വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ യുഎസ് സൈന്യത്തെ ആക്രമിക്കാന്‍ ഇറാന്‍ ആദ്യം പദ്ധതിയിട്ടിന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു രഹസ്യാന്വേഷണ വിവരവും ഇല്ലായിരുന്നുവെന്ന് സമ്മതിച്ച് ട്രംപ് സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍. യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍, ഡെമക്രാറ്റിക് പാര്‍ട്ടിയംഗങ്ങള്‍ ഉള്‍പ്പെട്ട വിവിധ ദേശസുരരക്ഷാ സമിതികള്‍ മുമ്പാകെ പെന്റഗണ്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം സമ്മതിച്ചത്.

ഇറാനില്‍ ഇപ്പോള്‍ നടത്തുന്ന യുദ്ധത്തില്‍ ട്രംപ് സര്‍ക്കാര്‍ പറഞ്ഞ കാരണത്തിന് കടവവിരുദ്ധമാണ് പെന്റഗണിന്റെ പ്രസ്താവന. ഇറാന്‍ ഒരു പക്ഷെ പശ്ചിമേഷ്യയിലെ യുഎസ് സേനാതാവളങ്ങളെ ആക്രമിക്കാന്‍ സൂചനയുണ്ടെന്നും അതിനാല്‍ മുന്‍കരുതല്‍ നടപടിയെന്നോണം അവിടെ ആക്രമണം നടത്താന്‍ ട്രംപ് തീരുമാനിച്ചെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍, ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും നിഴല്‍ സായുധസംഘങ്ങള്‍ യുഎസ് താത്പര്യങ്ങള്‍ക്ക് അടിയന്തര ഭീഷണിയാണെങ്കിലും ആദ്യം ആക്രമണം നടത്താന്‍ അവര്‍ മുതിരുമെന്ന് സൂചിപ്പിക്കുന്ന ഒരുവിധ രഹസ്യാന്വേഷണ വിവരവും ലഭിച്ചിരുന്നില്ലെന്നാണ് പെന്റഗണ്‍ കോണ്‍ഗ്രസ് സിമിത അംഗങ്ങളെ അറിയിച്ചത്. ആക്രമണങ്ങളും പശ്ചാത്തലത്തിലായിരുന്നു 90 മിനിറ്റ് നീണ്ട കൂടിക്കാഴ്ച്ച.

ഇറാന്‍ ഒരിക്കലും ആണവായുധം സ്വന്തമാക്കാതിരിക്കുക, അവരുടെ മിസൈല്‍ പരിപാടിക്കു കടിഞ്ഞാണിടുക, യു.എസിനും സഖ്യകക്ഷികള്‍ക്കും നേരേയുള്ള ഭീഷണി ഇല്ലായ്മ ചെയ്യുക എന്നിവയാണ് ആക്രമണത്തിന്റെ ലക്ഷ്യമായി പ്രസിഡന്റ് ട്രംപ് ഇപ്പോള്‍ പറയുന്നത്. യുദ്ധം ആഴ്ചകളോളം നീളുമെന്നും അറിയിച്ചിട്ടുണ്ട്.

യുഎസില്‍ വരെ എത്താന്‍ കഴിയുന്ന ബാലിസ്റ്റിക് മിസൈല്‍ ഇറാന്‍ ഉടന്‍ സ്വന്തമാക്കുമെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, ഇതിന് തെളിവുനല്‍കിയില്ല. ട്രംപിന്റെ അവകാശവാദം കെട്ടിച്ചമച്ചതാണെന്ന് ഇതേക്കുറിച്ച് അറിവുള്ള കേന്ദ്രങ്ങള്‍ പറഞ്ഞതായി 'റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇറാനെ ആക്രമിച്ചതില്‍ അമേരിക്കക്കാര്‍ക്കിടയില്‍ ട്രംപിനോട് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സും ഇപ്‌സോസും ചേര്‍ന്ന് നടത്തിയ സര്‍വേയുടെ ഫലത്തില്‍ ട്രംപ് പറയുന്നതുപോലെ അല്ല കാര്യങ്ങള്‍. നാല് അമേരിക്കക്കാരില്‍ ഒരാള്‍ മാത്രമാണ് യുഎസ് ആക്രമണത്തെ അംഗീകരിക്കുന്നതെന്ന് സര്‍വേയില്‍ പറയുന്നു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ച അമേരിക്കന്‍ വ്യോമാക്രമണത്തിന് ജനങ്ങള്‍ക്കിടയില്‍ പിന്തുണ കുറവാണെന്നാണ് സര്‍വേയില്‍ വ്യക്തമാകുന്നത്. വെറും 27 ശതമാനം ആളുകള്‍ മാത്രമാണ് ഈ ആക്രമണത്തെ അനുകൂലിച്ചത്. 43 ശതമാനം പേര്‍ ആക്രമണത്തെ ശക്തമായി എതിര്‍ത്തപ്പോള്‍, 29 ശതമാനം പേര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയില്ല.

അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ട്രംപ് അമിതമായി സൈനിക ശക്തി ഉപയോഗിക്കുന്നുവെന്ന് 56 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നു. ഡെമോക്രാറ്റുകളില്‍ 87 ശതമാനം പേരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള 23 ശതമാനം പേരും ഈ അഭിപ്രായക്കാരാണ്. പ്രസിഡന്റ് എന്ന നിലയിലുള്ള ട്രംപിന്റെ ജനപ്രീതി 39 ശതമാനമായി കുറഞ്ഞു. ഫെബ്രുവരിയില്‍ നടന്ന സര്‍വേയേക്കാള്‍ ഒരു ശതമാനം കുറവാണിത്.

ആക്രമണം തുടങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. യുദ്ധം കാരണം അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഇറാന് എതിരെയുള്ള നീക്കങ്ങളെ പിന്തുണയ്ക്കില്ലെന്ന് ട്രംപിന്റെ സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 42 ശതമാനം പേരും വ്യക്തമാക്കി.

വിദേശനയത്തേക്കാള്‍ ഉപരിയായി രാജ്യത്തെ സമ്പദ്വ്യവസ്ഥയെക്കുറിച്ചാണ് വോട്ടര്‍മാര്‍ക്ക് കൂടുതല്‍ ആശങ്ക. ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് എണ്ണവില വര്‍ധിക്കുന്നത് തങ്ങളുടെ പിന്തുണയെ ബാധിക്കുമെന്ന് 45 ശതമാനം പേര്‍ പറഞ്ഞു. നിലവില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 80 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇത് 100 ഡോളര്‍ വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.