 ലെ മണ്ഡലപുനര്‍നിര്‍ണയത്തില്‍ ചെറുതായി മാറി. യുഡിഎഫിന്റെ ഉറച്ച കോട്ടകളായ കാളികാവ്, ചാലിയാര്‍, ചോക്കാട് പഞ്ചായത്തുകള്‍ നിലമ്പൂരിന്റെ ഭാഗമല്ലാതായി. നിലവില്‍ ഒരു നഗരസഭയും 3 പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരിക്കുന്നു. 4 പഞ്ചായത്തുകള്‍ യുഡിഎഫ് ഭരണത്തിലാണ്. ഉപതിരഞ്ഞെടുപ്പുള്‍പ്പെടെ കഴിഞ്ഞ 3 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനു വന്‍ ഭൂരിപക്ഷം സമ്മാനിക്കുകയും ചെയ്തു.
നിലമ്പൂര്‍ നഗരസഭാ മുന്‍ അധ്യക്ഷനായ ഷൗക്കത്ത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്‍വറിനോടു പരാജയപ്പെട്ടിരുന്നു. 2021 ല്‍ അവസാന നിമിഷംവരെ ഷൗക്കത്തിനെ പരിഗണിച്ചെങ്കിലും അന്നത്തെ ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിനാണു നറുക്കുവീണത്. യുഡിഎഫിന്റെ ജയസാധ്യത തെളിഞ്ഞുനില്‍ക്കുന്ന ഈഘട്ടത്തില്‍ താനാണു സ്വാഭാവിക സ്ഥാനാര്‍ഥിയെന്ന് ഷൗക്കത്ത് വിശ്വസിക്കുന്നു. മണ്ഡലത്തിലെ വിപുലമായ ബന്ധങ്ങളും പിതാവ് ആര്യാടന്‍ മുഹമ്മദിനുണ്ടായിരുന്ന സ്വീകാര്യതയുമെല്ലാം അനുകൂലഘടകങ്ങളായി ഷൗക്കത്ത് വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ചെറുപ്പമാണ് വി.എസ്.ജോയിക്ക് അനുകൂലമായ ഒരു ഘടകം. ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിനുശേഷം ജില്ലയിലെ കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞ പുതിയ സമവാക്യങ്ങളും ജോയിയുടെ പേര് ഉയരാന്‍ കാരണമാണ്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന് ഏറ്റവും വേരോട്ടമുള്ള മണ്ഡലങ്ങളിലൊന്നായ നിലമ്പൂരില്‍ കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് അടിപതറിയതു അന്‍വറിനു മുന്നിലാണ്. ഗോദയില്‍നിന്നു മാറിനില്‍ക്കാന്‍ തീരുമാനിക്കുമ്പോഴും കോണ്‍ഗ്രസിനു തലവേദനയ്ക്കു വക നല്‍കിയാണ് അന്‍വര്‍ പോകുന്നത്.
മുന്നണിയില്‍ കയറുന്നതിന് മുമ്പ് തന്നെ അസ്വസ്ഥതകള്‍ വിതറുന്ന അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതില്‍ ഇപ്പോള്‍ തന്നെ രണ്ട് അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. അന്‍വര്‍ തിരക്കിട്ട് തീരുമാനം പ്രതീക്ഷിക്കുമ്പോഴും അത് വേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. അന്‍വര്‍ ഇനിയും പല കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. വി ഡി സതീശന്റെ വിഷയത്തില്‍ മാപ്പു പറഞ്ഞെങ്കിലും അന്‍വറിന്റെ വിടുവാ പലപ്പോഴും യുഡിഎഫിന് തലവേദന ആകുന്നുണ്ട്.s