- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്‍ എംഎല്‍എ കൊലക്കേസില്‍ ശിക്ഷിക്കപ്പെടുന്ന അപൂര്‍വ്വ സംഭവം; കെ വി കുഞ്ഞിരാമന് അഴിയെണ്ണുന്നത് സിപിഎമ്മിന് കനത്ത തിരിച്ചടി; സിബിഐ എത്തിയതോടെ പാര്‍ട്ടി വിറളി പൂണ്ടത് സിപിഎം നേതാക്കളെ രക്ഷിക്കാന്‍; സിബിഐയെ ചെറുക്കാന്‍ ഖജനാവില്‍ നിന്നും ഒരു കോടി ചിലവിട്ട ധൂര്‍ത്തിനും കുഞ്ഞിരാമനെ രക്ഷിക്കാനായില്ല!
മുന്‍ എംഎല്‍എ കൊലക്കേസില്‍ ശിക്ഷിക്കപ്പെടുന്ന അപൂര്‍വ്വ സംഭവം
കാസര്‍കോട്: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയാണ് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട സംഭവം. കെ വി കുഞ്ഞിരാമനും മറ്റ് നാല് സിപിഎം നേതാക്കള്‍ക്കാണ് കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് വര്‍ഷം ശിക്ഷ വിധിച്ചത്. ഈ നേതാക്കളിലേക്ക് സിബിഐ അന്വേഷണം എത്തിയതോടെയാണ് സിപിഎം കേസില്‍ സകല കള്ളക്കളിയും നടത്തിയത്. കോടികളാണ് ഖജനാവില്‍ നിന്നും സിബിഐ അന്വേഷണം ചെറുക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. എന്നിട്ടും കുഞ്ഞിരാമനെയും കൂട്ടരെയും അഴിക്കുള്ളില്‍ നിന്നും രക്ഷിക്കാന്‍ സിപിഎമ്മിന് സാധിച്ചില്ല.
ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ.പീതാംബരന്‍, സജി സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15ാം പ്രതി എ.സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ജീവപര്യന്തം വിധിച്ചത്. ഇവര്‍ക്ക് രണ്ട് കുറ്റകൃത്യങ്ങളിലായി രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.
4-ാം പ്രതി കെ. മണികണ്ഠന്‍, 20ാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി, 22ാം പ്രതി കെ.വി. ഭാസ്‌കരന്‍ എന്നിവരെയാണ് അഞ്ച് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്. ഇതാണ് സിപിമ്മിന് കനത്ത പ്രഹരമായിരിക്കുന്നത്. രണ്ട് വര്‍ഷം തടവു നല്‍കണമെന്ന ആവശ്യം ഉന്നിയിച്ചിരുന്നു. എന്നാല്‍ കോടതി അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഇതോടെ കുഞ്ഞിരാമനും കൂട്ടരും ജാമ്യം ഉടന്‍ ലഭിക്കാതെ അഴിക്കുള്ളിലേക്ക് പോകും. ഇത് പാര്‍ട്ടിക്ക് വലിയ പ്രഹരമാണ്. തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച സിപിഎമ്മിന കനത്ത പ്രഹരമാണ് ഈ വിധി.
കുഞ്ഞിരാമന്‍ ചെയ്തത് ശിക്ഷാനിയമം (IPC) 225ാം വകുപ്പ് പ്രകാരമാണ് കുറ്റകരമാകുന്നത്. മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അധികാരം ദുരുപയോഗം ചെയ്യല്‍, എംഎല്‍എ എന്ന ഉത്തരവാദിത്വത്തിന്റെ ഗുരുതരമായ ലംഘനം എന്നിവയാണിത്. ഐപിസി 225ാം വകുപ്പ് അനുസരിച്ച്, കസ്റ്റഡിയിലായ വ്യക്തികളുടെ രക്ഷപ്പെടലിന് സഹായിക്കുന്നതും, അത് തടയാനുള്ള നിയമപരമായ നടപടികള്‍ തടസ്സപ്പെടുത്തുന്നതും ഗുരുതര കുറ്റങ്ങളാണ്.
സ്വാധീനമുള്ള വ്യക്തിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നടപടികള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളെ ഘടകങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്നതാണ് വസ്തുത. ഈ കേസിന്റെ വിധി ഭാവി രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും അധികാരശ്രേണികളിലെ ഉത്തരവാദിത്വപരമായ സമീപനങ്ങള്‍ക്കും നിര്‍ണായകമാകുമെന്ന് കണക്കാക്കുന്നു. ഇത് കണക്കാക്കി കൊണ്ടാണ് കുഞ്ഞിരാമന് അഞ്ച് വര്‍ഷം ശിക്ഷിച്ചത്.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പെരിയയില്‍ രാത്രിയുടെ മറവില്‍ രണ്ട് യുവാക്കളെ വെട്ടിനുറുക്കി കൊലപ്പെടുത്തി പാര്‍ട്ടി പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ചിലവഴിച്ചത് ഒരു കോടിയിലേറെ രൂപയാണ്. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് തടയാനടക്കം കേസ് നടത്താന്‍ മാത്രമാണ് ഇത്രയും തുക ചിലവഴിച്ചിരിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം സിപിഎമ്മിനെ ഇത്രത്തോളം സമ്മര്‍ദ്ദത്തിലാക്കിയ മറ്റൊരു കേസില്ല.
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട വിധിക്ക് എതിരെ നിയമ പോരാട്ടം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കോടിയിലധികം രൂപയാണ് ചെലവിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണു സിബിഐക്ക് വിട്ടത്. ഇതിനെതിരെയുള്ള നിയമപോരാട്ടം സുപ്രീം കോടതി വരെ നീണ്ടു. കൊലയാളികളെ സംരക്ഷിക്കില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ പക്ഷേ സിബിഐ അന്വേഷണം എന്ന ആവശ്യം ആദ്യം പരിഗണിച്ചില്ല. ഇതോടെ ശരത്‌ലാലിന്റേയും കൃപേഷിന്റേയും കുടുംബം ഹൈക്കോടതിയെ സമീപിച്ചു. അപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ വേട്ടക്കാരുടെ റോളിലാണെന്ന കാര്യം വ്യക്തമായത്.
കുടുംബത്തിന്റെ സിബിഐ അന്വേഷണം എന്ന ആവശ്യത്തെ ഹൈക്കോടതിയില്‍ എതിര്‍ക്കാന്‍ സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകര്‍ പറന്നെത്തി. പലഘട്ടങ്ങളിലായി മുതിര്‍ന്ന അഭിഭാഷകരായ മനീന്ദര്‍ സിങ്, പ്രബാസ് ബജാജ്, രഞ്ജിത്ത് കുമാര്‍, രവി പ്രകാശ് എന്നിവര്‍ ഹൈക്കോടതിയില്‍ എത്തി. വക്കീല്‍ ഫീസിനത്തിലും യാത്രചിലവ്, താമസം എന്നിവയ്ക്കുമായി 97 ലക്ഷം രൂപയാണ് ഖജനാവില്‍ നിന്നും ചിലവഴിച്ചത്. കൃത്യമായി പറഞ്ഞാല്‍ 97,17,359 രൂപ.
വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മൂന്ന് അഭിഭാഷകര്‍ക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. താമസം, ഭക്ഷണം, വിമാനയാത്രക്കൂലി എന്നീ ഇനങ്ങളില്‍ 2.92 ലക്ഷം രൂപയും ചെലവിട്ടു. സ്റ്റാന്‍ഡിങ് കൗണ്‍സലിനെ കൂടാതെ മറ്റൊരു സീനിയര്‍ അഭിഭാഷകനും സുപ്രീം കോടതിയിലും ഹാജരായി. ഈ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരായതിന് 60 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നു.
മനീന്ദര്‍ സിങിന് വക്കീല്‍ ഫീസായി 60 ലക്ഷം രൂപയും 2,18,495 രൂപ താമസം യാത്രക്കൂലി എന്നിവക്കായി സര്‍ക്കാര്‍ നല്‍കി. പ്രബാസ് ബജാജിന് 3 ലക്ഷം രൂപയും രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപയും ഫീസായി നല്‍കി. എന്നാല്‍ ഇത്രയും പണം ചിലവഴിച്ചിട്ടും ഹൈക്കോടതി മുതല്‍ സുപ്രീംകോടതിയില്‍ വരെ സര്‍ക്കാര്‍ തോറ്റു. കേസ് അന്വേഷിക്കാന്‍ സിബിഐ എത്തുകയും ചെയ്തു.
രാഷ്ട്രീയ നഷ്ടങ്ങളെക്കാള്‍ സിപിഎമ്മിനെ വേട്ടയാടുക സിബിഐ അന്വേഷണം എന്ന ശരത്‌ലാലിന്റേയും കൃപേഷിന്റേയും കുടംബത്തിന്റെ ആവശ്യത്തെ പിണറായി സര്‍ക്കാര്‍ നേരിട്ട രീതിയാണ്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ആദ്യ ദിവസം തന്നെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പ്രതിരോധിക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും ജനവികാരം ഉയര്‍ന്നതോടെ രണ്ടാം ദിവസം കേസിലെ ഒന്നാം പ്രതിയും സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമായ എ പീതാംബരന്‍ അറസ്റ്റിലായി.
പിന്നാലെ രണ്ടാം പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ ജോര്‍ജും. പ്രതിഷേധം കടുത്തതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് അഞ്ച് സിപിഎം പ്രവര്‍ത്തകരേയും ഏരിയാ സെക്രട്ടറി അടക്കമുളളവരേയും അറസ്റ്റ് ചെയ്തു. ഹോസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രവും നല്‍കി. എന്നാല്‍ കുടുംബം ഇതില്‍ തൃപ്തരായില്ല. ഇതോടെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ഉയര്‍ന്നത്.
2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത് ലാലിനെയും (23) കൃപേഷിനെയും (19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് 2019 സെപ്റ്റംബറില്‍ അന്വേഷണം സിബിഐക്ക് വിട്ടത്. സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ തള്ളിയതോടെ സിബിഐ അന്വേഷണത്തെ എതിര്‍ത്തു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തി. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ തടസഹര്‍ജിയും നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ 2019 ഡിസംബര്‍ ഒന്നിന് സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുത്തു. 2021 ഡിസംബര്‍ മൂന്നിന് സിബിഐ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്‍കി. കേസില്‍ എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയാണ് ഇന്ന് വിധി പ്രസ്താവിച്ചത്.